24. സ്ത്രീകൾ വെറുക്കുമ്പോൾ
വെറുക്കാൻ തുടങ്ങുന്ന സ്ത്രീകൾ പുരുഷന്മാരെക്കാൾ അപകടകാരികളാണ്. അതിനു പ്രഥമവും പ്രധാനവുമായ കാരണം, ഒരിക്കലവരിൽ വിരോധചിന്ത മുള പൊട്ടിയാൽ പിന്നെ ഔചിത്യവിചാരമൊന്നും അവർക്കൊരു തടയാവില്ലെന്നതും, ആ വെറുപ്പുരുണ്ടുകൂടി അതിന്റെ അനന്തരഫലങ്ങളിലേക്കെത്തുന്നതിന് അവർ വളമിട്ടുകൊടുക്കുമെന്നുള്ളതുമാണ്: രണ്ടാമത്തെ കാരണം, ഉണങ്ങാത്ത പുണ്ണുകൾ കണ്ടെത്തി (ഏതു പുരുഷനും ഏതു കക്ഷിയ്ക്കും അതുണ്ടാവുകയും ചെയ്യും) അതിൽത്തന്നെ കുത്തിനോവിക്കാൻ പരിചയം സിദ്ധിച്ചവരാണവരെന്നതും: ഇക്കാര്യത്തിൽ വാൾത്തല പോലെ മൂർച്ചയുള്ള അവരുടെ മനസ്സ് ഗംഭീരസേവനം ചെയ്യുകയും ചെയ്യുന്നുണ്ട്. (പുരുഷന്മാരാകട്ടെ, മുറിവുകൾ കണ്ടാൽ സ്വയം നിയന്ത്രിക്കും, പലപ്പോഴും ഉദാരമതികളാവും, അനുരഞ്ജനത്തിനു വഴങ്ങുകയും ചെയ്യും.)
25. കൂടുതൽ ദുരിതമനുഭവിക്കുന്നതാര്
ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയ്ക്കും കലഹത്തിനും ശേഷം താൻ മറ്റെയാളെ വേദനിപ്പിച്ചുവല്ലോ എന്ന ചിന്ത കൊണ്ട് ഒരു കക്ഷി മനസ്സു നീറ്റും; മറ്റേക്കക്ഷിയാവട്ടെ, താൻ ആദ്യത്തെയാളെ വേണ്ടത്ര വേദനിപ്പിച്ചില്ലല്ലോയെന്ന ചിന്ത കൊണ്ടും മനസ്സു നീറ്റും; അക്കാരണത്താൽ അതിനു ശേഷവും കണ്ണീര്, തേങ്ങൽ, വക്രിച്ച മുഖഭാവം ഇത്യാദിയൊക്കെക്കൊണ്ട് മറ്റേ വ്യക്തിയുടെ ഹൃദയഭാരം കൂട്ടുവാനും ശ്രമിക്കും.
26. രക്ഷിതാക്കളുടെ മൂഢത്വം
ഒരു വ്യക്തിയെ വിലയിരുത്തുന്നതിൽ ഏറ്റവും മൂഢമായ പിശകു വരുത്തുന്നത് അയാളുടെ അമ്മയച്ഛന്മാരായിരിക്കും; അതൊരു വസ്തുതയാണ്; പക്ഷേ എന്താണതിനൊരു വിശദീകരണം? കുട്ടിയുമായുള്ള സംസർഗം അമിതമായിപ്പോകുന്നതിനാൽ അതിനെ ഒരു സാകല്യത്തിൽ കാണാൻ അവർക്കു കഴിയാതെ പോകുന്നതുകൊണ്ടാണോ? അപരിചിതമായ ഒരു ദേശത്തെത്തുന്ന സഞ്ചാരികൾ അന്നാട്ടുകാരുടെ സാമാന്യവും വ്യതിരിക്തവുമായ സ്വഭാവവിശേഷങ്ങൾ കൃത്യമായി ഗ്രഹിക്കുന്നത് അവിടെ അവരുടെ വാസകാലത്തിന്റെ ആദ്യഘട്ടത്തിലായിരിക്കുമെന്നത് നാം ശ്രദ്ധിച്ചിട്ടുണ്ട്; ഒരു ജനതയെ അടുത്തറിയുന്തോറും എന്താണവരിൽ തനതായിട്ടുള്ളതെന്നു കാണാൻ അവർ മറക്കുയും ചെയ്യുന്നു; തൊട്ടടുത്തുചെന്നു നോക്കുമ്പോൾ അവരുടെ അകലക്കാഴ്ച നഷ്ടമാവുകയാണ്. തങ്ങളുടെ കുട്ടിയെ വിലയിരുത്തുന്നതിൽ രക്ഷിതാക്കൾക്കു പിശകുന്നത് അവരൊരിക്കലും അവനിൽ നിന്നു വേണ്ടത്ര മാറിനിന്നിട്ടില്ല എന്നതു കൊണ്ടാവുമോ?
താഴെ കൊടുക്കുന്ന രീതിയിൽ തീർത്തും വ്യത്യസ്തമായ മറ്റൊരു വിശദീകരണവുമാവാം: തങ്ങളോടേറ്റവുമടുത്ത സംഗതികളെക്കുറിച്ചു പിന്നെ ചിന്തിക്കാതിരിക്കാൻ മനുഷ്യനൊരു പ്രവണതയുണ്ട്; അവരതിനെ ചോദ്യം ചെയ്യാതെ അംഗീകരിക്കും. തങ്ങളുടെ കുട്ടികളെ വിലയിരുത്തേണ്ടിവരുമ്പോൾ അവരിത്രയ്ക്കു പിശകിപ്പോകുന്നത് അവരുടെ ഈ പതിവുചിന്താശൂന്യത കൊണ്ടുതന്നെയാവാം.
27. രണ്ടു പൊരുത്തങ്ങളുടെ വൈരുദ്ധ്യം
സ്ത്രീയ്ക്കു പരിചരിക്കണം, അതിലാണവളുടെ ആനന്ദം; സ്വതന്ത്രാത്മാവിനു പരിചരിക്കപ്പെടാതിരിക്കണം, അതിലാണയാളുടെ ആനന്ദം.
1 comment:
ഇതും വായിച്ചിട്ടുണ്ട് സുഹൃത്തേ, അല്ല വായിയ്ക്കാൻ നിർബന്ധിയ്ക്കപ്പെട്ടിട്ടുണ്ട്.
Post a Comment