അസ്ഥിവാരങ്ങൾ
പൂഴിയിൽ ഞാൻ പണിഞ്ഞു,
അതിടിഞ്ഞുവീണു.
പാറ മേൽ ഞാൻ പണിഞ്ഞു,
അതുമിടിഞ്ഞുവീണു.
ഇനി പണിയുമ്പോൾ
ചിമ്മിനിയിലെ പുകയിൽ നിന്നു
ഞാൻ തുടങ്ങും.
പാലം
കുതിച്ചൊഴുകുന്ന വൻപുഴയുടെ കരയ്ക്കു നില്ക്കുമ്പോൾ
എനിക്കു വിശ്വാസമായിരുന്നില്ല,
നേർത്തു ദുർബലമായ മുളക്കീറുകൾ
മരവള്ളി കൊണ്ടുറപ്പിച്ച ആ പാലം
ഞാൻ കടന്നുകയറുമെന്ന്.
പൂമ്പാറ്റയെപ്പോലെ മയത്തിൽ ഞാൻ നടന്നു,
ആനയെപ്പോലെ കനത്തിൽ ഞാൻ നടന്നു,
നർത്തകനെപ്പോലുറപ്പിച്ചു ഞാൻ നടന്നു,
കുരുടനെപ്പോലെ ചഞ്ചലപ്പെട്ടു ഞാൻ നടന്നു.
ഞാൻ പാലം കടക്കുമെന്നെനിക്കു വിശ്വാസമായിരുന്നില്ല,
ഇപ്പോൾ മറുകരെ നില്ക്കെ,
ഞാൻ പാലം കടന്നുവെന്നെനിക്കു വിശ്വാസവുമാകുന്നുമില്ല.
മൂന്നു പട്ടണങ്ങൾ
മൂന്നു കൊച്ചുപട്ടണങ്ങൾ,
മൂന്നും കൂടി ഒന്നിലിട്ടുവയ്ക്കാവുന്നത്ര
ചെറിയ പട്ടണങ്ങൾ...
ഭൂപടത്തിലില്ലവ,
യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടുപോയവ,
അവയിലും മനുഷ്യർ ജീവിച്ചിരുന്നു,
പരിശ്രമശാലികൾ, ശാന്തചിത്തർ,
സമാധാനപ്രേമികൾ.
ആറിത്തണുത്ത, ഉദാസീനപ്രകൃതികളായ സഹോദരന്മാരേ,
നിങ്ങളിലൊരാളു പോലും
ഈ നഗരങ്ങളെക്കുറിച്ചൊന്നന്വേഷിക്കാത്തതെന്തേ?
എത്ര പാപ്പരാണവൻ,
ചോദ്യങ്ങൾ ചോദിക്കാത്തവൻ.
ലിയോപോൾഡ് സ്റ്റാഫ് (1878-1957) - ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പോളിഷ് കവിതയിലെ സജീവസാന്നിദ്ധ്യം. ചിത്രകാരനും നാടകകൃത്തും പത്രപ്രവർത്തകനും വിവർത്തകനുമായിരുന്നു.
link to image
http://en.wikipedia.org/wiki/Leopold_Staff
1 comment:
എത്ര വാസ്തവമായ കുമ്പസാരം.....
Post a Comment