Monday, August 22, 2011

മിഗ്വെൽ ഹെർണാണ്ടെഥ് - പ്രണയം നമുക്കിടയിലിറങ്ങിവന്നു...



ഇവിടെ ഞാനുണ്ട്

ഇവിടെ ഞാനുണ്ട്
മൂന്നു മുറിവുകളുമായി-
ഒന്നു ജീവിതത്തിന്റെ,
ഒന്നു മരണത്തിന്റെ,
ഒന്നു പ്രണയത്തിന്റെ.



പ്രണയം നമുക്കിടയിലിറങ്ങിവന്നു...


പ്രണയം നമുക്കിടയിലിറങ്ങിവന്നു,
ഒരുനാളും പുണരാത്ത രണ്ടു പനമരങ്ങൾക്കിടയിൽ
ചന്ദ്രനെന്ന പോലെ.

കടൽപ്പെരുക്കത്തിന്റെ കൂജനം പോലെ
നമ്മുടെ രണ്ടുടലുകളുടെ ഗാഢമർമ്മരം,
അമർന്നുപോയി പക്ഷേ തൊണ്ടകളിൽ നമ്മുടെ ശബ്ദം,
കല്ലുകളായി ചുണ്ടുകൾ.

പിണയാനുള്ള ദാഹം നമ്മുടെ മാംസത്തെയിളക്കി,
എരിയുന്ന അസ്ഥികളെത്തിളക്കി,
എത്തിപ്പിടിയ്ക്കാനുള്ള കൈകളുടെ തൃഷ്ണയോ,
നമ്മുടെ കൈകളിൽത്തന്നെ മരിച്ചുവീണു.

നമുക്കിടയിലൂടെക്കടന്നുപോയി പ്രണയവും ചന്ദ്രനും,
ആർത്തിയോടവ വിഴുങ്ങി നമ്മുടെയൊറ്റയൊറ്റയുടലുകളെ.
ഇന്നന്യോന്യം തേടുന്ന രണ്ടു പ്രേതങ്ങൾ നാം,
അത്രയുമകലത്തു നിന്നന്യോന്യം കണ്ടെത്തുന്നു നാം.



പക കൊണ്ട കാറ്റിനിതെന്തു വേണം...


പക കൊണ്ട കാറ്റിനിതെന്തു വേണം,
എന്റെ കൈകളാൽ നിന്നെയുടുപ്പിക്കുമ്പോൾ
ചുരമോടിയിറങ്ങി വന്നതു
ജനാലകൾ തള്ളിത്തുറക്കാൻ?

നമ്മെത്തട്ടിയിടണമതിന്‌,
നിലത്തു വീഴ്ത്തണമതിന്‌.

നമ്മെത്തട്ടിയിട്ടതിൽപ്പിന്നെയും,
നാം നിലത്തു വീണതിൽപ്പിന്നെയും,
നമ്മുടെ ചോരകളിറങ്ങിയതിൽപ്പിന്നെയും
കാറ്റിതനുനിമിഷമാർത്തിപ്പെടുന്നതെന്തിനോ?

നമ്മെ വേർപെടുത്തണമതിന്‌.

മിഗ്വെൽ ഹെർണാണ്ടെസ് (1910-1942) - ഔപചാരികവിദ്യാഭ്യാസം ലഭിക്കാത്ത, ആട്ടിനെ മേച്ചുനടന്ന ഒരു കവി. ലോർക്ക, നെരൂദ തുടങ്ങിയവരുടെ സ്നേഹിതനായിരുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് തടവിലായി. മരണശിക്ഷയ്ക്കു വിധിച്ചുവെങ്കിലും അതു പിന്നീട് മുപ്പതുകൊല്ലത്തെ ജയിൽവാസമായി ചുരുക്കി. ക്ഷയരോഗബാധിതനായി, വേണ്ടത്ര ചികിത്സ ലഭിക്കാതെ ജയിലിൽ വച്ചുതന്നെ മരിച്ചു.



link to miguel hernandez





4 comments:

വെള്ളരി പ്രാവ് said...

ഇതിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ "ഫെഡറിക്ക് നെവ്മന്‍ "ഉം എഴുതി ഇതേ വരികള്‍.വള്ളിപുള്ളി മാറാതെകാലാന്തരങ്ങള്‍ക്ക് ശേഷം മിഗ്വെൽ ഹെർണാണ്ടെസ് എന്ന ഇടയ വിപ്ലവകാരിയും.ആരാണ് യഥാര്‍ത്ഥത്തില്‍രചയിതാവ്...ആരുടേയും രചനയുടെ അപഹരണം അല്ലെന്നുഹെർണാണ്ടെസ് അന്ന് ആണയിട്ടപ്പോള്‍..അത് സമൂഹം അംഗീകരിക്കുമ്പോള്‍ഇവിടെ സംഭവിച്ചത് എന്ത്?കാല്പനികതയോ അതോ..കാലത്തിന്‍റെ തനിയാവര്‍ത്തനമോ?ഒന്നായ നിന്നെ ഇഹ..രണ്ടെന്നു കണ്ടു-മന-

വി.രവികുമാർ said...

ഇങ്ങനെയൊന്ന് ആദ്യമായി കേള്‍ക്കുകയാണല്ലോ. കൂടുതലായി എവിടെ അറിയാം?

Echmukutty said...

കവിത ഇഷ്ടമായി.

വെള്ളരി പ്രാവ് said...

വിശദ വായനക്ക് വന്നതിപ്പോള്‍.അപ്പോളാണ് ഈ കുറിപ്പ് കണ്ടത്.മറുപടി വൈകിയതില്‍ ക്ഷമിക്കു .രവി സര്‍,വായന തലയ്ക്കു പിടിച്ച ഒരു കാലം ഉണ്ടായിരുന്നു.ഊണിലും ഉറക്കത്തിലും പുസ്തകം
മാറോടു ചേര്‍ത്ത കാലം.ആ വായനയുടെ ഓര്‍മ്മകള്‍ക്കിടയിലെവിടെയോ ചിതലരിച്ചടര്‍ന്ന ചില അവശേഷിപ്പുകള്‍.ഒരു ഹരിത ഭൂതകാലത്തിന്റെ അടയാളങ്ങള്‍.അതാണ്‌ ഇവിടെ എഴുതിയത്.(അച്ഛന് ഒത്തിരി പുസ്തക ശേഖരം ഉണ്ടായിരുന്നു...അതിലെവിടെയോ വായിച്ചു മറന്നത്.)പ്രവാസലോകത്ത്‌ നിന്ന് പറന്ന് ഇങ്ങോളം വരുമ്പോള്‍ പരിഭാഷയിലെ അക്ഷരങ്ങളില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ ..തെല്ലകലെ നിന്ന് എന്‍റെ കൌമാരം എന്നെ മാടി വിളിക്കുന്നതായി തോന്നുന്നു.ഈ അറിവിന്‍റെ ശേഖരത്തിന് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പ്രകാശിപ്പിക്കുന്നു.(Pls use Google search engine also 4 d same.Might be there...am not confident...)