Sunday, September 18, 2011

ലോര്‍ക്ക - പുതുഹൃദയം


എന്റെ ഹൃദയമുറയൂരിയിരിക്കുന്നു,
ഒരു പാമ്പിനെപ്പോലെ;
അതു ഞാൻ കൈയിലെടുത്തിരിക്കുന്നു,
നിറയെ മുറിവും തേനുമായി.

നിന്റെ മടക്കുകളിൽ കൂടു കൂട്ടിയ ചിന്തകൾ,
ഇന്നവയൊക്കെയെവിടെ?
യേശുവിനെയും സാത്താനെയും
പരിമളപ്പെടുത്തിയ പനിനീർപ്പൂക്കളുമെവിടെ?

എന്റെ ഭാവനാനക്ഷത്രത്തിനുമേൽ
നനഞ്ഞുപറ്റിക്കിടന്നൊരാവരണമേ,
ഒരുകാലമെന്റെ പ്രണയങ്ങളായിരുന്നവയെ
ശോകത്തോടെ ഞാൻ വരച്ചിട്ട നരച്ച തോൽച്ചുരുണ നീ!

നിന്നിൽ ഞാൻ കാണുന്നു, ഭ്രൂണപ്രായമായ ശാസ്ത്രങ്ങൾ,
ഉടവു തട്ടാത്ത ജഡങ്ങൾ പോലെ കവിതകൾ,
എന്റെ പ്രണയരഹസ്യങ്ങളുടെ അസ്ഥികൾ,
പണ്ടേയുള്ളൊരു നിഷ്കളങ്കതയും.

എന്റെ വികാരങ്ങളുടെ കാഴ്ചബംഗ്ളാവിൽ
ചുമരിൽ നിന്നെ തൂക്കിയിടട്ടെയോ ഞാൻ,
എന്റെ പാപത്തിന്റെ തണുത്തിരുണ്ടു നിദ്രാണമായ
ഐറിസ്പൂക്കൾക്കരികിൽ?

അതോ പൈൻമരങ്ങൾക്കു മേൽ നിന്നെ വിടർത്തിയിടുകയോ
-എന്റെ പ്രണയത്തിന്റെ യാതനാഗ്രന്ഥമേ-
പുലരിയ്ക്കു വാനമ്പാടിയർപ്പിക്കുന്ന ഗാനം
നിനക്കും കേട്ടുപഠിക്കാനായി?

1918 ജൂൺ


ചിത്രം ലോര്‍ക്കയുടെ ഒരു വര


No comments: