Sunday, September 11, 2011

അന്തോണിയോ മച്ചാദോ - ഗ്രനാഡയിലായിരുന്നു ആ പാതകം

File:Lorca (1914).jpg

ഫെദറിക്കോ ഗാർസിയ ലോർക്കയ്ക്ക്

1. പാതകം

ചുറ്റും തോക്കുകളുമായി അവൻ നടന്നുപോകുന്നതായിക്കണ്ടു,
ദീർഘിച്ചൊരു തെരുവിലൂടെ,
ആദ്യതാരങ്ങളണഞ്ഞുതീരാത്ത
കുളിരുന്ന പാടത്തൂടെ.
പിന്നെ പ്രഭാതം കണ്മിഴിച്ചപ്പോൾ
ഫെദറിക്കോയെ അവർ കൊന്നു.
അവന്റെ നോട്ടത്തിനു മുന്നിൽ ചൂളുകയായിരുന്നു
ആരാച്ചാരന്മാരുടെ ആ സംഘം.
കണ്ണുമടച്ചുകൊണ്ടവർ പിറുപിറുത്തു:
‘ദൈവം തന്റെ തുണയ്ക്കെത്തുമോയെന്നു നോക്കട്ടെ!’
ഫെദറിക്കോ മരിച്ചുവീണു
-നെറ്റിയിൽ ചോരയുമായി, വയറ്റിൽ കറുത്തീയവുമായി-
ഗ്രനാഡയായിരുന്നു പാതകത്തിന്റെ രംഗം.
നോക്കൂ - പാവം ഗ്രനാഡ-, അവന്റെ ഗ്രനാഡ...


2. മരണവും കവിയും

അവൾ മാത്രം കൂടെയായി അവൻ നടന്നുപോകുന്നതായിക്കണ്ടു,
അവളുടെ കൊടുവാളിനെ ഭയക്കാതെ.
മേടകളിൽ, മേടകളിൽ വെയിലു പിടിച്ചു,
അടകല്ലുകളിൽ കൂടങ്ങൾ മാറ്റൊലിച്ചു,
ആലകളി
,ലകളി, അടകല്ലുകളിൽ.

മരണത്തിനു മുഖസ്തുതി പാടുകയായിരുന്നു,
ഫെദറിക്കോ.
അവളതു കേൾക്കുകയുമായിരുന്നു.
‘മാംസമില്ലാത്ത നിന്റെ കൈപ്പടങ്ങൾ മുട്ടുന്ന-
തെന്റെ കവിതകളിൽ മുഴങ്ങിയതിന്നലെത്തന്നെയായിരുന്നല്ലോ, തോഴീ.
എന്റെ പാട്ടുകൾക്കു മഞ്ഞിന്റെ കുളിരു നല്കിയതു നീ,
എന്റെ ദുരന്തനാടകങ്ങൾക്കു നിന്റെ കൊടുവാളിന്റെ വെള്ളിമൂർച്ച നല്കിയതും നീ.
അതിനാലിന്നു ഞാൻ കീർത്തിയ്ക്കാം,
നിനക്കില്ലാതെപോയ മാംസത്തെ,
നിന്റെ ശൂന്യനേത്രങ്ങളെ,
കാറ്റു പിടിച്ച നിന്റെ മുടിയെ,
ഒരുകാലം ചുംബനങ്ങൾ പതിഞ്ഞ നിന്റെ രക്താധരങ്ങളെ...
ഇനിയെന്നുമ്പോലെന്റെ മരണമേ, ജിപ്സിപ്പെണ്ണേ,
നീ മാത്രം കൂടെയായി നടക്കാനെന്തു സുഖം,
ഈ ഗ്രനാഡയിലെ തെന്നലിൽ, എന്റെ ഗ്രനാഡയിൽ!


3.

അവൻ നടന്നുപോകുന്നതായിക്കണ്ടു...
സ്നേഹിതരേ,
കല്ലും കിനാവും കൊണ്ടൊരു സ്മാരകം പണിയൂ കവിയ്ക്ക്,
അൽഹംബ്രയിൽ, ഒരു ജലധാരയ്ക്കു മേൽ,
ജലത്തിന്റെ നിത്യവിലാപമതിലൊഴുകട്ടെ:
ഗ്രനാഡയിലായിരുന്നു ആ പാതകം, അവന്റെ ഗ്രനാഡയിൽ.



1936 ആഗസ്റ്റ് 19നാണ്‌ ലോർക്കയുടെ കൊല നടക്കുന്നത്. വാലെൻഷ്യായിൽ നടന്ന ഒരു റിപ്പബ്ളിക്കൻ റാലിയിൽ മച്ചാദോ ഈ കവിത വായിച്ചു. ഒരു കത്തിൽ മച്ചാദോ ഇങ്ങനെ എഴുതുന്നു: ‘ലോർക്കയുടെ മരണം എന്നെ വല്ലാതെ സങ്കടപ്പെടുത്തി...മൂഢമായൊരു പാതകം എന്നെന്നേക്കുമായി ആ ശബ്ദത്തിന്റെ വായടപ്പിച്ചിരിക്കുന്നു...ഗാർസിയ ലോർക്കയ്ക്കു സമർപ്പിച്ച ഈ വരികൾ വീണ്ടും വായിക്കുമ്പോൾ (അപൂർവമായേ ഞാനങ്ങനെ ചെയ്യാറുള്ളു) നിർവ്യാജമായൊരു ശോകത്തിന്റെ ആവിഷ്കാരം ഞാനതിൽ കാണുന്നു, അത്ര കാവ്യാത്മകമായൊരു വിപുലനമല്ല അതെങ്കിലും; ഒപ്പം ഏതു കവിതയുടെയും അവശ്യഘടകമായതൊന്നും: പരുഷമായൊരു നീരസം. എന്നു പറഞ്ഞാൽ ഗ്രനാഡയ്ക്കെതിരെ ഒരു കുറ്റാരോപണം. സ്പെയിനിലെ ഏറ്റവും മൂഢമായൊരു നഗരമാണ്‌ ഗ്രനാഡ എന്നതാണു വസ്തുത. ഒറ്റപ്പെടലു കൊണ്ടും ജീർണ്ണവും അലസവുമായൊരു കുലീനവർഗ്ഗത്തിന്റെയും തീർത്തും പ്രാദേശികമായൊരു മദ്ധ്യവർഗ്ഗത്തിന്റെയും സ്വാധീനം കൊണ്ടും തൃപ്തമായ ഒരു നഗരം. ഗ്രനാഡയ്ക്ക് അതിന്റെ കവിയെ പ്രതിരോധിക്കാമായിരുന്നില്ലേ? ആകാമായിരുന്നുവെന്ന് എനിക്കു തോന്നുന്നു. രാഷ്ട്രീയമായി ലോർക്ക നിരുപദ്രവിയാണെന്നും ഫെദറിക്കോ സ്നേഹിച്ച, അയാൾ പാട്ടുകൾ ശേഖരിച്ച സാമാന്യജനത ’ഇന്റെർനാഷണൽ‘ പാടുന്നവരായിരുന്നില്ലെന്നുമുള്ള വസ്തുത ആ ഫാസിസ്റ്റ്കൊലയാളികളെ ബോദ്ധ്യപ്പെടുത്താൻ  അനായാസമായി അതിനു കഴിയുമായിരുന്നു. 


ഗ്രനാഡ - ആന്ദലൂഷ്യൻ നഗരം. മൂറിഷ് സംസ്കാരത്തിന്റെ ശേഷിപ്പായ അൽഹംബ്ര എന്ന കോട്ട ഇവിടെയാണ്‌.


ലോര്‍ക്കയുടെ ഗ്രനാഡ - ന്യൂയോര്‍ക്ക്‌ ടൈംസ്‌ ലേഖനം


images from wikimedia