എത്ര നാളുകൾ, ഹാ എത്ര നാളുകൾ
നിന്റെ തൊട്ടരികെ, തൊട്ടപോലരികിലിരിക്കെ,
എങ്ങിനെ ഞാനതു വീടാൻ, ഏതൊന്നുകൊണ്ടു ഞാനതു വീടാൻ?
കാടുകളിലുറക്കം വിട്ടെഴുന്നേറ്റിരിക്കുന്നു
രക്തദാഹിയായ വസന്തം.
കുറുനരികൾ മാളങ്ങളിൽ നിന്നു പുറത്തുവരുന്നു,
സർപ്പങ്ങൾ മഞ്ഞുതുള്ളി മോന്തുന്നു,
പൈൻമരങ്ങൾക്കും മൗനത്തിനുമിടയിൽ
ഇലകളിൽ ചവിട്ടിനടന്നു നീയും ഞാനും,
ഈ ഭാഗ്യത്തിന്റെ കടമെന്നു ഞാൻ വീടുമെ-
ന്നെന്നോടു തന്നെ ചോദ്യം ചെയ്യുകയായിരുന്നു ഞാനും.
കണ്ടതിലൊക്കെയും വച്ചു
നിന്നെ മാത്രമേ എനിക്കിനിയും കാണേണ്ടു;
തൊട്ടതിലൊക്കെയും വച്ചു
നിന്റെയുടലേ എനിക്കിനിയും തൊടേണ്ടു.
എനിക്കു ഹിതം മധുരനാരങ്ങ പോലെ നിന്റെ പുഞ്ചിരി,
നീയുറങ്ങുന്ന പടുതി കാണുമ്പോൾ
നെഞ്ചലിയുകയുമാണെനിയ്ക്ക്.
എന്തു ഞാൻ ചെയ്യാൻ, പ്രണയമേ, പ്രണയിനീ?
അന്യർ പ്രണയിക്കുന്ന പ്രകാരമെനിക്കറിയില്ല,
മനുഷ്യർ പണ്ടു പ്രണയിച്ച പ്രകാരവുമെനിക്കറിയില്ല.
ഞാൻ ജീവിക്കുന്നതു നിന്നെ നോക്കി, നിന്നെ സ്നേഹിച്ചും.
പ്രണയിക്കുകയെന്നതേ എന്റെ പ്രകൃതം.
ഓരോ സായാഹ്നത്തിലുമെന്നെ പ്രീതനാക്കുകയാണു നീ.
എവിടെയവൾ?
നിന്റെ കണ്ണുകൾ കാണാതാവുമ്പോൾ
ഞാൻ ചോദിച്ചുനടക്കുന്നു.
എത്രനേരമാണവളെടുക്കുന്നത്!
ഓർത്തു പരിഭവിക്കുകയുമാണു ഞാൻ.
മനസ്സുകെട്ടു പോവുകയാണെനിയ്ക്ക്,
അപഹാസ്യനാവുകയാണു ഞാൻ,
വിഷാദിയാവുകയാണു ഞാൻ.
പിന്നെയതാ, നീ കടന്നുവരുന്നു,
പീച്ചുമരങ്ങളിൽ നിന്നു കണ്ണയയ്ക്കുന്ന
മിന്നൽപ്പിണരാവുകയാണു നീ.
നിന്നെ ഞാൻ സ്നേഹിക്കുന്നതതുകൊണ്ടത്രേ, അതുകൊണ്ടുമല്ല.
അത്രയധികമാണു കാരണങ്ങൾ, അത്ര കുറവും.
അങ്ങനെ വേണമല്ലോ പ്രണയം,
ഗാഢവും വ്യാപകവുമായി,
സ്വകാര്യവും ഭീഷണവുമായി,
മാനിതവും ദുഃഖിതവുമായി,
നക്ഷത്രങ്ങളെപ്പോലെ വിടർന്നും,
ഒരു ചുംബനം പോലളവറ്റും.
2 comments:
നല്ല വരികള്‍
ആശംസകള്‍...........
.
Post a Comment