1. ഒരു പച്ചത്തൂവാല കൊണ്ടു മരങ്ങളുടെ കണ്ണുകൾ ഞാൻ കെട്ടി...
ഒരു പച്ചത്തൂവാല കൊണ്ടു ഞാന്‍
മരങ്ങളുടെ കണ്ണു കെട്ടി,
എന്നെക്കണ്ടുപിടിയ്ക്കാൻ
പിന്നെ ഞാനവരോടു പറഞ്ഞു.
പൊട്ടിച്ചിരി കൊണ്ടു പച്ചിലകളുലച്ചും കൊണ്ടതാ,
മരങ്ങളെന്നെക്കണ്ടുപിടിച്ചുവല്ലോ.
ഒരു മേഘത്തൂവാല കൊണ്ടു ഞാന്‍
കുഞ്ഞിക്കിളികളുടെ കണ്ണു കെട്ടി,
എന്നെക്കണ്ടുപിടിയ്ക്കാൻ കിളികളോടു ഞാൻ പറഞ്ഞു.
ഒരു പാട്ടു കൊണ്ടെന്നെ
കിളികൾ കണ്ടുപിടിയ്ക്കുകയും ചെയ്തുവല്ലോ.
ഒരു പുഞ്ചിരി കൊണ്ടു ശോകത്തിന്റെ മുഖം ഞാൻ കെട്ടി,
അടുത്ത നാളൊരു പ്രണയത്തിൽ ശോകമെന്നെക്കണ്ടുപിടിച്ചുവല്ലോ.
എന്റെ സ്വന്തം രാത്രികൾ കൊണ്ടു സൂര്യന്റെ കണ്ണൂകൾ ഞാൻ കെട്ടി,
ഇനിയെന്നെക്കണ്ടുപിടിയ്ക്കൂയെന്നു സൂര്യനോടു ഞാൻ പറഞ്ഞു.
അതാ, നിങ്ങളവിടെയെന്നു സൂര്യൻ പറഞ്ഞു,
ആ കാലാവധിയ്ക്കു തൊട്ടപ്പുറം.
ഈ ഒളിച്ചിരുപ്പിനി വേണ്ടെന്നേ.
ഈ ഒളിച്ചിരുപ്പിനി വേണ്ടെന്നേ,
അവയൊക്കെയെന്നോടു പറഞ്ഞു,
അതു തന്നെയെന്നോടു പറഞ്ഞു,
ഞാൻ കണ്ണു കെട്ടാൻ നോക്കിയ വികാരങ്ങളും.
2. ഷേക്സ്പിയർ
ഏഴുനാളെടുത്തു ഷേക്സ്പിയർ ലോകം സൃഷ്ടിച്ചു.
ഒന്നാം നാളദ്ദേഹം ആകാശം സൃഷ്ടിച്ചു, മലകളെ, ആത്മാവിന്റെ ഗർത്തത്തെയും.
രണ്ടാം നാളദ്ദേഹം പുഴകളെ സൃഷ്ടിച്ചു, കടലുകളെ, മഹാസമുദ്രങ്ങളെ, മറ്റു വികാരങ്ങളെയും.
അവയദ്ദേഹം പിന്നെ വീതിച്ചുകൊടുത്തു
ഹാംലറ്റിന്, ജൂലിയ്സ് സീസർക്ക്, ആന്റണിയ്ക്ക്, ക്ളിയോപാട്രയ്ക്ക്, ഒഫീലിയയ്ക്ക്,
ഒഥല്ലോയ്ക്കും മറ്റുള്ളവർക്കും.
അവരവയെ പരിചയിക്കട്ടെ,
അവരും അവരുടെ സന്തതിപരമ്പരകളും,
കാലമുള്ള കാലത്തോളം.
മൂന്നാം നാളദ്ദേഹം സർവരെയും വിളിച്ചുകൂട്ടി,
രുചികളോരോന്നവരെ പഠിപ്പിച്ചു,
സ്നേഹത്തിന്റെ, പ്രണയത്തിന്റെ, നൈരാശ്യത്തിന്റെ രുചികൾ,
അസൂയയുടെ, കീർത്തിയുടെ രുചികൾ,
അങ്ങനെയങ്ങനെ രുചികൾ സർവതും.
ചില കഥാപാത്രങ്ങൾ വന്നപ്പോൾ വൈകി.
സൃഷ്ടാവവരുടെ തോളത്തു കരുണയോടെ തട്ടി,
വിമർശകരാവാനവരെ നിയോഗിച്ചു,
തന്റെ സൃഷ്ടികളെ ഖണ്ഡിക്കാനും.
ചിരിയ്ക്കുള്ളതായിരുന്നു നാലുമഞ്ചും നാളുകൾ.
വിദൂഷകന്മാർ തലകുത്തി മറിയട്ടെയെന്നദ്ദേഹം പറഞ്ഞു,
രാജാക്കന്മാർ, ചക്രവർത്തിമാർ
അതുമാതിരി ദുരിതക്കാർക്കൊരുല്ലാസമായിക്കോട്ടെയെന്നദ്ദേഹം കരുതി.
ഭരണപരമായ ചില പ്രശ്ങ്ങൾക്കു പരിഹാരം കണ്ടതാറാം നാളിൽ:
ഒരു കൊടുംകാറ്റിനെ രംഗത്തവതരിപ്പിച്ചതും,
വൈക്കോൽക്കിരീടമണിയേണ്ടുന്ന വിധം ലിയർ രാജാവിനെ പഠിപ്പിച്ചതുമന്ന്.
ലോകസൃഷ്ടി കഴിഞ്ഞു ബാക്കി ചിലതു ശേഷിച്ചിരുന്നു,
അതു വച്ചദ്ദേഹം റിച്ചാർഡ് മൂന്നാമനെ സൃഷ്ടിച്ചു.
ഇനിച്ചെയ്യാനെന്തു ശേഷിക്കുന്നുവെന്നേഴാം നാളദ്ദേഹമൊന്നു നോക്കി.
അപ്പോഴേക്കും ലോകമാകെ നാടകക്കമ്പനിക്കാരുടെ നോട്ടീസു കൊണ്ടു നിറഞ്ഞിരുന്നു.
അത്രയും കഠിനാദ്ധ്വാനം ചെയ്ത സ്ഥിതിയ്ക്കു
താനുമൊരു കളി കാണുന്നതിൽ തെറ്റില്ലെന്നദ്ദേഹം കരുതി.
എന്നാൽ, ക്ഷീണമത്ര കലശലായിരുന്നതിനാൽ,
അതിനു മുമ്പദ്ദേഹമല്പമൊന്നു മരിക്കാനും പോയി.
3. നിതാന്തചലനം
നമ്മുടെ ആദർശങ്ങൾക്കും അവയുടെ സാഫല്യത്തിനുമിടയിൽ
എന്നുമുണ്ടാവുമൊരു വൻവീഴ്ച
ഏതു ജലപാതത്തിനുമുയരത്തിൽ.
നമുക്കതു യുക്തിപരമായി പ്രയോജനപ്പെടുത്താവുന്നതേയുള്ളു:
അവിടെയൊരു ജലവൈദ്യുതപദ്ധതി പണിയുക.
നമ്മുടെ സിഗരറ്റു കൊളുത്താനുള്ള ഊർജ്ജമേ
അതിൽ നിന്നുത്പാദിപ്പിക്കാനാവൂ എങ്കിൽക്കൂടി
അതുതന്നെ വലിയൊരു കാര്യമായി.
വലിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കു ഭാവന ചെയ്യാമല്ലോ
അതിലും വലിയ ആദർശങ്ങളെ.
4. ഭ്രാന്താലയം, പ്രസവാലയം
പ്രസവാലയത്തിനടുത്ത മുറിയായിരുന്നു
ഭ്രാന്താലയം.
ഒരു വാതിലിനപ്പുറം
രാഷ്ട്രങ്ങളുടെ മിശിഹാമാർ
മനുഷ്യരുടെ അമ്മയച്ഛന്മാർ
മഹാപ്രതിഭകളായ സ്വേച്ഛാധിപതികളുടെ ജനിതാക്കൾ.
സർവമാതൃഭൂമികളിലെയും മാതാക്കൾ കിണഞ്ഞുപരിശ്രമിച്ചു
തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റാൻ.
ഭ്രാന്താലയത്തിനടുത്ത മുറിയായിരുന്നു
പ്രസവാലയം.
5. ഡോൺ ജൂവാൻ
ഏറെക്കാലം കഷ്ടപ്പെട്ടതിൽപ്പിന്നെ
ഒരു പ്രണയത്തിന്റെ മഹത്കൃതി രചിക്കാനായപ്പോൾ
മറ്റൊരു സ്ത്രീയുടെ ഹൃദയത്തിൽ
ഞാനതു വൃത്തിയുള്ള കൈപ്പടയിൽ പകർത്തിവച്ചു.
പുരുഷന്മാരെക്കാളെണ്ണം കൂട്ടി
സ്ത്രീകളെ സൃഷ്ടിച്ച പ്രകൃതി ബുദ്ധിമതി തന്നെ,
നമ്മുടെ യത്നങ്ങളെ മിനുക്കിയെടുക്കാൻ
നമുക്കവസരം കിട്ടുകയാണല്ലൊ,
എത്രയെങ്കിലും കരടുപകർപ്പുകളുപയോഗപ്പെടുത്തി.
6. ഡോൺ ജൂവാൻ (ടൺ കണക്കിനു ലിപ്സ്റ്റിക്ക് അയാൾ അകത്താക്കിയതിൽപ്പിന്നെ...)
ടൺ കണക്കിനു ലിപ്സ്റ്റിക്ക് അയാളകത്താക്കിയതിൽപ്പിന്നെ
തങ്ങളുടെ പാവനപ്രതീക്ഷകൾ വഞ്ചിക്കപ്പെട്ടതറിഞ്ഞ സ്ത്രീകൾ
ഡോൺ ജൂവാനോടു പ്രതികാരം ചെയ്യാൻ ഒരു വഴി കണ്ടെത്തി.
ഓരോ പ്രഭാതത്തിലും
കണ്ണാടിയ്ക്കു മുന്നിൽ നിന്നു പുരികമെഴുതുമ്പോൾ
അവർ ചുണ്ടുകളിൽ എലിവിഷം പുരട്ടി,
മുടിയിൽ, വെളുത്ത ചുമലുകളിൽ, കണ്ണുകളിൽ, ചിന്തകളിൽ,
മാറിടങ്ങളിൽ
അവർ എലിവിഷം തേച്ചു,
പിന്നെയവർ അയാളെ കാത്തിരുന്നു.
മട്ടുപ്പാവുകളിൽ അവർ തങ്ങളെ കാട്ടിനിൽക്കുന്നു,
പാർക്കുകളിൽ അവർ അയാളെ തിരയുന്നു,
ഡോൺ ജൂവാൻ പക്ഷേ മുന്നറിവു കിട്ടിയിട്ടെന്നപോലെ
വായനശാലയിലെ പുസ്തകപ്പുഴുവായിരിക്കുന്നു.
അയാൾക്കിഷ്ടം അപൂർവഗ്രന്ഥങ്ങളെ,
പേപ്പർബായ്ക്കുപറ്റങ്ങളെ,
ചർമ്മത്തിൽപ്പൊതിഞ്ഞതൊന്നയാൾക്കു വേണ്ട.
അന്തപ്പുരങ്ങളിലെ പരിമളങ്ങളല്ല,
പഴയ പുസ്തകങ്ങളിലെ പൊടിയാണ്
പരിഷ്കൃതമായിട്ടയാൾക്കു തോന്നുന്നത്.
അങ്ങനെ സ്ത്രീകൾ അയാളെയും കാത്തുകാത്തിരിക്കുന്നു.
അഞ്ചിന്ദ്രിയങ്ങളിലും വിഷം പുരട്ടി അവർ കാത്തിരിക്കുന്നു.
തന്റെ പുതിയ പൂതിയിൽ നിന്നു
ഡോൺ ജൂവാനൊന്നു കണ്ണുയർത്തി നോക്കിയിരുന്നുവെങ്കിൽ
വായനശാലയുടെ ജനാലയിലൂടെ ഓരോ നാളുമയാൾക്കു കാണാമായിരുന്നു
സ്നേഹമുള്ള മറ്റൊരു ഭർത്താവിന്റെ സംസ്കാരകർമ്മം:
കടമയുടെ യുദ്ധമുന്നണിയിൽ
തന്റെ ഭാര്യയെ ചുംബിച്ചുനിൽക്കുമ്പോൾ
സ്വപക്ഷത്തു നിന്നബദ്ധത്തിൽ വെടി പൊട്ടി
മരിച്ചുപോയതാണയാൾ.
(മരിൻ സൊരെസ്ക്യൂ 1936-1966 - റുമേനിയൻ കവിയും നാടകകൃത്തും നോവലിസ്റ്റും.)
marin sorescu
1 comment:
Too nice
Post a Comment