Monday, September 12, 2011

റൂമി–മറ്റൊരു തരം


നിന്റെയൊപ്പമിരിക്കുമ്പോൾ...


നിന്റെയൊപ്പമിരിക്കുമ്പോൾ
പ്രണയം കൊണ്ടെനിക്കുറക്കം വരില്ല,
നിന്നെപ്പിരിഞ്ഞാലോ
കണ്ണീരു കൊണ്ടെനിക്കുറക്കം വരില്ല.
എത്ര വിചിത്രം ദൈവമേ,
രണ്ടുനാളത്തെയുറക്കമൊഴിക്കൽ;
എത്ര വ്യത്യസ്തം പക്ഷേ,
രണ്ടുതരമുണർന്നിരിക്കലും!



പ്രണയമല്ലാതൊരു സഹചരനെനിക്കില്ല...

പ്രണയമല്ലാതൊരു സഹചരനെനിക്കില്ല,
തുടക്കമില്ല, ഒടുക്കമില്ല, പുലർച്ചയില്ല.
ഉള്ളിലിരുന്നാത്മാവു വിളിയ്ക്കുന്നു:
‘പ്രണയത്തിന്റെ വഴിയറിയില്ല നിനക്കെങ്കിൽ
ഈ കൂടു തുറന്നെന്നെ വിട്ടയയ്ക്കെന്നേ!’



സ്വപ്നം കണ്ടു ഞാൻ...

സ്വപ്നം കണ്ടു ഞാൻ മദിര പകരുമൊരുവനെ,
അതിമോഹനനെ,
കരതലത്തിലമൃതം തുടുത്ത ചഷകവുമായി,
സേവകഭാവത്തിന്റെ പാരമ്യവുമായി.
ഇവൻ തന്നെയാവുമോ നമുക്കു യജമാനൻ?



കുടിച്ചു മതികെട്ടവനെപ്പോലെ...

കുടിച്ചു മതികെട്ടവനെപ്പോലെയാണു കാമുകനെന്നും,
അവന്റെയുള്ളിലിരിക്കില്ല രഹസ്യങ്ങളൊന്നും,
ഉന്മത്തൻ, ഭ്രമിച്ചവൻ, പ്രണയത്തിൽപ്പെട്ടവൻ.
സ്വബോധത്തിലിരിക്കുകയെന്നാൽ
എന്തിലും വേവലാതിയെന്നുതന്നെ.
കുടിച്ചു ബോധം പോയാലോ,
വരുന്നതു വരട്ടേയെന്നും!



പ്രണയം നമ്മുടെ പ്രവാചകനു...

പ്രണയം നമ്മുടെ പ്രവാചകനു വഴിയും ദിശയും,
നമുക്കു ജന്മം തന്നതു പ്രണയം; പ്രണയം നമുക്കമ്മ.
അമ്മേ, ഉടലിന്റെ പടുതയ്ക്കു പിന്നിൽ നീ മറയുന്നു,
ഞങ്ങളുടെ ദ്വേഷപ്രകൃതം നിന്നെ മറയ്ക്കുന്നു.



താനാവണമെങ്കിൽ...

താനാവണമെങ്കിൽ തന്നിൽ നിന്നു പുറത്തുവരൂ,
ആഴം കുറഞ്ഞ ചാലു വിട്ടുപോരൂ,
നിറഞ്ഞൊഴുകുന്ന പുഴയിലൊഴുകിച്ചേരൂ.
ചക്കാലന്റെ ചക്രം തിരിക്കുന്ന കാളയാവരുതേ,
തലയ്ക്കു മേൽ തിരിയുന്ന നക്ഷത്രങ്ങൾക്കൊത്തു തിരിയൂ.



മറ്റൊരു തരം

നമുക്കു തന്നിരിക്കുന്നു മറ്റൊരു തരം ഭാഷ,
സ്വർഗ്ഗവും നരകവുമല്ലാതൊരിടവും;
ഹൃദയങ്ങൾ സ്വതന്ത്രമായവർക്കാത്മാവു മറ്റൊരു തരം,
മറ്റൊരു തരം ഖനിയിൽ നിന്നു കുഴിച്ചെടുത്ത നിർമ്മലരത്നം.



അവളാനന്ദിക്കട്ടെ

സ്വർഗ്ഗത്തിൽ നിന്നൊരപ്പത്തിന്റെ പാതി കിട്ടിയവൾ,
സ്വന്തമാത്മാവു കൊണ്ടൊരു കുഞ്ഞുകൂടു നേടിയവൾ,
ആരെയും കാംക്ഷിക്കാത്തവ,ളാരും കാംക്ഷിക്കാത്തവൾ-
അവളാനന്ദത്തോടെ ജീവിക്കട്ടെ,
അവൾക്കുണ്ടല്ലോ ഒരാനന്ദപ്രപഞ്ചം.



നിന്നോടു പ്രേമത്തിലായി ഞാൻ…


നിന്നോടു പ്രേമത്തിലായി ഞാൻ.
ഉപദേശമെന്നിലെങ്ങിനെയേശാൻ?
വിഷം കുടിച്ചുകഴിഞ്ഞു ഞാൻ,
എന്തിനു പിന്നെ മധുരിക്കുന്ന പലഹാരം?
എന്നെപ്പൂട്ടിയിടൂയെന്നവർ പറയുന്നു,
എന്റെയുന്മത്തഹൃദയത്തെ എങ്ങിനെയവർ ബന്ധിക്കാൻ?


 

No comments: