സ്വാതന്ത്ര്യമെന്നാൽ എന്തെന്നാണോ നിങ്ങൾ ചോദിക്കുന്നത്? സ്വാതന്ത്ര്യമെന്നാൽ യാതൊന്നിന്റെയും അടിമയാവാതിരിക്കുക എന്നുതന്നെ, അതിനി ഒരനിവാര്യതയായാലും യാദൃച്ഛികതയായാലും; സ്വാതന്ത്ര്യമെന്നാൽ കള്ളക്കളി കളിക്കരുതെന്ന് വിധിയെ നിർബന്ധിക്കുക എന്നുതന്നെ.
(സെനെക്ക)
ഹാ, എത്രയാഹ്ളാദപ്രദമാണ്
തനിക്കു പറഞ്ഞ പണി ചെയ്യാതിരിക്കുക,
വായിക്കാൻ പുസ്തകം കയ്യിലെടുത്തിട്ട്
അതൊന്നു തുറന്നുപോലും നോക്കാതിരിക്കുക!
വായന ഒരു മടുപ്പു തന്നെ,
പഠനം കൊണ്ടു കാര്യവുമില്ല.
സൂര്യൻ പൊന്നുപോലെ തിളങ്ങുന്നത്
സാഹിത്യത്തിന്റെ തുണയില്ലാതെ.
പാഞ്ഞും പതിഞ്ഞും പുഴയൊഴുകുന്നത്
ഒരാദ്യപതിപ്പുമില്ലാതെ.
പ്രഭാതത്തിലെ ഈയിളംകാറ്റിന്
തിടുക്കമെന്നതുമില്ല.
മഷി തളിച്ച വെറും കടലാസുകളാണ് പുസ്തകങ്ങൾ.
പഠിക്കുകയെന്നാൽ
ഒന്നുമില്ലായ്മയും ഒന്നുമേയില്ലായ്മയും തമ്മിൽ
വേർതിരിഞ്ഞുകിട്ടായ്കയും.
അതിലുമെത്ര ഭേദം,
മൂടൽമഞ്ഞു പടരുന്ന നേരത്ത്
സെബാസ്റ്റ്യൻരാജാവു വരുന്നതും കാത്തിരിക്കുക,
അദ്ദേഹമിനി വന്നാലുമില്ലെങ്കിലും!
കവിത കേമം തന്നെ, നന്മയും നൃത്തവും...
അതിലുമുത്തമമത്രേ, ശിശുക്കൾ, സംഗീതം, നിലാവ്,
വളർത്തുന്നതിനു പകരം വാട്ടുമ്പോൾ മാത്രം
പാപം ചെയ്യുന്ന സൂര്യനും.
ഇപ്പറഞ്ഞതിനേക്കാളൊക്കെ ശ്രേഷ്ടം
ക്രിസ്തുയേശു,
പണമിടപാടുകളെക്കുറിച്ചൊന്നുമറിയാത്തവൻ,
ഒരു പുസ്തകശേഖരത്തിനുമുടമയല്ലാത്തവൻ, നാമറിഞ്ഞിടത്തോളം...
1935 മാർച്ച് 16
സ്വാതന്ത്ര്യമെന്നാൽ...- സെനെക്കയുടെ ഒരുദ്ധരണി ചേർക്കണമെന്ന് കവിയ്ക്കുദ്ദേശ്യമുണ്ടായിരുന്നതായി കയ്യെഴുത്തുപ്രതിയിൽ സൂചനയുണ്ട്; പക്ഷേ ചേർത്തിരുന്നില്ല. സെനെക്കയുടെ ഈ വരികളാണ് അദ്ദേഹം മനസ്സിൽ കണ്ടതെന്നൂഹിച്ച് അതെടുത്തുചേർത്തിരിക്കുന്നത് ഇംഗ്ളീഷ് വിവർത്തകനായ റിച്ചാർഡ് സെനിത്ത്.
സെബാസ്റ്റ്യൻരാജാവ് (1554-1578) - ദേശീയവാദിയും സ്വപ്നദർശിയുമായ പോർച്ചുഗീസ് രാജാവ്; സ്പെയിനുമായുള്ള യുദ്ധത്തിനിടെ അപ്രത്യക്ഷനായി; സ്പാനിഷ് അടിമത്തത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ മൂടല്മഞ്ഞു പടരുന്ന നേരത്ത് അദ്ദേഹം മടങ്ങിവരുമെന്നൊരു മിത്തുമുണ്ട്.
1 comment:
നല്ല ശ്രമം ഇനിയും എഴുത്ത് തുടരട്ടെ
Post a Comment