ഒരാൾ അതെ എന്നു പറയുകയാണ്
ചോദ്യമെന്തായിരുന്നുവെന്നു ബോദ്ധ്യമാകും മുമ്പുതന്നെ,
അയാൾ കെണിഞ്ഞുപോവുകയാണ് പിന്നെ,
കെട്ടിയെടുത്തുകൊണ്ടു പോവുകയാണയാളെപ്പിന്നെ
സ്വന്തം കൊക്കൂണിൽ നിന്നു മോചനവുമില്ലയാൾക്കു പിന്നെ.
ഇതായിപ്പോയി നമ്മുടെ ഗതി,
അന്യമനുഷ്യരുടെ ആഴക്കിണറ്റിലേക്ക്
നിരന്തരം വീണുകൊണ്ടിരിക്കുകയാണു നാം;
ഒരു ചരടു വന്നു നമ്മുടെ കഴുത്തിൽ മുറുകുന്നു,
ഇനിയൊന്നു നമ്മുടെ കാലുകൾ വരിയുന്നു,
പിന്നെ നമുക്കൊന്നുമാവില്ല,
കിണറ്റിനുള്ളിൽക്കിടന്നു പിടയ്ക്കുകയല്ലാതെ-
ആർക്കുമാവില്ല അന്യമനുഷ്യരിൽ നിന്നു നമ്മെ രക്ഷിക്കാൻ.
സംസാരിക്കാൻ നമുക്കറിയാത്തപോലെയാണത്;
വാക്കുകൾ നമ്മെ വിട്ടുപോകുമ്പോലെയാണത്,
കെണികളിലും ചരടുകളിലും നാം കെട്ടുപിണയവെ
നമ്മെ ഒറ്റയ്ക്കാക്കി വാക്കുകൾ കടന്നുകളഞ്ഞിരിക്കുന്നു.
എത്ര പെട്ടെന്നിതിങ്ങനെയായി;
നമുക്കൊന്നും തിരിയാതെയായി,
അതിലാണ്ടുകിടക്കുകയാണു നാം പക്ഷേ,
ഇനിയൊരുനാളുമൊരുനാളും നമുക്കു കിട്ടില്ല,
കളിച്ചുനടക്കുന്ന കുട്ടികളായിരുന്നപ്പോൾ
നമുക്കുണ്ടായിരുന്ന കണ്ണുകൾ.
ആ കണ്ണുകൾ നമുക്കടഞ്ഞുപോയി,
ഇന്നു നമ്മുടെ കൈകൾ പുറപ്പെടുന്നതും
മറ്റേതോ കൈക്കുഴകളിൽ നിന്ന്.
അതിനാൽ നിങ്ങളുറങ്ങുമ്പോൾ
സ്വന്തം സ്വപ്നവുമൊത്തേകനാണു നിങ്ങൾ,
നിങ്ങൾക്കു മാത്രമവകാശമായ ഒരേയൊരു സ്വപ്നത്തിന്റെ ഇടനാഴികളിൽ
സ്വച്ഛന്ദമോടിക്കളിക്കുകയാണു നിങ്ങൾ.
നമ്മുടെ സ്വപ്നങ്ങൾ കവരുവാൻ വിട്ടുകൊടുക്കരുതേ,
കിടക്കയിലും വരിഞ്ഞുകെട്ടാൻ കിടന്നുകൊടുക്കരുതേ.
നിഴലുകളിലള്ളിപ്പിടിയ്ക്കുക നാം,
ചുമരുകളിൽ പിടിച്ചുപിടിച്ചു
സ്വന്തം മറവിൽ നിന്നു നാം പുറത്തുവരുമോയെന്നു നോക്കുക,
കാത്തുകിടക്കുക,
വെളിച്ചമുണ്ടാവുമ്പോളതിനെ കടന്നുപിടിയ്ക്കുക,
പിന്നെയതു തന്നെയാവട്ടെ
നമ്മുടെ പകലുകൾക്കു നിത്യസൂര്യൻ.
No comments:
Post a Comment