ലിഡിയാ, നമ്മുടെ ശരല്ക്കാലമെത്തുമ്പോൾ...
ലിഡിയാ, ഹേമന്തത്തെയൊപ്പം കൂട്ടി
നമ്മുടെ ശരല്ക്കാലമെത്തുമ്പോൾ
മനസ്സിലൊരു ചിന്ത മാത്രം വയ്ക്കുക:
വരാനുള്ള വസന്തത്തിന്റെയല്ല,
അന്യർക്കുള്ളതാണത്,
നാം മരിച്ചതിൽപ്പിന്നെയെത്തുന്ന
ഗ്രീഷ്മത്തിന്റെയുമല്ല,
കടന്നുപോകുന്നതു ബാക്കിവയ്ക്കുന്നതേതതിനെ-
ഇലകളെ മറ്റു ചിലതാക്കി
അവയിൽ പടരുന്ന ഈ മഞ്ഞപ്പിനെ.
(1930)
ലിഡിയാ, നമുക്കൊന്നുമറിയില്ല...
ലിഡിയാ, നമുക്കൊന്നുമറിയില്ല,
നാമെവിടെയോ, അവിടെയന്യരാണു നാം.
ലിഡിയാ, നമുക്കൊന്നുമറിയില്ല,
നാമെവിടെ ജീവിച്ചാലും അവിടെയന്യരാണു നാം.
ഒക്കെയും നമുക്കന്യം,
അവയ്ക്കു ഭാഷയും വേറെ.
നമ്മളിൽത്തന്നെ നാമഭയം തേടുക,
ഈ ലോകത്തിന്റെ കാലുഷ്യങ്ങളിൽ നിന്നു നാം പിൻവാങ്ങുക.
അന്യരെ ഉള്ളിൽ കടത്തരുതെന്നതിൽക്കവിഞ്ഞു
പ്രണയത്തിനെന്തു മോഹിക്കാൻ?
ഒരു നിഗൂഢകഥയിലടക്കം പറഞ്ഞതൊന്നിനെപ്പോലെ
നമുക്കൊളിയിടമതാകട്ടെ.
(1932)
എന്നെ മറക്കുകെന്നൊരു വരമേ...
എന്നെ മറക്കുകെന്നൊരു വരമേ
ദേവന്മാരെനിക്കു നല്കേണ്ടു.
നല്ല ഭാഗ്യമെനിക്കു വേണ്ട,
കെട്ട ഭാഗ്യമെനിക്കു വേണ്ട,
കാറ്റിനെപ്പോലഴിച്ചുവിട്ടാൽ മതിയെന്നെ,
ഒന്നുമല്ലാത്ത വായുവിനു ജീവൻ നല്കുന്നതതല്ലേ.
സ്നേഹവും വെറുപ്പും നമ്മെ തേടിപ്പിടിയ്ക്കുന്നു,
നമ്മെ പീഡിപ്പിക്കുന്നു, അതാതിന്റെ രീതിയിൽ.
അവനേ സ്വതന്ത്രൻ,
ദേവന്മാർ മുഖം തിരിച്ചവൻ.
ശൂന്യത്തിൽ നിന്നു ശൂന്യമുല്പന്നം...
ശൂന്യത്തിൽ നിന്നു ശൂന്യമുല്പന്നം,
ശൂന്യമാണു നമ്മളും.
കാറ്റത്തും വെയിലത്തുമൊരല്പനേരം നാം മാറ്റിവയ്ക്കുന്നു
നമുക്കു മേൽ വന്നുവീഴേണ്ട നനഞ്ഞ മണ്ണിന്റെ
ശ്വാസം മുട്ടിയ്ക്കുന്ന അന്ധകാരം.
അടക്കാൻ വൈകിയതിനാൽ
പെറ്റുകൂട്ടുന്ന ശവങ്ങൾ.
പാസ്സാക്കിയ നിയമങ്ങൾ,
കണ്ടു കഴിഞ്ഞ പ്രതിമകൾ,
എഴുതിത്തീർത്ത കവിതകൾ-
ഓരോന്നിനുമുണ്ടതാതിന്റെ ശവക്കുഴികൾ.
ഉള്ളിലൊരു സൂര്യന്റെ ചൂടിനാൽ
ചോരയോടുന്ന മാംസക്കൂനകളാണു നമ്മൾ;
നമുക്കൊരന്ത്യമുണ്ടെങ്കിൽ
അവയ്ക്കുമൊരന്ത്യമെന്തുകൊണ്ടായിക്കൂടാ?
പഴംകഥകൾ പറഞ്ഞിരിക്കുന്ന പഴംകഥകളാണു നമ്മൾ,
മറ്റൊന്നുമല്ല.
(1932)
ആരുമാരെയും സ്നേഹിക്കുന്നില്ല...
ആരുമാരെയും സ്നേഹിക്കുന്നില്ല.
സ്നേഹിക്കുന്നെങ്കിലതന്യനിൽ കാണുന്ന തന്നെ.
ആരും തന്നെ സ്നേഹിക്കുന്നില്ലെങ്കിലതിൽ മുഷിയുകയും വേണ്ട.
അന്യർ നിങ്ങളെ നോക്കുമ്പോളവർ കാണുന്നതൊരന്യനെ.
നിങ്ങൾ നിങ്ങളാവുക, ആരും സ്നേഹിക്കാനില്ലെങ്കിലും.
തന്നിലൊതുങ്ങി സുരക്ഷിതനാവുക,
അത്രയും കുറച്ചു ശോകങ്ങളേ നിങ്ങളനുഭവിക്കേണ്ടു.
(1932)
(റിക്കാർഡോ റെയിസ് എന്ന അപരനാമത്തിൽ പെസ് വാ എഴുതിയ കവിതകൾ)
3 comments:
nice , thanks
നല്ല വരികൾ...സന്തോഷം.
വളരെ നന്നായിട്ടുണ്ട്
Post a Comment