Tuesday, August 30, 2011

ഫ്രീഡ്റിക്ക് നീച്ച - സ്ത്രീയും കുട്ടിയും

File:Nietzsche1882.jpg


1. അമ്മയിൽ നിന്ന്

ഏതു പുരുഷനും അമ്മയിൽ നിന്നു കിട്ടിയ ഒരു സ്ത്രീബിംബം തന്റെയുള്ളിൽ കൊണ്ടുനടക്കുന്നുണ്ട്; അതു നിശ്ചയിക്കും, സ്ത്രീകളോടുള്ള അയാളുടെ മനോഭാവമെന്തെന്ന്: അതു മാന്യതയോ, അവജ്ഞയോ, ഉദാസീനതയോയെന്ന്.

2. പരിപൂർണ്ണയായ സ്ത്രീ

പരിപൂർണ്ണയായ സ്ത്രീ പരിപൂർണ്ണനായ പുരുഷനെക്കാൾ കൂടിയൊരു തരമാണ്‌, അതിനെക്കാളപൂർവ്വവും.
ഈ പ്രമാണത്തിന്റെ സാധുത പരിശോധിക്കാൻ ജന്തുവിജ്ഞാനീയം ഒരുപാധിയാണ്‌.

3. വിവാഹവും സൗഹൃദവും

നല്ലൊരു സുഹൃത്തിനാണ്‌ നല്ലൊരു ഭാര്യയെ കിട്ടാൻ സാധ്യതയേറെ; എന്തെന്നാൽ സൗഹൃദത്തിനുള്ള വാസനയാണ്‌ നല്ലൊരു വിവാഹബന്ധത്തിന്റെ ആധാരം.

4. രക്ഷിതാക്കൾ ജിവിക്കുന്നു

അച്ഛനമ്മമാരുടെ സ്വഭാവങ്ങളും മനോഭാവങ്ങളും തമ്മിലുള്ള ബന്ധത്തിൽ പരിഹൃതമാവാതെ കിടക്കുന്ന അപസ്വരങ്ങൾ കുട്ടിയുടെ പ്രകൃതത്തിൽ അനുരണനം ചെയ്തുകൊണ്ടിരിക്കും; അവന്റെ ഉൾവ്യഥകളെന്നു പറയുന്നവയും അതായിരിക്കും.

5. പ്രകൃതിയുടെ തെറ്റു തിരുത്താൻ

നല്ലൊരച്ഛനല്ല നിങ്ങൾക്കുള്ളതെങ്കിൽ അങ്ങനെയൊരാളെ നിങ്ങൾ സ്വന്തമാക്കുകയും വേണം.

6. പിതാക്കന്മാരും പുത്രന്മാരും

തങ്ങൾക്കു പുത്രന്മാരുള്ളതിന്റെ പേരിൽ ഒരുപാടു പിഴ മൂളേണ്ടിവരും പിതാക്കന്മാർ.

7. ഒരു പുരുഷരോഗം

ആത്മനിന്ദ എന്ന പുരുഷരോഗത്തിനുള്ള ഒറ്റമൂലിയാണ്‌ ഒരു തന്റേടിസ്ത്രീയുടെ പ്രണയം.

8. അസൂയയുടെ ഒരു വകഭേദം

തങ്ങളുടെ പുത്രന്മാരുടെ സുഹൃത്തുക്കളിൽ അസാമാന്യമായ കഴിവുള്ളവരുണ്ടെങ്കിൽ അവരോടു പ്രത്യേകിച്ചൊരസൂയയായിരിക്കും അമ്മമാർക്ക്; പൊതുവേ ഒരമ്മ സ്നേഹിക്കുന്നത് തന്റെ മകനേക്കാളേറെ ആ മകനിലെ തന്നെയായിരിക്കും.

9. യുക്തിയുള്ള ഒരസംബന്ധം

സ്വന്തം ജിവിതവും ബുദ്ധിയും വളർച്ചയെത്തുന്ന മുറയ്ക്ക് പുരുഷനു തോന്നലുണ്ടായിവരും, അച്ഛൻ തന്നെ ജനിപ്പിച്ചതു തെറ്റായിപ്പോയെന്ന്.

10. മാതൃനന്മ

ചില അമ്മമാർക്ക് സന്തോഷവാന്മാരായ, മതിപ്പുളവാക്കുന്ന മക്കളെ വേണം; മറ്റു ചിലർക്ക് സന്തോഷമില്ലാത്ത മക്കളും: എന്നാലേ അവർക്കു തങ്ങളുടെ മാതൃവാത്സല്യം പുറത്തുവരൂ.

11.  രണ്ടുതരം നെടുവീർപ്പുകൾ

തങ്ങളുടെ സ്ത്രീകൾ അപഹരിക്കപ്പെട്ടതിൽ നെടുവീർപ്പിട്ട ചില പുരുഷന്മാരുണ്ട്; അവരപഹരിക്കപ്പെടാത്തതിൽ നെടുവീർപ്പിടുന്നവരാണധികവും.

12. മടുപ്പ്

പലരും, സ്ത്രീകൾ പ്രത്യേകിച്ചും, മടുപ്പെന്നതനുഭവിക്കാറില്ല, കാരണം, അവർ മര്യാദയ്ക്കു ജോലി ചെയ്തിട്ടുതന്നെയില്ല.

13. സ്നേഹത്തിന്റെ ഒരു ഘടകം

സ്ത്രീകളുടെ ഏതുതരം സ്നേഹത്തിലുമുണ്ടാവും മാതൃസ്നേഹത്തിന്റെ ഒരംശം.

14. നാടകത്തിലെ സ്ഥലൈക്യം

ഒരുമിച്ചല്ല ഭാര്യാഭർത്താക്കന്മാർ ജീവിക്കേണ്ടതെങ്കിൽ സന്തുഷ്ടദാമ്പത്യങ്ങളുടെ എണ്ണം കൂടിയേനെ.

15. വിവാഹത്തിന്റെ പതിവുഫലങ്ങൾ

പിടിച്ചുയർത്തുന്നതല്ല ഒരു ചേർച്ചയെങ്കിൽ അതു വലിച്ചുതാഴ്ത്തും, നേരേ മറിച്ചും; അതുകാരണം ഭാര്യമാരാവുമ്പോൾ പുരുഷന്മാർ ഒന്നിടിയും, സ്ത്രീകൾ ഒന്നുയരുകയും ചെയ്യും. ബുദ്ധിമാത്രജീവികളായ പുരുഷന്മാർക്ക് വിവാഹം അത്രയ്ക്കത്യാവശ്യമായിരിക്കുന്നു, കൈയ്ക്കുന്ന കഷായം പോലെ അവരതിനെ എത്ര തന്നെ ചെറുത്താലും.

16. ദീർഘദാമ്പത്യം

ഒരാൾക്കു മറ്റേയാളിലൂടെ വ്യക്തിപരമായൊരുന്നം കൈവരിക്കാനുണ്ടെങ്കിൽ വിവാഹബന്ധങ്ങൾ പിടിച്ചുനിന്നുകൊള്ളും; ഉദാഹരണത്തിന്‌ ഭാര്യ ഭർത്താവിലൂടെ പ്രശസ്തയാവാനാഗ്രഹിക്കുന്നുണ്ടെങ്കിൽ, ഭർത്താവ് ഭാര്യയിലൂടെ ജനപ്രീതി നേടാനാഗ്രഹിക്കുന്നുണ്ടെങ്കിൽ.

17. സ്നേഹിക്കലും കൈക്കലാക്കലും

സ്ത്രീകൾ പൊതുവേ പ്രധാനപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുന്നത് അയാൾ തങ്ങളുടെ മാത്രമാകണമെന്നൊരു രീതിയിലാണ്‌. അയാളെയിട്ടു പൂട്ടി താക്കോലും കൊണ്ടവർ നടന്നേനെ, അന്യർക്കു മുന്നിൽ ഒരു വിശിഷ്ടവ്യക്തിയായി അയാളെ കൊണ്ടുനിർത്താൻ കൊതിയ്ക്കുന്ന പൊങ്ങച്ചം മറിച്ചൊരുപദേശം നല്കിയില്ലെങ്കിൽ.

18. ആരെയും എന്തിലേക്കും കൊണ്ടുവരാനുള്ള വഴി

നിങ്ങൾക്കേതു പുരുഷനെയും തളർത്തിയിടാം, ഉപദ്രവങ്ങൾ കൊണ്ട്, ഭീതികൾ കൊണ്ട്, അമിതമായ അദ്ധ്വാനവും ആശയങ്ങളുടെ ഭാരവും കൊണ്ട്; സങ്കീർണ്ണമെന്നു തോന്നുന്ന ഏതിനും മുന്നിൽ അയാൾ പിന്നെ ചെറുത്തുനില്പ്പിനൊരുങ്ങാതെ വഴങ്ങിക്കൊടുക്കും - നയതന്ത്രജ്ഞന്മാർക്കും സ്ത്രീകൾക്കും അറിയാവുന്നൊരു സംഗതിയാണിത്.

19. മുഖംമൂടികൾ

നിങ്ങളെങ്ങനെ മഷിയിട്ടു നോക്കിയാലും ഒരാന്തരജീവിതം കണ്ടെടുക്കാനില്ലാത്ത സ്ത്രീകളുണ്ട്, വെറും മുഖംമൂടികൾ മാത്രമായവർ. പ്രേതപ്രായവും, അതൃപ്തിജനകവുമായ അത്തരം ജീവികൾക്കു വിധേയനാവുന്ന പുരുഷൻ സഹതാപമർഹിക്കുന്നവൻ തന്നെ. അതേസമയം ഈ സ്ത്രീകൾ തന്നെയാണ്‌ പുരുഷന്റെ ആസക്തിയെ ഉത്തേജിപ്പിക്കുന്നതിൽ സമർത്ഥരും: അയാൾ അവരുടെ ആത്മാവിനെ അന്വേഷിച്ചു പോവുകയാണ്‌ - നിലയ്ക്കാത്ത അന്വേഷണത്തിലാണ്‌.

20. വിവാഹം ഒരു ദീർഘസംഭാഷണം

വിവാഹം കഴിക്കാനൊരുങ്ങുന്നതിനു മുമ്പ് നിങ്ങൾ ഒരു ചോദ്യം സ്വയം ചോദിക്കണം: വാർദ്ധക്യം വരെയും ഈ സ്ത്രീയുമായി നന്നായി സംസാരം നടത്താൻ കഴിയുമെന്നു തനിക്കു തോന്നുന്നുണ്ടോ? ദാമ്പത്യത്തിൽ മറ്റെന്തും നശ്വരമാണ്‌; പരസ്പരബന്ധമെന്നാൽ ഏറെയും സംസാരമാണതിൽ.


21. പെൺകുട്ടികളുടെ സ്വപ്നങ്ങൾ

പരിചയക്കുറവുള്ള പെൺകുട്ടികൾ സ്വയമഭിമാനിക്കും, പുരുഷനെ സന്തുഷ്ടനാക്കുക എന്നത് തങ്ങളുടെ വരുതിയിലുള്ള കാര്യമാണെന്ന്; പിന്നെ അവർ പഠിക്കും, ഒരു പെണ്ണിനെ കിട്ടിയാൽ സന്തുഷ്ടനാകാനേയുള്ളു പുരുഷൻ എന്നു വിചാരിക്കുന്നത് അയാളെ അവജ്ഞയോടെ കാണുന്നതിനു തുല്യമാണെന്നും.
സന്തുഷ്ടനായ ഭർത്താവു മാത്രമായാൽപ്പോരാ പുരുഷൻ എന്നാണ്‌ സ്ത്രീകളുടെ പൊങ്ങച്ചം വാശി പിടിക്കുന്നത്.

22. പ്രതിയോഗികളില്ലാതെ

പുരുഷന്മാരുടെ ആത്മാവിനെ മറ്റെന്തെങ്കിലും കൈക്കലാക്കിയിട്ടുണ്ടോയെന്ന് സ്ത്രീകൾ അനായാസമായി കണ്ടുപിടിയ്ക്കും; തങ്ങളുടെ സ്നേഹത്തിന്‌ പ്രതിയോഗികളുണ്ടാവരുതവർക്ക്. അയാളുന്നം വയ്ക്കുന്ന ഉയരങ്ങളെ, അയാളുടെ രാഷ്ട്രീയോത്തരവാദിത്തങ്ങളെ, അയാളുടെ ശാസ്ത്രത്തെയും കലയെയും, അങ്ങനെ ചിലതയാൾക്കുണ്ടെങ്കിൽ, അവർ വെറുക്കും. അല്ലെങ്കിൽ അവ കാരണം അയാൾ പ്രശസ്തനായിരിക്കണം: അപ്പോൾ അവർ ആശിക്കും, അയാളുമായുള്ള ഒരു പ്രണയബന്ധം തങ്ങളെയും പ്രശസ്തരാക്കുമെന്ന്; അങ്ങനെ വരുമ്പോൾ അവർ അയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

23. വെള്ളെഴുത്തു പിടിച്ച അനുരാഗികൾ

പവറു കൂടിയൊരു കണ്ണട മാത്രം മതിയായേനേ, പ്രണയത്തിൽപ്പെട്ടൊരു പുരുഷനെ രക്ഷപ്പെടുത്താൻ. ഇരുപതു കൊല്ലം കഴിഞ്ഞാൽ ഒരു മുഖമോ രൂപമോ ഏതുവിധമിരിക്കും എന്നു ഭാവന ചെയ്യാനുള്ള കഴിവ് ഒരാൾക്കുണ്ടെങ്കിൽ വലിയ സൊല്ലയൊന്നും കൂടാതെ അയാൾ ജിവിതം കടന്നുകൂടിയെന്നിരിക്കും.


[അനാരോഗ്യം കാരണം അക്കാദമിക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവരികയും, ജർമ്മൻ ദേശിയതാവാദിയായ റിച്ചാർഡ് വാഗ്നറുമായി പിരിയുകയും ചെയ്ത കാലത്തെഴുതിയ ‘സ്വതന്ത്രാത്മാക്കൾക്കൊരു പുസ്തകം’(1878) എന്ന കൃതിയിൽ നിന്ന്. അദ്ദേഹത്തിന്റെ പിൽക്കാലചിന്തയുടെ വിത്തുകൾ മുളപൊട്ടുന്നതും ഇതിൽ കാണാം.]


 

3 comments:

വെള്ളരി പ്രാവ് said...

:)))

ജീ . ആര്‍ . കവിയൂര്‍ said...

നമ്മുടെ നീതിസാരങ്ങളും മറ്റു അനവധി ഗ്രന്ഥങ്ങളും ഇതിലും ഉപരിയായി വിവരിക്കുന്നുണ്ട്
എങ്കിലും ഇവിടെ അത് വേറൊരു ഉരുപത്തില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി നല്ല പോസ്റ്റ്‌
ഞങ്ങള്‍ മുംബൈ മലയാളികളുടെ ഒരു SOICIAL നെറ്റ് വര്‍ക്ക്‌ ഉണ്ട്
ഇതൊക്കെ അവിടെയും പോസ്റ്റിയാല്‍ നന്നായിരുന്നു
http://whitelineworld.com/ ജോയിന്‍ ചെയ്യത് പോസ്റ്റും എന്ന് കരുതുന്നു

Echmukutty said...

നീച്ചെയുടെ വചനങ്ങൾ....