ധൈര്യം
നിന്റെ കുഞ്ഞിക്കൈ കൊണ്ടു മുട്ടൂ- തുറക്കാം ഞാൻ.
എന്നും നിനക്കു വാതിൽ തുറന്നിട്ടില്ലേ ഞാൻ.
മലകൾക്കപ്പുറത്താണു ഞാനിപ്പോൾ,
മരുഭൂമിയ്ക്കും, ചൂടിനും, കാറ്റിനുമപ്പുറം,
എന്നാലും നിന്നെ വിട്ടുപോകില്ല ഞാൻ...
നിന്റെ ഞരക്കം ഞാൻ കേട്ടില്ല,
നീയെന്നോടപ്പം ചോദിച്ചിട്ടുമില്ല.
ഒരു മേപ്പിൾച്ചില്ലയൊടിച്ചുവരൂ,
പോയ വസന്തത്തിലെന്നപോലെ
ഒരു മൂടു പുല്ലെങ്കിലുമെടുത്തു വരൂ.
കൈ കുമ്പിളാക്കി അതിൽ കോരിക്കൊണ്ടുവരൂ,
നമ്മുടെ നേവയുടെ കുളിർന്ന നറുവെള്ളം,
ഞാൻ കഴുകിക്കളയട്ടെ,
നിന്റെ സ്വർണ്ണമുടിയിൽ നിന്നു ചോരക്കറകൾ.
1942 ഏപ്രിൽ 23
യുദ്ധകാലത്ത് പീറ്റേഴ്സ്ബർഗ് വിട്ട് താഷ്കെന്റിലായിരിക്കുമ്പോളെഴുതിയത്
വിജയം
2
കടവത്താദ്യത്തെ വിളക്കുമാടം തെളിയുന്നു,
അനവധിയുടെ മുന്നോടി-
മരണത്തിന്റെ കേവുമായി,
മരണത്തിനൊപ്പമിരുന്ന്,
മരണത്തിലേക്കു തുഴഞ്ഞുപോയ നാവികനോ,
തൊപ്പിയൂരി കൈയില്പിടിച്ചു,
പിന്നെ തേങ്ങിക്കരഞ്ഞു.
1945
യുദ്ധമവസാനിച്ചപ്പോൾ
ഒരു സുഹൃത്തിന്റെ ഓർമ്മയ്ക്ക്
ആർദ്രം, മഞ്ഞു പെയ്യുമീ വിജയനാൾ
ദീപ്തജ്വാല പോലെ പുലരി തുടുക്കെ,
പേരു മാഞ്ഞൊരു കുഴിമാടത്തിനു മുന്നിൽ നിന്നു
മാറിപ്പോകുന്നില്ല വൈകിവന്ന വസന്തം.
തിടുക്കമില്ലവൾക്കു മുട്ടുകാലിൽ നിന്നു നിവരാൻ,
ഒരു പൂമൊട്ടവൾ മണക്കുന്നു, പുൽത്തട്ടു മാടിയൊതുക്കുന്നു,
ചുമലിൽ നിന്നൊരു പൂമ്പാറ്റയെ നിലത്തേക്കിറക്കിവിടുന്നു,
ആദ്യത്തെ സൂര്യകാന്തിപ്പൂവിനിതളുകൾ വിടർത്തിക്കൊടുക്കുന്നു.
1945 നവംബർ 8
ഷഡനോവിന്റെ അപ്രീതിയ്ക്കു പാത്രമായ ഒരു കവിത
ഏഷ്യാ, നിന്റെ കാട്ടുപൂച്ചക്കണ്ണുകൾ...
ഏഷ്യാ, നിന്റെ കാട്ടുപൂച്ചക്കണ്ണുകൾ
എന്നിൽ നിന്നെന്തോ കണ്ടെടുത്തു,
എന്റെയുള്ളിലടങ്ങിയ,തെന്റെ മൗനത്തിൽ പിറന്ന-
തെന്തോ നീയെന്നിൽ നിന്നു ചികഞ്ഞെടുത്തു:
തെർമേസിലുച്ചച്ചൂടു പോലതു ദുർവഹം.
പ്രാഗ്സ്മൃതികളുരുകിയ ലാവയാ-
യെന്റെ ബോധത്തിലേക്കു പകരുമ്പോലെ,
ഒരപരിചിതന്റെ കൈത്തലത്തിൽ നിന്നു
സ്വന്തം തേങ്ങലുകൾ ഞാൻ മൊത്തിക്കുടിക്കുമ്പോലെ.
1945
1 comment:
Good....
Post a Comment