നല്ലവനായിരുന്നു, ആ മനുഷ്യൻ,
തന്റെ മഴുവും തന്റെ കൊഴുവും പോലുറച്ചവൻ.
ഉറങ്ങുമ്പോൾ സ്വപ്നം കാണാൻ പോലും
നേരം കിട്ടിയിരുന്നുമില്ലയാൾക്ക്.
വിയർപ്പിറ്റുന്നതായിരുന്നു അയാളുടെ നിസ്വത.
അയാളുടെ വിലയോ, ഒരേയൊരു കുതിരയും.
ഗർവിതനാണിന്നയാളുടെ പുത്രൻ,
ഒരു പറ്റം കാറുകളുടെ വിലയുമുണ്ടയാൾക്ക്.
അയാൾ സംസാരിക്കുന്നതൊരു സെനറ്ററുടെ ശബ്ദത്തിൽ,
ലോകമളന്നടക്കുന്നതാണയാളുടെ ചുവടുവയ്പ്പും.
തന്റെ കൃഷിക്കാരൻ പിതാവിനെ അയാൾ മറന്നുപോയിരിക്കുന്നു,
തന്റെ പൂർവികരെ അയാൾ കണ്ടെത്തിയുമിരിക്കുന്നു.
കൊഴുത്ത പത്രം പോലെയാണയാളുടെ ചിന്ത,
രാപകൽ പണമുണ്ടാക്കുകയാണയാൾ,
ഉറക്കത്തിലും പ്രമാണിയാണയാൾ.
പുത്രന്റെ പുത്രന്മാരനവധി,
കുറേക്കാലം മുമ്പവർ പെണ്ണും കെട്ടി.
അകത്താക്കുകയല്ലാതൊന്നും ചെയ്യാറില്ലവർ,
ആയിരക്കണക്കിനെലികളുടെ വിലയുമുണ്ടവർക്ക്.
പുത്രന്റെ പുത്രന്മാരുടെ പുത്രന്മാർ-
ലോകത്തെ അവരെന്താക്കും?
അവർ നന്നായി വരുമോ, അതോ കെട്ടുപോകുമോ?
ഈച്ചവിലയോ, ഗോതമ്പുവിലയോ അവരുടേത്?
എന്റെ ചോദ്യത്തിനു മറുപടി പറയാൻ നിങ്ങൾക്കാഗ്രഹമില്ല.
ചോദ്യങ്ങൾ പക്ഷേ, മരിക്കുകയുമില്ല.
No comments:
Post a Comment