അവൻ ഭിക്ഷ യാചിച്ചു
ഭിക്ഷ യാചിച്ചും കൊണ്ടെന്റെ പുരയ്ക്കലവൻ വന്നു.
മുട്ടുകാലിൽ വീണു ഞാൻ കരഞ്ഞു:
‘നിനക്കെന്തു ഞാൻ നല്കാൻ,
പ്രിയനേ?’
‘സ്നേഹം,’
അവൻ പറഞ്ഞു,
‘സ്നേഹമൊന്നേ.’
കുഞ്ഞിന്റെ കൈയിൽ
കുഞ്ഞിന്റെ കൈയിൽ
വാളു കൊടുക്കരുത്.
രാഷ്ട്രങ്ങൾ
കുഞ്ഞുങ്ങളാണെന്നെനിക്കു തോന്നുന്നു.
പേരറിയാത്തൊരാൾ
ആർക്കുമയാളുടെ പേരറിയില്ല-
കീറത്തുണിയുമുടുത്ത്
തെരുവിൽ കഴിയുമയാളുടെ.
ഒരുനാളയാളെ ഞാൻ സ്വപ്നം കണ്ടു.
വിചിത്രമായൊരമ്പലം പണിയുകയാണ്,
അയാളും ദൈവവും കൂടി.
വേരുകളെപ്പോലെ
വേരുകളെപ്പോലെ വലിച്ചൂറ്റും
നമ്മുടെ കൈകൾ.
അതിനാലവയെ ഞാൻ വയ്ക്കുന്നത്
ഭൂമിയിൽ സുന്ദരമായവയിൽ.
പ്രാർത്ഥനയിലവ ഞാൻ കൂപ്പുമ്പോൾ
സ്വര്‍ഗ്ഗത്തുനിന്നവ വലിച്ചെടുക്കും
വെളിച്ചം.
പ്രാർത്ഥനയുടെ ഫലം
പ്രാർത്ഥനയുടെ ഫലം
ജിവിതം.
പ്രാർത്ഥന നനച്ചുകൊടുക്കുന്നു,
മണ്ണിനെ,
ഹൃദയത്തെ.
റോമിൽ നിന്നു പോരുമ്പോൾ
ഒരു കിളി പറന്നുപോയി.
പാടത്തൂടെ ഞാൻ നടന്നുപോകുമ്പോൾ
ഒരു പൂവെന്നെ നോക്കി ചൂളം കുത്തി.
തെളിഞ്ഞ ചോലയിൽ നിന്നു ഞാൻ മൊത്തിക്കുടിച്ചു.
രാത്രിയിലാകാശം മുടിയഴിച്ചിട്ടപ്പോൾ
ദൈവത്തിന്റെ ഒരു മുടിച്ചുരുളിൽ പിടിച്ചും കൊണ്ടു
ഞാനുറക്കവുമായി.
റോമിൽ നിന്നു പോരുമ്പോളെല്ലാരും ചോദിച്ചു:
‘എന്തൊക്കെയാണവിടെ വിശേഷം?’
ആവേശത്തോടെ ഞാൻ പറഞ്ഞു:
‘പാടത്തൊരു പൂവു ചൂളം കുത്തി,
രാത്രിയിലാകാശം മുടിയഴിച്ചിട്ടു,
ദിവ്യമായൊരു മുടിയിഴയിൽ പിടിച്ചു
ഞാനുറങ്ങി...‘
കൂദാശ
എന്റെ ചങ്ങാതി, ഒരണ്ണാറക്കണ്ണനോട്
കൂദാശയെക്കുറിച്ചൊരിക്കൽ ഞാൻ പറഞ്ഞു,
ആളാകെ ആവേശത്തിലുമായി.
തന്റെ മരപ്പൊത്തിലേക്കോടി
അയാൾ കൊണ്ടുവന്നത്,
ചില കായകൾ, ഒരു കൂമന്റെ തൂവൽ,
പിന്നെയെവിടുന്നോ കിട്ടിയ
നിറമുള്ളൊരു നാടയും.
ഞാനൊന്നു മന്ദഹസിച്ചു:
‘നിനക്കറിയാം,
ഏതിലുമുണ്ട് ദൈവവരം.‘
1 comment:
ഈ പോസ്റ്റിനു നന്ദി
Post a Comment