എവിടെയാവും, ഗിയേമിനാ?
എന്റെ പെങ്ങൾ അവളെ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ
വാതിൽ തുറന്നുകൊടുത്തതു ഞാൻ,
സൂര്യൻ കയറിവന്നു, നക്ഷത്രങ്ങൾ കയറിവന്നു,
ഗോതമ്പുനിറമായ രണ്ടു മുടിച്ചുരുളുകൾ കയറിവന്നു,
വറ്റാത്ത രണ്ടു കണ്ണുകളും.
പതിന്നാലുകാരനായിരുന്നു ഞാൻ,
ചിന്താകുലൻ, അതിലഭിമാനിക്കുന്നവൻ,
മെലിഞ്ഞവൻ, മെയ് വഴങ്ങിയവൻ, ചിറയുന്നവൻ,
മരണത്തിന്റെ വിഷാദമെടുത്തണിഞ്ഞവൻ,
ഉപചാരക്കാരൻ.
കാടിന്റെ നനവു പറ്റി
ചിലന്തികൾക്കിടയിൽ ഞാൻ ജിവിച്ചു,
വണ്ടുകൾക്കെന്നെ പരിചയമായിരുന്നു,
മൂന്നുനിറക്കാരായ തേനീച്ചകൾക്കും.
കർപ്പൂരത്തുളസികൾക്കടിയിൽ
തിത്തിരിപ്പക്ഷികൾക്കൊപ്പം ഞാനുറങ്ങി.
പിന്നെ ഗിയേമിനാ കയറിവന്നു
നീലിച്ച രണ്ടു മിന്നൽക്കണ്ണുകളുമായി,
അവയെന്റെ മുടിയിഴകളിലൂടെ പാഞ്ഞുപോയി,
മഞ്ഞുകാലത്തിന്റെ ചുമരിൽ
രണ്ടു വാളുകൾ പോലെ എന്നെ കുത്തിക്കോർത്തു.
ഇതു നടന്നതു ടെമുക്കോവിൽ,
തെക്കൻനാട്ടിൽ, അതിർത്തിക്കടുത്ത്.
ആണ്ടുകളിഴഞ്ഞുനീങ്ങി,
ആനകളെപ്പോലലസനടയായി,
കിറുക്കൻകുറുനരികളെപ്പോലെ കുരച്ചും.
അഴുക്കു പിടിച്ച വർഷങ്ങളിഴഞ്ഞുനീങ്ങി,
വൃദ്ധിയും ക്ഷയവുമായി, മരണത്തിന്റെ ശോകവുമായി,
ഞാൻ നടന്നു,
മേഘത്തിൽ നിന്നു മേഘത്തിലേക്ക്,
ദേശത്തു നിന്നു ദേശത്തേക്ക്,
കണ്ണിൽ നിന്നു കണ്ണിലേക്ക്.
അതിർത്തിയിൽ തോരാമഴ പെയ്യുകയുമായിരുന്നു,
അതേ നരച്ച രൂപത്തിൽ.
എന്റെ ഹൃദയം യാത്ര ചെയ്തു,
അതേ ജോഡിച്ചെരുപ്പുമായി,
മുള്ളുകൾ ഞാൻ ചവച്ചിറക്കുകയും ചെയ്തു.
ചെന്നേടത്തൊന്നും വിശ്രമം കിട്ടിയുമില്ലെനിക്ക്:
ഞാനാഞ്ഞടിച്ചപ്പോൾ അവരെന്നെ അടിച്ചുവീഴ്ത്തി,
എന്നെ കൊല ചെയ്തിടത്തു ഞാൻ വീണുകിടന്നു;
പിന്നെ ഞാനുയിർത്തെഴുന്നേറ്റു,
എന്നും പോലെ നവോന്മേഷത്തോടെ,
പിന്നെ, പിന്നെ, പിന്നെ, പിന്നെ-
ഒക്കെപ്പറയാനാണെങ്കിൽ നേരമൊരുപാടെടുക്കുമെന്നേ.
ഇനി കൂടുതലായൊന്നും പറയാനില്ല.
ഞാൻ വന്നതീലോകത്തു ജീവിക്കാൻ.
എവിടെയാവും, ഗിയേമിനാ?
No comments:
Post a Comment