വഴിയിലെ വെറും പൊടിയായിരുന്നു ഞാനെങ്കിൽ...
വഴിയിലെ വെറും പൊടിയായിരുന്നു ഞാനെങ്കിൽ,
പാവങ്ങളുടെ കാലടികൾ എന്നെച്ചവിട്ടിക്കടന്നുപോയെങ്കിൽ...
ഒഴുകുന്ന പുഴകളായിരുന്നു ഞാനെങ്കിൽ,
എന്റെയിരുകരകളിലും അലക്കുകാരികളുണ്ടായിരുന്നെങ്കിൽ...
പുഴയ്ക്കരികിലെ പോപ്ളാർമരങ്ങളായിരുന്നു ഞാനെങ്കിൽ,
എനിക്കു മേലാകാശവും താഴെ വെള്ളവും മാത്രമായിരുന്നെങ്കിൽ...
ഞാനൊരു മില്ലുകാരന്റെ കഴുതയായിരുന്നെങ്കിൽ,
അയാളെന്നെ തല്ലുകയും പൊന്നുപോലെ നോക്കുകയും ചെയ്തിരുന്നെങ്കിൽ...
ജീവിതത്തെ തിരിഞ്ഞുനോക്കി നെടുവീർപ്പിടുന്നൊരാളാവുന്നതിനേക്കാൾ
ഇങ്ങനെ ജീവിതത്തിലൂടെ കടന്നുപോകുന്നതേ ഭേദം...
1914
അളിഞ്ഞ തീയുടെ പെരുവ്രണം പോലെ...
അഴുക്കു പിടിച്ച തീയുടെ പെരുംവ്രണം പോലെ
അവശിഷ്ടമേഘങ്ങൾക്കിടയിൽ സൂര്യൻ താറുന്നു.
അതിശാന്തമായ സായാഹ്നത്തിൽ
വിദൂരതയിൽ നിന്നൊരു പതിഞ്ഞ ചൂളം;
അതൊരു തീവണ്ടിയുടേതാവണം.
ആ മുഹൂർത്തത്തിൽ ഒരവ്യക്താഭിലാഷം എന്നെ വന്നുബാധിക്കുന്നു,
അവ്യക്തവും സൗമ്യവുമായ ഒരാഗ്രഹം,
വന്നതും, വന്നപോലെ മാഞ്ഞുപോകുന്നതും.
അരുവികളുടെ പ്രതലങ്ങളിൽ ചിലനേരം
കുമിളകൾ പൊന്തിയുടയുന്നതുമതുപോലെ,
അതിനു പ്രത്യേകിച്ചൊരർത്ഥം പറയാനുമില്ല,
പൊന്തിയുടയുന്ന കുമിളകളാണവയെന്നല്ലാതെ.
വഴിയിലൂടൊരു കുതിരവണ്ടി...
വഴിയിലൂടൊരു കുതിരവണ്ടി കടന്നുപോയി;
അതുകൊണ്ടു വഴിയ്ക്കു ഭംഗി കൂടിയെന്നൊന്നുമില്ല,
അതിന്റെ ഭംഗി കെട്ടതുമില്ല.
ബാഹ്യലോകത്തൊരു മനുഷ്യകർമ്മം നടന്നുവെന്നേയുള്ളു.
നാമൊന്നുമെടുക്കുന്നില്ല, ഒന്നും കൊണ്ടുവയ്ക്കുന്നുമില്ല,
നാം കടന്നുപോകുന്നു, പിന്നെ മറന്നും പോകുന്നു;
സൂര്യന്റെ സമയനിഷ്ഠയ്ക്ക് ഒരുനാളും ഭംഗവുമില്ല.
ജൂലൈ 5 1914
എന്നോടവർ പറയുകയാണ്...
എന്നോടവർ പറയുകയാണ് മനുഷ്യരെപ്പറ്റി, മനുഷ്യരാശിയെപ്പറ്റി,
മനുഷ്യരെപ്പക്ഷേ ഞാൻ കണ്ടിട്ടില്ല, മനുഷ്യരാശിയേയും.
ഞാൻ കണ്ടിരിക്കുന്നതു കിടിലം കൊള്ളിയ്ക്കുന്നരീതിയിൽ
മറ്റൊരാളിൽ നിന്നു വ്യത്യസ്തനായൊരു മനുഷ്യനെ,
മനുഷ്യരില്ലാത്തൊരിടം കൊണ്ടൊന്നിനൊന്നു വേർപെട്ടവരെ.
ആല്ബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്
ചിത്രം- പന്തുകളിക്കാർ - ഹെന്റി റൂസ്സോ (വിക്കിമീഡിയ)
No comments:
Post a Comment