പിയാനോ
ആ മഹതിയ്ക്കൊരു പിയാനോ സ്വന്തം.
സംഗതി നല്ലതു തന്നെ,
എന്നാൽ പുഴകളൊഴുകുന്നതല്ലത്,
മരങ്ങളുടെ മർമ്മരവുമല്ല...
ആർക്കു വേണം പിയാനോ?
കാതുകളുണ്ടാവുക,
പ്രകൃതിയെ സ്നേഹിക്കുക,
അതാണതിലും നല്ലത്.
വസ്തുക്കളിൽ നാം കാണുന്നത്...
വസ്തുക്കളിൽ നാം കാണുന്നതു വസ്തുക്കളെ.
ഒരു വസ്തുവിനെ മറ്റൊന്നായി നാമെന്തിനു കാണണം?
കാഴ്ചയും കേൾവിയും നമ്മെയെന്തിനു കബളിപ്പിക്കണം,
കാഴ്ചയും കേൾവിയും കാഴ്ചയും കേൾവിയും തന്നെയാണെങ്കിൽ?
കാണുന്നതെങ്ങനെയെന്നറിയുകയാണു പ്രധാനം,
ചിന്തിക്കാതെ കാണുന്നതെങ്ങനെയെന്നറിയുക,
കാണുമ്പോൾ കാണാൻ മാത്രമറിയുക,
കാണുമ്പോൾ ചിന്തിക്കാതിരിക്കുക,
അഥവാ ചിന്തിക്കുമ്പോൾ കാണാതിരിക്കുക.
ഇതിനു പക്ഷേ (വസ്ത്രമുടുപ്പിച്ചൊരാത്മാവിനെ പേറിനടക്കുന്ന പാവങ്ങൾ നമ്മൾ!)
ഗഹനമായൊരു പഠനം വേണം,
പഠിച്ചതഴിയ്ക്കാനൊരു പഠനം,
നക്ഷത്രങ്ങൾ നിത്യതയിൽ നമ്മുടെ സഹോദരന്മാരാണെന്നും,
ഒരുനാളത്തെ ആയുസ്സുള്ള കന്യാസ്ത്രീകളാണു പൂക്കളെന്നും
നമ്മെ പഠിപ്പിച്ച പള്ളിക്കൂടത്തിൽ നിന്നൊരു മോചനം.
നക്ഷത്രങ്ങൾ പക്ഷേ, നക്ഷത്രങ്ങളാണെന്നല്ലാതൊന്നുമല്ല,
പൂക്കൾ പൂക്കളാണെന്നല്ലാതൊന്നുമല്ല,
അതിനാലാണവയെ ഞാൻ നക്ഷത്രങ്ങളെന്നും പൂക്കളെന്നും വിളിക്കുന്നതും.
1914 മാർച്ച് 13
എന്റെ വീടിന്റെ പൊക്കത്തിലുള്ള ജനാലയിൽ നിന്ന്...
എന്റെ വീടിന്റെ പൊക്കത്തിലുള്ള ജനാലയിൽ നിന്ന്
ഒരു വെള്ളത്തൂവാല വീശി ഞാൻ യാത്രയാക്കുന്നു,
മനുഷ്യർക്കിടയിലേക്കു പോകുന്ന എന്റെ കവിതകളെ.
അതിലാഹ്ളാദമെനിക്കില്ല, സങ്കടവുമെനിക്കില്ല.
എന്റെ കവിതകളുടെ വിധിയാണത്.
ഞാനവയെഴുതി,
എല്ലാവർക്കും ഞാനവ കാട്ടിക്കൊടുക്കുകയും വേണം;
എനിക്കങ്ങനെ ചെയ്യാതിരിക്കാനാവില്ല,
പൂവിനതിന്റെ നിറം മറയ്ക്കാനാവില്ലെന്നപോലെ,
പുഴയ്ക്കതിന്റെയൊഴുക്കു മറയ്ക്കാനാവില്ലെന്നപോലെ,
മരത്തിനതിൽ കായ്ക്കുന്ന കനികളെ മറയ്ക്കാനാവില്ലെന്നപോലെ.
അതാ പോവുകയാണവ, ഒരു കുതിരവണ്ടിയിലെന്നപോലെ,
ഒരു വിഷാദം തോന്നിയതകറ്റാനെനിക്കാകുന്നുമില്ല,
ഒരുടൽനോവു പോലെയാണെനിക്കത്.
ആരാണവ വായിക്കുകയെന്നാർക്കറിയാം?
എതു കൈകളിലാണവയെത്തിപ്പെടുകയെന്നാർക്കറിയാം?
പൂവ്, വിധിയെന്നെ നുള്ളിയെടുത്തത്
അന്യരുടെ കണ്ണുകൾക്കു കാണാനായിരുന്നു,
മരം, എന്റെ കായ പറിച്ചെടുത്തത്
അന്യരുടെ വായകൾക്കായിരുന്നു,
പുഴ, എന്നിൽത്തന്നെ തങ്ങിനില്ക്കരുതെന്നായിരുന്നു
എന്റെ ജലത്തിന്റെ വിധി.
ഞാൻ വഴങ്ങുന്നു, സന്തോഷത്തോടെയെന്നും പറയാം,
സങ്കടപ്പെട്ടിരുന്നു മടുത്ത ഒരാളുടെ സന്തോഷത്തോടെ.
പോകൂ, എന്നിൽ നിന്നു പോകൂ!
മരം കടന്നുപോകുന്നു, പ്രകൃതിയിലെമ്പാടും സ്വയം വിതറി.
പൂവു വാടിക്കൊഴിയുന്നു, നാശമില്ലാത്ത ധൂളികളായി.
പുഴ കടലിലേക്കൊഴുകുന്നു, ജലത്തിന്റെ സ്വരൂപത്തിലായി.
1 comment:
ithra nalla blog kandittilla !!!Nanni!!!
Post a Comment