Saturday, September 24, 2011

നെരൂദ - ഒരു ഗീതകം, ചില പൈൻമരങ്ങൾ ചേർന്നതും


File:Neruda Argentina.jpg



നീളം വച്ച പകലുകളുടെ പാതിവെയിലിൽ
നമ്മുടെ തളർന്ന അസ്ഥികളെ നാം കിടത്തുക

നമ്മോടുൾക്കൂറു കാട്ടാതിരുന്നവരെ നാം മറക്കുക
നിർവികാരരായ സ്നേഹിതരെയും

പൈൻമരങ്ങൾക്കു മേൽ സൂര്യൻ താറുന്നു
ഇതറിയാത്തവരെ നാം മറക്കുക

ഭൂമിയിലുണ്ടന്യഭൂമികളെന്ന്
മന്ദഗതിക്കാരുടെ രാഷ്ട്രങ്ങളുണ്ടെന്ന്

സന്തുഷ്ടചിത്തരെ നാം മറന്നേക്കുക
അവരുടെ വയ്പ്പുപല്ലുകളെയും

മൃദുലഹൃദയരുറക്കമായിക്കോട്ടെ
പതുപതുത്ത തൂവൽക്കിടക്കകളിൽ

നിങ്ങളറിയണം ഓരോരോ കല്ലുകളെ
നിറയെ രഹസ്യങ്ങളും അടരുകളുമുള്ളവയെ

നിങ്ങളറിയണം തളിരിടുന്ന വെളിച്ചത്തോടൊപ്പമുണരാൻ
തീവണ്ടികളുടെ വ്യഥകളോടൊപ്പമുണരാൻ

നമ്മോടൊപ്പമെന്നും യാത്ര ചെയ്ത
മണ്ണിന്റെ മൊരികളെ തൊടാൻ

നാം മറക്കുക വ്രണിതഹൃദയനെ
ഒരേയൊരു തിരിച്ചടിയും കാർന്നുകാർന്നിരിക്കുന്നവനെ

മരങ്ങൾ മുകളിൽ തുറന്നിടുന്നു
അർദ്ധവൃത്തത്തിലൊരു മാനം

അതിനെ ഛേദിക്കുന്നു പൈനിലകളും നിഴലുകളും
ഇല കൊഴിയ്ക്കുന്ന വായുവും

ഹൃദയവിശാലതയോടെ നാം മറക്കുക
നമ്മെ സ്നേഹിക്കാത്തവരെ

നരകാഗ്നി നോക്കി നടന്നവരെ
നമ്മെപ്പോലെതന്നെ വിസ്മൃതിയിൽ വീണവരെ

ഇതുപോൽ മഹത്തായതൊന്നുമില്ല
അതികാലത്തെ കടൽനുര പോലെ

ഒരു നായ വരുന്നു കടൽ മണക്കുന്നു
വിശ്വാസമായിട്ടില്ലവനു വെള്ളത്തെ

തിരകൾ നിര മുറിയാതെ വരികയുമാണ്‌
വെള്ളയുടുപ്പിട്ട സ്കൂൾക്കുട്ടികളെപ്പോലെ

സൂര്യനുപ്പിന്റെ ചുവ
കടൽപ്പായലിന്റെ ശവമുറിയിൽ
ജനനത്തിന്റെയും മരണത്തിന്റെയും ഗന്ധങ്ങൾ

നമ്മുടെ ശൂന്യത തേടുന്നതെന്തിനെ?
അന്യർ നമ്മെ ഉപേക്ഷിക്കുന്നതെവിടെ?

നമുക്കു നല്ലതാണൊരു മാറ്റം
വേഷത്തിന്റെ തൊലിയുടെ മുടിയുടെ തൊഴിലിന്റെ

മണ്ണിനെയൊന്നറിയുന്നതും
കാലത്തു ഭാര്യയ്ക്കൊരുമ്മ കൊടുക്കുന്നതും

തെളിഞ്ഞ വായുവിലിഴുകുന്നതും
പ്രഭുവർഗ്ഗത്തെ വെറുക്കുന്നതും

മൂടൽമഞ്ഞിൽ നിന്നു മൂടൽമഞ്ഞിലേക്കു
ഞാനെന്റെ തൊപ്പിയും തുഴഞ്ഞുപോയപ്പോൾ

ഒരാളുമുണ്ടായില്ല എനിക്കു വഴി കാട്ടാൻ
ബഹുകാര്യവ്യാപൃതരായിരുന്നു സർവരും

പലതുമുണ്ടായിരുന്നു അവർക്കു വിൽക്കാൻ
ഞാനാരെന്നൊരാളും ചോദിച്ചുമില്ല

പിന്നെ ഞാനൊടുവിൽ എന്നെത്തന്നെ മുന്നിൽക്കണ്ടു
ഒരു പുഞ്ചിരി എന്നെ വന്നുരുമ്മി

ഇലച്ചാർത്തിന്റെ പാതിമാനത്ത്
നമ്മുടെ തളർച്ചയുമായി നാം രാജിയാവുക

വേരുകളോടു നാം സംഭാഷണം ചെയ്യുക
മോഹംഭംഗം വന്ന തിരകളോടും

തിടുക്കം നാം മറക്കുക
മിടുക്കന്മാരുടെ പല്ലുകളെയും

നാം മനസ്സിൽ നിന്നു കളയുക
നമ്മെ ദ്വേഷിക്കുന്നവരുടെ നാനാവകയെ

ഭൂബദ്ധമാകട്ടെ നമുക്കു ജീവനം
സ്വന്തമാത്മാക്കളാൽ ഭൂമിയെ തൊടുമാറുമാകട്ടെ നാം.


 

No comments: