പ്രേമത്തിന്റെ തോന്നലുണ്ടായതിൽപ്പിന്നെ...
പ്രേമത്തിന്റെ തോന്നലുണ്ടായതിൽപ്പിന്നെ,
പരിമളങ്ങളെയും ഞാൻ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു.
പൂക്കൾക്കു മണമുണ്ടെന്നതു പണ്ടു ഞാൻ ശ്രദ്ധിച്ചിട്ടേയില്ല.
ഇന്നവയുടെ വാസന ഞാനറിയുന്നു,
പുതുതൊന്നാണു ഞാൻ കാണുന്നതെന്നപോലെ.
പണ്ടുമവയ്ക്കു മണമുണ്ടായിരുന്നുവെന്നെനിയ്ക്കറിയാം,
ഈ ഞാനുള്ള പോലെ നിശ്ചയമായി.
അന്നു ഞാനറിഞ്ഞതു പുറമേയ്ക്കുള്ളത്.
ഇന്നെന്റെ പിൻകഴുത്തിലൊരു ചുടുനിശ്വാസം വീഴുമ്പോൾ
ഉള്ളിൽ ഞാനതറിയുന്നു.
ഇന്നു പൂക്കൾ വാസനിയ്ക്കുന്നതെത്ര ഹൃദ്യമായി!
ചിലനേരമുറക്കമുണരുമ്പോൾ
കാണും മുമ്പേ ഞാൻ മണത്തും തുടങ്ങുന്നു!
1930 ജൂലൈ 23
വഴിയിലെ വളവിനുമപ്പുറം
വഴിയിലെ വളവിനുമപ്പുറം
ഒരു കിണറുണ്ടെന്നാവാം, ഒരു കോട്ടയുണ്ടെന്നാവാം,
വഴിയുടെ തുടർച്ച മാത്രമേയുള്ളുവെന്നുമാകാം.
അതൊന്നുമെനിക്കറിയില്ല,
അതേക്കുറിച്ചു ഞാൻ ചോദിക്കുന്നുമില്ല.
വളവിനു മുമ്പുള്ള വഴിയിലായിരിക്കുന്നിടത്തോളം കാലം,
വളവിനു മുമ്പുള്ള വഴിയിലേക്കേ ഞാൻ നോക്കുന്നുള്ളു,
എന്തെന്നാൽ, വളവിനു മുമ്പുള്ള വഴിയേ എനിക്കു കണ്ണിൽപ്പെടുന്നുള്ളുവല്ലോ.
അപ്പുറത്തേക്കു നോക്കിയിട്ടെനിക്കു ഗുണമൊന്നുമില്ല,
എന്റെ കാഴ്ചയിൽ പെടാത്തതിനെ നോക്കിയിട്ടും.
നാമെവിടെയോ, അവിടെയാകട്ടെ നമ്മുടെ ശ്രദ്ധ.
മറ്റെവിടെയുമല്ല, ഇവിടെത്തന്നെയുണ്ട് വേണ്ടത്ര ഭംഗി.
വളവിനപ്പുറത്തെ വഴിയിലും ആളുകളുണ്ടെങ്കിൽ,
അവരാവലാതിപ്പെടട്ടെ, വളവിനപ്പുറത്തെന്താണെന്നതിനെക്കുറിച്ച്.
അതാണ് അവർക്കു വഴി.
ഒരുകാലത്തു നാമവിടെയെത്തുമെങ്കിൽ
അന്നു നമുക്കതൊക്കെയറിയാം.
ഇന്നു നമുക്കറിയാവുന്നത് നാമവിടെയല്ലെന്നു മാത്രം.
ഇതു വളവിനു മുമ്പുള്ള വഴി മാത്രം,
വളവിനു മുമ്പ് വളവില്ലാത്ത വഴിയും.
1914
വസന്തം വന്നുചേരുമ്പോൾ...
വസന്തം വന്നുചേരുമ്പോൾ,
ഞാൻ മരിച്ചുപോയിട്ടുണ്ടെങ്കിൽ,
പൂക്കളിതേപോലെതന്നെ വിടരും,
പോയ വസന്തത്തെക്കാൾ മരങ്ങൾക്കു പച്ചപ്പു കുറയുകയുമില്ല .
യാഥാർത്ഥ്യത്തിനു ഞാൻ വേണമെന്നില്ല.
എനിക്കതിയായ ആഹ്ളാദം തോന്നുന്നു,
ഒരു പ്രാധാന്യവുമർഹിക്കുന്നില്ല എന്റെ മരണമെന്നതിൽ.
നാളെ ഞാൻ മരിക്കുമെന്നും
വസന്തം മറ്റേന്നാളാണെന്നുമെനിക്കറിയാമെങ്കിൽ
സന്തോഷത്തോടെതന്നെ ഞാൻ മരിക്കും,
വസന്തം മറ്റേന്നാളാണെന്നതിനാൽത്തന്നെ.
അതാണതിന്റെ കാലമെങ്കിൽ
എന്തിനതു മുമ്പേ കൂട്ടി വരണം?
ഒക്കെയും യഥാർത്ഥവും കൃത്യവുമാകണമെന്നാണെനിക്ക്,
അതങ്ങനെയാകുന്നതാണെനിക്കിഷ്ടം,
എനിക്കിഷ്ടമല്ലെങ്കിലും അതങ്ങനെ തന്നെയായിരിക്കുമെന്നതിനാൽ.
അതിനാൽ, ഈ നിമിഷം ഞാൻ മരിക്കുമെങ്കിൽ
സമാധാനത്തോടെ ഞാൻ മരിക്കും,
ഒക്കെയും യഥാർത്ഥമാണെന്നതിനാൽ,
ഒക്കെയും കൃത്യമാണെന്നതിനാൽ.
എന്റെ കുഴിമാടത്തിനു മുന്നിൽ നിന്നു ലാറ്റിനിൽ നിങ്ങൾ പ്രാർത്ഥിച്ചോളൂ,
അതാണു നിങ്ങൾക്കിഷ്ടമെങ്കിൽ.
അതിനെ വട്ടം ചുറ്റി പാടുകയും നൃത്തം ചവിട്ടുകയുമാവാം,
അതാണു നിങ്ങൾക്കിഷ്ടമെങ്കിൽ.
അങ്ങനെ പ്രത്യേകിച്ചൊരിഷ്ടവുമെനിക്കില്ല,
ഇനിയിഷ്ടങ്ങൾ വയ്ക്കാനാവുകയുമില്ലെനിയ്ക്ക്.
വരാനുള്ളതു വരാനുള്ള നേരത്തു വരുമ്പോൾ,
അതായിരിക്കും, അതാകേണ്ടതൊക്കെ.
1915 നവംബർ 7
റിക്കാർഡോ റെയിസ് എന്ന അപരനാമത്തിൽ എഴുതിയത്
ചിത്രം - ഹെന്റി റൂസ്സോ (വിക്കിമീഡിയ)
No comments:
Post a Comment