Tuesday, September 6, 2011

ഫെർണാണ്ടോ പെസ് വാ - എന്റെ ആത്മാവ്





ട്രെയിനിൽ നിന്നു ഞാനിറങ്ങി...




ട്രെയിനിൽ നിന്നു ഞാനിറങ്ങി,
വണ്ടിയിൽവച്ചു കണ്ടയാളോടു ഞാൻ യാത്രയും പറഞ്ഞു.
പതിനെട്ടു മണിക്കൂർ ഞങ്ങളൊരുമിച്ചുണ്ടായിരുന്നു,
രസകരമായൊരു സംഭാഷണവും ഞങ്ങൾ നടത്തി,
യാത്രയ്ക്കിടയിലെ സൗഹൃദം.
ഇറങ്ങുമ്പോളെനിക്കു വിഷമം തോന്നി,
എനിക്കു പേരറിയാത്ത ആ യാദൃച്ഛികസുഹൃത്തിനെ പിരിയുന്നതിൽ
എനിക്കു വിഷമമായിരുന്നു.
എന്റെ കണ്ണു നിറയുന്നതു ഞാനറിഞ്ഞു...
ഏതു വിടപറയലും ഒരു മരണമാണ്‌.
അതെ, ഏതു വിടപറയലും മരണം തന്നെ.
ജീവിതമെന്നു നാം പേരിട്ടിരിക്കുന്ന ഈ തീവണ്ടിയിൽ
ഓരോരുത്തരുടെയും  ജീവിതത്തിൽ നടക്കുന്ന
യാദൃച്ഛികസംഭവങ്ങളാണു നാം.
ഇറങ്ങാൻ സമയമാവുമ്പോൾ നമുക്കു വിഷമവും തോന്നുന്നു.


മാനുഷികമായതൊക്കെ എന്റെ ഹൃദയത്തെ സ്പർശിക്കുന്നു,
ഞാനൊരു മനുഷ്യനാണല്ലോയെന്നതിനാൽ.
മാനുഷികമായതൊക്കെ എന്നെ സ്പർശിക്കുന്നുവെങ്കിൽ
മനുഷ്യന്റെ ആശയങ്ങളോടും മനുഷ്യന്റെ സിദ്ധാന്തങ്ങളോടും
എനിക്കു മമതയെന്തെങ്കിലുമുള്ളതുകൊണ്ടല്ല,
മനുഷ്യവര്‍ഗ്ഗവുമായി എനിക്കുള്ള അനന്തസംസര്‍ഗ്ഗം  കൊണ്ടു മാത്രം.


പീഡനമേ ആ വീട്ടിൽ നിന്നു തനിക്കു കിട്ടിയിട്ടുള്ളുവെങ്കിലും
അവിടെ നിന്നു പോകാനിഷ്ടമില്ലാതെ
ഗൃഹാതുരത്വത്തോടെ അതിനെയോർത്തു കരയുന്ന വേലക്കാരി...

ഇതെല്ലാം, എന്റെ ഹൃദയത്തിനുള്ളിൽ, മരണമാണ്‌,
ലോകത്തിന്റെ ശോകമാണ്‌.
ഇതെല്ലാം എന്റെ ഹൃദയത്തിനുള്ളിൽ ജീവിക്കുന്നു,
മരിക്കുമതെന്നതിനാൽ.

എന്റെ ഹൃദയം  ഈ മുഴുവന്‍പ്രപഞ്ചത്തേക്കാളുമല്പം കൂടി വലുതുമാണ്.

1934 ജൂലൈ 4


എന്റെ ആത്മാവ്


ഉള്ളിൽ ഈ രാത്രി - ഈ പ്രപഞ്ചം- എന്നു തീരും,
എനിക്ക് - എന്റെ ആത്മാവിന്‌- അതിന്റെ പകലെന്നു കിട്ടും?
ഈ ഉണർന്നിരിപ്പിൽ നിന്നെന്നു ഞാനുണരും?
എനിക്കറിയില്ല.
ഉയരത്തിൽ സൂര്യൻ തിളങ്ങുന്നു,
അതിനെ നേരെ നോക്കുകയെന്നതില്ല.
നക്ഷത്രങ്ങൾ തണുത്തുമിന്നുന്നു,
അവയുടെ എണ്ണമെടുക്കുകയെന്നതില്ല.
ഹൃദമകന്നുനിന്നു മിടിയ്ക്കുന്നു,
അതു കാതിൽപ്പെടുകയെന്നതില്ല.
എന്നാണ്‌ അരങ്ങില്ലാത്ത ഈ നാടകം തീർന്ന്
-അതോ നാടകമില്ലാത്ത അരങ്ങോ-
എനിക്കൊന്നു വീട്ടിൽ പോകാനാവുക?
എവിടെ? എങ്ങനെ? എപ്പോൾ?
ജീവിതത്തിന്റെ കണ്ണുകൾ വച്ചെന്നെയുറ്റുനോക്കുന്ന പൂച്ചേ,
നിന്റെയാഴങ്ങളിൽ പമ്മിയിരിക്കുന്നതാരോ?
അതവൻ! അതവൻ തന്നെ!
ഇശയ്യാവിനെപ്പോലവൻ കല്പിക്കും
സൂര്യനവിടെ നിൽക്കട്ടെയെന്ന്,
ഞാനുണരും, പകലുമാവും.
മയക്കത്തിലൊന്നു മന്ദഹസിക്കൂ, എന്റെയാത്മാവേ!
മന്ദഹസിക്കൂ, ആത്മാവേ: പകലാവുകയാണ്‌!

1933 നവംബർ 7

മുഖംമൂടി മാറ്റി...


മുഖംമൂടി മാറ്റി കണ്ണാടിയിൽ ഞാൻ നോക്കി.
വർഷങ്ങൾക്കു മുമ്പത്തെ അതേ കുട്ടി തന്നെ ഞാൻ.
ഞാനൊട്ടും മാറിയിട്ടില്ല...

മുഖംമൂടി മാറ്റാനറിയുന്നതിന്റെ ഗുണമാണത്.
നിങ്ങൾ അതേ കുട്ടി തന്നെ,
ജീവിക്കുന്ന ഭൂതകാലം,
കുട്ടി.

മുഖംമൂടി ഞാനെടുത്തുമാറ്റി, ഞാനതു തിരിയെ വച്ചു.
അതാണു കൂടുതൽ ഭേദം.
മുഖംമൂടിയാവുകയാണു ഞാനതുവഴി.

പിന്നെ ഞാൻ പതിവുജീവിതത്തിലേക്കു മടങ്ങുന്നു,
എന്നും കാത്തുനില്ക്കുന്ന ബസ്റ്റോപ്പിലേഖെന്നപോലെ.
1934 ആഗസ്റ്റ് 11


അൽവാരോ ദെ കാമ്പോസ് എന്ന അപരനാമത്തിൽ എഴുതിയത്


2 comments:

dilsha said...

njan adyamayitanivide. manasil oru noorayiram sandoshangal daivam oppam nalkiyathu pole
enikku vayikkan sadikkaname ennu njan prarthicha palthum ivide kanan sathichu

ee udyamathin othiri nanni

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

ഏട്ടാ വളരെ നന്നായിട്ടുണ്ട് .. ദില്‍ഷ പറഞ്ഞിട്ടാ ഞാനീ ബ്ലോഗില്‍ എത്തുന്നത്‌ ..
എന്തോ .... അതിസുന്ദരം .. നന്മകള്‍ നേരുന്നു ..