Sunday, August 28, 2011

അന്നാ ആഹ് മാത്തോവാ - പള്ളിമുറ്റത്തൊരോക്കുപലകയ്ക്കടിയിൽ...

File:Ahmatova original stamp.jpg


ആളൊഴിഞ്ഞ വീടിന്റെ മരവിച്ച കൂരയ്ക്കടിയിൽ...



ആളൊഴിഞ്ഞ വീടിന്റെ മരവിച്ച കൂരയ്ക്കടിയിൽ
മരിച്ച നാളുകളെത്ര കഴിഞ്ഞുവെന്നെനിയ്ക്കെണ്ണവും തെറ്റി.
അപ്പോസ്തലപ്രവൃത്തികൾ ഞാൻ വായിച്ചു,
സങ്കീർത്തനകാരന്റെ വചനങ്ങളും ഞാൻ വായിച്ചു.
നക്ഷത്രങ്ങൾ നീലിയ്ക്കുന്നു പക്ഷേ,
പതുപതുത്തു വെള്ളിമഞ്ഞുതിരുന്നു പക്ഷേ,
ദിവ്യാത്ഭുതമാവുകയാണോരോ സമാഗമവും-
എന്റെ വേദപുസ്തകത്തിൽ ഉത്തമഗീതത്തിനടയാളം വയ്ക്കാൻ
ഒരു ചുവന്ന മേപ്പിളിലയും.

1915



പള്ളിമുറ്റത്തൊരോക്കുപലകയ്ക്കടിയിൽ...


പള്ളിമുറ്റത്തൊരോക്കുപലകയ്ക്കടിയിൽ
സമാധാനത്തോടെ ഞാൻ കിടന്നുറങ്ങും,
എന്റെയോമനേ, ഓടിക്കൊണ്ടു നീയെത്തും
ഞായറാഴ്ച മമ്മയെക്കാണാൻ-
പുഴ കടന്നും കുന്നു കയറിയും,
മുതിർന്നവരെയേറെപ്പിന്നിലാക്കിയും,
അകലെ നിന്നേ, സൂക്ഷ്മദൃക്കായ കുട്ടീ,
എന്റെ കുരിശു നീ തിരിച്ചറിയും.
എന്നെക്കുറിച്ചോർക്കാനധികമൊന്നുമില്ല
നിനക്കെന്നുമെനിക്കറിയാം കുഞ്ഞേ:
നിന്നെ ശാസിച്ചിട്ടില്ല ഞാൻ,
നിന്നെയെടുത്തിട്ടില്ല ഞാൻ,
കൂദാശയ്ക്കു നിന്നെ കൊണ്ടുപോയിട്ടുമില്ല ഞാൻ.

1915



പരന്നു പൊന്നുപോലന്തിമിനുക്കം...

പരന്നു പൊന്നുപോലന്തിമിനുക്കം,
ആർദ്രം ഏപ്രിലിന്റെ കുളിർമ്മയും.
എത്രയാണ്ടുകൾ വൈകി നീ,
എന്നാലുമിന്നെങ്കിലും വന്നുവല്ലോ നീ.

എന്നോടടുത്തിരിക്കൂ,
ഇതു കണ്ടൊന്നാനന്ദിക്കൂ:
ഒരു നീലനോട്ടുബുക്കിതാ-
എന്റെ ബാല്യത്തിന്റെ കവിതകളുമായി.

പൊറുക്കൂ, സൂര്യനെ ഞാനവഗണിച്ചുവെങ്കിൽ,
ശോകത്തിലാണു ഞാൻ ജീവിച്ചതെങ്കിൽ.
പൊറുക്കൂ, പൊറുക്കൂ, പലരെയും
നീയെന്നു ഞാൻ തെറ്റിദ്ധരിച്ചുവെങ്കിൽ.

1915


ചിത്രം - ആഹ് മാത്തോവാ പോസ്റ്റ്‌ കാര്‍ഡ്‌ -വിക്കിമീഡിയ


No comments: