Sunday, August 28, 2011

അന്ന അഹ് മാത്തൊവ –പവിത്രമായൊരതിർത്തിയുണ്ട് തമ്മിലടുത്തവർക്കിടയിൽ...

File:Akhmatova memoir in Odessa.JPG



പവിത്രമായൊരതിർത്തിയുണ്ട് തമ്മിലടുത്തവർക്കിടയിൽ...


പവിത്രമായൊരതിർത്തിയുണ്ട് തമ്മിലടുത്തവർക്കിടയിൽ,
കടക്കുകയുമരുതതു പ്രണയം കൊണ്ടോ, വികാരം കൊണ്ടോ-
ഭയാനകമായ മൌനത്തിൽ ചുണ്ടുകളുരുകിച്ചേർന്നാലും,
പ്രണയം കൊണ്ടു ഹൃദയം നൂറുനൂറായി നുറുങ്ങിയാലും.


ആത്മാവു കെട്ടുപാടുകളറുക്കുമ്പോൾ,
ആസക്തിയുടെ അലസനിർവേദത്തോടതു മുഖം തിരിക്കുമ്പോൾ,

നിസ്സഹായമാണു സൗഹൃദമിവിടെ,
ആണ്ടുകൾ കൊണ്ടാടിയ ഉത്കടാനന്ദങ്ങളും.

ഉന്മാദികൾ- അതിലേക്കെത്താനോങ്ങുന്നവർ,
അതിലേക്കെത്തിയവർ- ശോകത്തിന്റെ പ്രഹരമേറ്റവർ...
ഇനി നിനക്കറിയുമല്ലോ, നിന്റെ കൈകൾ ലാളിക്കുമ്പോൾ
എന്റെ ഹൃദയമതിദ്രുതം മിടിയ്ക്കാത്തതെന്തെന്നും?

1915 മേയ്


ഹാ, കുളിരുന്നൊരു നാളായിരുന്നത്...



ഹാ, കുളിരുന്നൊരു നാളായിരുന്നത്,
പീറ്ററിന്റെ വിസ്മയനഗരത്തിൽ!
രക്തജ്വാല പോലസ്തമയം,
പതിയെ കനക്കുന്ന നിഴലുകൾ.

അവൻ കൊതിക്കരുതെന്റെ കണ്ണുകളെ,
പ്രവചിക്കുന്ന നിശിതദൃഷ്ടികളെ.
അവനു കിട്ടട്ടെയൊരായുസ്സിന്റെ കവിതകൾ,
എന്റെയുദ്ധതാധരങ്ങളുടെ പ്രാർത്ഥനകൾ.

1913


ഒരു ഹൃദയത്തോടു  കൊളുത്തിയിട്ടില്ല  മറ്റൊന്നിനെ...



ഒരു ഹൃദയത്തോടു  കൊളുത്തിയിട്ടില്ല  മറ്റൊന്നിനെ,
നിങ്ങൾക്കിഷ്ടമതാണെങ്കിൽ- പൊയ്ക്കോളൂ!
ആഹ്ളാദങ്ങൾ പലതും കാത്തിരുപ്പുണ്ടാവും
കെട്ടുപാടുകളില്ലാത്തൊരാളെ.

കരയുകയല്ല ഞാൻ, വിലപിക്കുകയല്ല ഞാൻ,
ആനന്ദമെനിക്കു പറഞ്ഞതുമല്ല.
ചുംബിക്കയുമരുതെന്നെ-
മരണമുണ്ടെന്നെച്ചുംബിക്കാൻ.

ഹേമന്തത്തിന്റെ മഞ്ഞിനൊപ്പം
വൈരസ്യം കാരുന്ന നാളുകൾ.
എന്തിന്‌, ഹാ, എന്തിനു നീ ഭേദമാകണം,
ഞാൻ വരിച്ചൊരുവനെക്കാൾ?

1911


ചിത്രം - ഒഡേസയിലെ ആഹ് മാത്തോവാസ്മാരകം (വിക്കിമീഡിയ)


No comments: