Thursday, September 22, 2011

ലോര്‍ക്ക - രണ്ടു ഗാനങ്ങൾ


വസന്തഗീതം


I

കുട്ടികൾ പ്രസരിപ്പോടെ
പള്ളിക്കൂടം വിട്ടു പുറത്തുവരുന്നു
ഏപ്രിലിന്റെ സൗമ്യവായുവിൽ
ആർദ്രഗാനങ്ങളുയർത്തിയും.
ഇടവഴിയുടെ അഗാധമൗനത്തിൽ
ഇതെന്തുമാത്രമാനന്ദം!
തെളിഞ്ഞ പുത്തൻ വെള്ളിച്ചിരിയാൽ
തകർന്നുടഞ്ഞൊരു മൗനം.

II

പൂത്ത തോപ്പുകൾക്കിടയിലൂടെ
സായാഹ്നത്തിന്റെ പാതയിലൂടെ നടക്കുമ്പോൾ
വിഷാദത്തിന്റെ ചോലയെ
വഴിയ്ക്കു ഞാനുപേക്ഷിച്ചുപോന്നു.
ഒറ്റ തിരിഞ്ഞൊരു കുന്നിൽ
ഗ്രാമത്തിലെ സിമിത്തേരി,
തലയോടുകൾ വിതച്ച
പാടം പോലെ.
സൈപ്രസ്മരങ്ങൾ തഴച്ചുനിൽക്കുന്നു
മുടി പച്ചച്ച,
കൺകുഴികൾ മാത്രമായ
കൂറ്റൻ ശിരസ്സുകൾ പോലെ,
ചിന്താകുലരായി, വേദനാനിർഭരരായി,
ചക്രവാളത്തെ നോക്കി ധ്യാനലീനരായി.

ഏപ്രിൽമാസമേ, പാവനേ,
സത്തും സൂര്യനും കേവുമായെത്തിയവളേ,
പുഷ്പിയ്ക്കുന്ന തലയോടുകളിൽ
പൊൻവലകൾ നിറയ്ക്കു നീ!

1919 മാർച്ച് 28


പുതുഗാനം


സായാഹ്നം മന്ത്രിക്കുന്നു: ‘ദാഹാർത്തൻ നിഴലുകൾക്കു ഞാൻ!’
ചന്ദ്രൻ:‘എനിക്കു വേണം നക്ഷത്രങ്ങളെ.‘
പളുങ്കുജലധാരയ്ക്കു വേണം ചുണ്ടുകളെ,
കാറ്റിനു നിശ്വാസവും.

എനിയ്ക്കു ദാഹം പരിമളങ്ങൾക്കും ചിരികൾക്കുമായി,
ദാഹം, ഐറിസ്പൂക്കളില്ലാത്ത, ചന്ദ്രന്മാരില്ലാത്ത,
നഷ്ടപ്രണയങ്ങളില്ലാത്ത
പുതുഗാനങ്ങൾക്കായി.

ഭാവിയുടെ നിശ്ചലതടാകങ്ങളെ വിറക്കൊള്ളിയ്ക്കുന്ന,
അവയുടെയലകളെ, എക്കലിനെ
പ്രത്യാശ കൊണ്ടു നിറയ്ക്കുന്ന
പ്രഭാതഗാനം.

നിറയെ ചിന്തകളുമായി
പ്രശാന്തദീപ്തമായൊരു ഗാനം,
വിഷാദത്തിനും മനോവ്യഥയ്ക്കുമന്യം,
ദിവാസ്വപ്നത്തിനന്യം.

മൗനത്തിൽ ചിരി നിറയ്ക്കുന്ന,
വാക്കുകളുരിച്ചെടുത്തൊരു ഗാനം.
(നിഗൂഢതയിലേക്കു കുടഞ്ഞിട്ട
അന്ധരായ പ്രാപ്പറ്റം.)

വസ്തുക്കളുടെ ആത്മാക്കളിലേക്കു ചെല്ലാൻ,
കാറ്റിന്റെ ആത്മാവിലേക്കു ചെല്ലാനൊരു ഗാനം;
ചിരന്തനഹൃദയത്തിന്റെ ധന്യതയിൽ
ഒടുവിൽ ചെന്നുകിടന്നുറങ്ങാനും.

1920 ആഗസ്റ്റ്