ഒരു സൂര്യകാന്തി പോലെ തെളിഞ്ഞതാണെന്റെ നോട്ടം...
ഒരു സൂര്യകാന്തി പോലെ തെളിഞ്ഞതാണെന്റെ നോട്ടം.
പതിവായി ഞാൻ നടക്കാനിറങ്ങാറുണ്ട്,
ഇടവും വലവും നോക്കി,
ഇടയ്ക്കിടെ പിന്നിലും നോക്കി...
ഓരോ നിമിഷവും കാണുന്നതോരോന്നും
ഇതിനു മുമ്പു ഞാൻ കാണാത്തതാണ്,
ആ വകയൊക്കെ ശ്രദ്ധിക്കുന്നതിൽ
ഞാനെന്നും നിപുണനുമാണ്...
പിറന്നപ്പോൾ താൻ പിറന്നുവെന്നറിഞ്ഞാൽ
ശിശുവിനുണ്ടാവുന്ന അതേ അത്ഭുതം
എനിക്കനുഭവമാണ്...
ലോകത്തിന്റെ നിത്യനൂതനതയിലേക്ക്
ഒരോ നിമിഷവും പിറന്നുവീഴുകയാണു ഞാനെന്ന്
ഞാനറിയുകയും ചെയ്യുന്നു...
ലോകമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നത്
കണ്ണുകൊണ്ടു കാണുന്നതിനാൽ ഒരു ഡെയ്സിപ്പൂവുണ്ടെന്നു
ഞാൻ വിശ്വസിക്കുന്നതുപോലെ.
എന്നാൽ അതിനെക്കുറിച്ചു ഞാൻ ചിന്തിക്കാറില്ല,
എന്തെന്നാൽ ചിന്തിക്കുകയെന്നാൽ മനസ്സിലാക്കാതിരിക്കുക എന്നത്രേ...
ലോകമുണ്ടായത് നമുക്കതിനെക്കുറിച്ചു ചിന്തിക്കാനല്ല
(ചിന്തിക്കുക എന്നാൽ കണ്ണുദീനം പിടിക്കുക എന്നാണ്),
നമുക്കതിനെ കാണാനും അതിനോടിണങ്ങിപ്പോകാനും...
ഒരു തത്വശാസ്ത്രവും എനിക്കില്ല:
എനിക്കിന്ദ്രിയങ്ങളുണ്ട്, അത്രതന്നെ...
പ്രകൃതിയെക്കുറിച്ചു ഞാൻ പറയുന്നുണ്ടെങ്കിൽ
എന്താണു പ്രകൃതി എന്നെനിക്കറിയാവുന്നതുകൊണ്ടല്ല,
ഞാനതിനെ സ്നേഹിക്കുന്നുവെന്നതിനാൽ,
ഞാനതിനെ സ്നേഹിക്കുന്നതും അതിനാൽ,
സ്നേഹിക്കുന്നവനറിയില്ലല്ലോ,
താൻ സ്നേഹിക്കുന്നതെന്തിനെയെന്ന്,
താൻ സ്നേഹിക്കുന്നതെന്തിനെന്ന്,
എന്താണ് സ്നേഹമെന്ന്...
സ്നേഹിക്കുക എന്നാൽ നിത്യമായ നിഷ്കളങ്കതയാണ്,
നിഷ്കളങ്കത എന്നാൽ ഒന്നുമാത്രം,
ചിന്തിക്കാതിരിക്കുക...
(ആൽബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ)
ഞാനൊരാട്ടിടയൻ...
ഞാൻ ഒരാട്ടിടയനാണ്.
എന്റെ ആടുകൾ എന്റെ ചിന്തകളാണ്,
എന്റെ ചിന്തകൾ ഇന്ദ്രിയാനുഭവങ്ങളും.
ഞാൻ ചിന്തിക്കുന്നതു കണ്ണും കാതും കൊണ്ട്,
കൈകളും കാലടികളും കൊണ്ട്,
മൂക്കും നാവും കൊണ്ട്.
ഒരു പൂവിനെക്കുറിച്ചു ചിന്തിക്കുകയെന്നാൽ
അതിനെ കാണുക, അതിനെ മണക്കുക എന്നാണ്,
ഒരു കായ തിന്നുകയെന്നാൽ
അതിന്റെ അർത്ഥം രുചിക്കുക എന്നും.
അതിനാലത്രേ,
ചൂടുള്ളൊരു പകലുനേരം,
അത്രയൊക്കെയാസ്വദിച്ചു കഴയ്ക്കുമ്പോൾ
പുല്പരപ്പിൽ മലർന്നുകിടന്ന്
ഉഷ്മളമായ കണ്ണുകളടയ്ക്കുമ്പോൾ
യാഥാർത്ഥ്യത്തിൽ നെടുനീളം കിടക്കുകയാ-
ണെന്റെയുടലെന്നെനിക്കു തോന്നുന്നു,
സത്യം ഞാനറിയുന്നു,
ഞാൻ സന്തുഷ്ടനുമാകുന്നു.
പ്രാസമെനിക്കു പ്രശ്നമേയല്ല...
പ്രാസങ്ങളെനിക്കു പ്രശ്നമേയല്ല.
അടുത്തടുത്തു നില്ക്കുന്ന രണ്ടു മരങ്ങൾ
ഒരുപോലാകുന്നത് വളരെയപൂർവം.
എന്റെ ചിന്തയും എന്റെയെഴുത്തും
നിറമുള്ള പൂക്കളെപ്പോലെതന്നെയാണ്,
അവയെപ്പോലത്ര പൂർണ്ണമല്ല പക്ഷേ,
എന്റെ ആവിഷ്കാരത്തിന്റെ രീതികൾ.
പ്രത്യക്ഷത്തിൽ ഞാനെന്താണോ, അതാവുക-
ആ ദിവ്യലാളിത്യത്തിന്റെ കുറവെനിക്കുണ്ടല്ലോ.
ഞാൻ നോക്കുന്നു, നോക്കുമ്പോളെന്റെ മനസ്സിളകുന്നു,
നിലം ചരിയുമ്പോൾ വെള്ളമൊഴുകുമ്പോലെ,
എന്റെ കവിതയും പ്രകൃത്യനുസാരം,
കാറ്റു വീശുമ്പോലെ...
ആല്ബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്
No comments:
Post a Comment