Thursday, August 25, 2011

ഫെർണാണ്ടോ പെസൊവ - നേർവരയിൽ ഒരു കവിത


തോൽവി പിണഞ്ഞൊരാൾ എന്റെ അറിവിലില്ല.
എന്തിലും കേമന്മാരായിരുന്നു എന്റെ പരിചയക്കാരൊക്കെ.

ഞാനോ, മിക്കപ്പോഴും പ്രാകൃതൻ, മിക്കപ്പോഴും അറയ്ക്കുന്നവൻ, മിക്കപ്പോഴും ആഭാസൻ,
മന:പൂർവം തന്നെയൊരു പരോപജീവി.
ഒരു ന്യായീകരണവുമില്ലാതെ മലിനമായി നടക്കുന്നവൻ,
മടി കൊണ്ടു  മേലു കഴുകാത്തവൻ,
മിക്കപ്പോഴും പരിഹാസ്യൻ, അത്രയ്ക്കും യുക്തിഹീനൻ,
ജനമദ്ധ്യത്തിൽ ഉപചാരങ്ങളുടെ പരവതാനിയിൽ കാലുതടഞ്ഞു വീണവൻ,
വികൃതൻ, ഹീനൻ, അധമൻ, ഉദ്ധതൻ,
അധിക്ഷേപത്തിനിരയായിട്ടും മറിച്ചൊന്നു  മിണ്ടാത്തവൻ,
ഒരു വാക്കു മിണ്ടിയാൽ അതുകൊണ്ടപഹാസ്യനാവുന്നവൻ,
വീട്ടുവേലക്കാരികളുടെ പരിഹാസപാത്രം,
കൂലിക്കാർ പിന്നിൽ നിന്നു കൊഞ്ഞനം കുത്തുന്നവൻ,
കടം വാങ്ങിയാൽ തിരിച്ചുകൊടുക്കാത്തവൻ,
അടി വരുമ്പോളോടിമാറിയവൻ,
എത്രയും തുച്ഛമായതിന്റെ പേരിൽ നെഞ്ചെരിച്ചവൻ,
ഈ കളിയിൽ എന്നെ മികയ്ക്കാനാരുമില്ലെന്നു ബോദ്ധ്യമായവൻ, ഞാൻ.

ഞാനറിയുന്നൊരാളും വിഡ്ഢിത്തമായിട്ടൊന്നും ചെയ്തിട്ടില്ല,
എന്നോടു മിണ്ടിപ്പരിചയമുള്ളൊരാളും ആക്ഷേപങ്ങൾ കേട്ടുനിന്നിട്ടില്ല,
ജീവിതത്തിൽ രാജാക്കന്മാരായിരുന്നു അവർ, അതെ, ഒന്നിനൊന്നു തറവാടികളായിരുന്നു...

ഒരു മനുഷ്യശബ്ദം കേൾക്കാൻ ഞാനെത്ര കൊതിയ്ക്കുന്നുവെന്നോ,

പാപം ചെയ്തുവെന്നല്ല, ദുഷ്പേരു വരുത്തിയെന്നൊരു കുമ്പസാരം,
അക്രമം ചെയ്തുവെന്നല്ല, ഭീരുത്വം കാണിച്ചെന്നൊരു സംസാരം!
എന്നോടു മിണ്ടാൻ സന്മനസ്സു കാണിച്ചവരൊക്കെ പവൻ മാറ്റുരുപ്പടികളായിരുന്നു.
ഈ വിപുലലോകത്തൊരാളുമില്ലേ, ഒരിക്കലെങ്കിലും താനൊരു ദുഷ്ടനായിരുന്നുവെന്നോടു കുമ്പസാരിക്കാൻ?
രാജാക്കന്മാരേ, സഹോദരന്മാരേ,
അർദ്ധദൈവങ്ങളെക്കൊണ്ടെനിക്കു മടുത്തു!
എവിടെപ്പോയി ലോകത്തെ യഥാർത്ഥമനുഷ്യർ?

പിഴച്ചവനും അബദ്ധക്കാരനുമായി ഈ ലോകത്തു ഞാനൊരാളേയുള്ളു?

സ്ത്രീകളവരിൽ മയങ്ങിയിട്ടില്ലെന്നുവരാം,
അവർ വഞ്ചിതരായെന്നും വരാം- പക്ഷേ പരിഹാസ്യത? അതവർക്കില്ല!
ഞാൻ, വഞ്ചിതനാവാതെ തന്നെ  പരിഹാസ്യനായവൻ,
ആ തിരുമനസ്സുകളോടെങ്ങനെ ഞാൻ വിക്കാതെ  മിണ്ടും?
ഞാൻ, നിന്ദ്യനായവൻ, അക്ഷരാർത്ഥത്തിൽ നിന്ദ്യനായവൻ,
ആ വാക്കിന്റെ ഏറ്റവും ഹീനവും അധമവുമായ അർത്ഥത്തിൽ നിന്ദ്യനായവൻ...



അൽവാരോ ദെ കാമ്പോസ് എന്ന അപരനാമത്തിൽ എഴുതിയത്

2 comments:

വെള്ളരി പ്രാവ് said...

സ്വന്തമായി പിന്നെ എന്നാ ഉണ്ട് ഫെര്‍ണണ്ടാസ് അച്ചായോ?

പിന്നെ എന്നാത്തിനാ
ഈ വയ്യാ വേലിക്ക് പോയെ ?

വെള്ളരി പ്രാവ് said...

സ്നേഹിച്ച പെണ്ണിനേക്കാള്‍ സുന്ദരി അവളുടെ അനിയത്തി ആണെന്ന് അറിഞ്ഞപ്പോള്‍......ഒരു തൂവാല മണപ്പിക്കുന്നതായി അഭിനയിച്ച്,ശ്വാസം കിട്ടാതെ ആസ്ത്മ രോഗിയായിരുന്ന അവള്‍ മരിച്ചപ്പോള്‍.അവളുടെ അനിയത്തി പ്രേമാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍, ആ കുറ്റബോധത്താല്‍ മിന്സായ് നദിക്കരയില്‍ ഇരുന്നു കവിത എഴുതി തുടങ്ങിയ അൽവാരോ ദെ കാമ്പോ എന്ന ഫെർണാണ്ടോ പെസ് വാ
ഒരിക്കലും ഒരു നേരിന്‍റെ പ്രതീകമല്ല..തന്മൂലം വെറുക്കുന്നു ആ രചനകള്‍.(പ്രണയിക്കുന്നവര്‍ പരസ്പരം തൂവാല കൊടുക്കരുതെന്ന പടിഞാറിന്റെ പഴമൊഴി തുടങ്ങുന്നതവിടെ)