Friday, September 23, 2011

മിഖായേൽ ലെർമൊണ്ടോവ് - തോണിപ്പായ





പ്രഭാതത്തിന്റെ ധൂമിലനീലിമയ്ക്കടിയിൽ
ഒരേയൊരു വഞ്ചിപ്പായ, ഒരു വെള്ളപ്പൊട്ടു പോലെ.
വിദൂരതീരങ്ങളിലതു തേടുന്നതെന്താവാം?
സ്വന്തം കടവു വിട്ടതിറങ്ങിയതെന്തിനാവാം?


കാറ്റു ചൂളം കുത്തുന്നു, തിരകളതിനെ അമ്മാനമാടുന്നു,
പാമരവും കമ്പക്കയറുകളും വലിഞ്ഞു ഞരങ്ങുന്നു;
അതു പായുന്നതാനന്ദം തേടിയല്ല,
ആനന്ദം വെടിഞ്ഞതു പായുകയുമല്ല.


അടിയിലിന്ദ്രനീലമൊഴുകുമ്പോൾ,
മുകളിൽ സുവർണ്ണസൂര്യനെരിയുമ്പോൾ
ആ ധിക്കാരി തേടുന്നതു കൊടുങ്കാറ്റിനെ,
സ്വന്തമാത്മാവിനു സ്വസ്ഥമാവാന്‍

കൊടുങ്കാറ്റു വേണമെന്ന പോലെ.

മിഖായേൽ ലെർമൊണ്ടോവ് (1814-1841) - റഷ്യൻ കവിയും ചിത്രകാരനും.


wiki link to Lermontov


link to image


No comments: