Friday, August 5, 2011

ഫെര്‍ണാണ്ടോ പെസ് വാ - പതിയെ, പതിയെ, വളരെപ്പതിയെ...

File:Agac 01705-drawing nevit 127.svg


ചിലനേരങ്ങളിൽ, പൂർണ്ണവും കൃത്യവുമായ വെളിച്ചത്തിന്റെ നാളുകളിൽ…


ചിലനേരങ്ങളിൽ, പൂർണ്ണവും കൃത്യവുമായ വെളിച്ചത്തിന്റെ നാളുകളിൽ,
വസ്തുക്കൾ അവയ്ക്കാവുന്നത്ര യഥാർത്ഥമായിരിക്കുമ്പോൾ
ഞാൻ സ്വയം ചോദിച്ചുപോകാറുണ്ട്,
വസ്തുക്കൾക്കു സൗന്ദര്യം ചാർത്തിക്കൊടുക്കാൻതന്നെ
ഞാൻ മിനക്കെടുക്കുന്നതെന്തിനെന്ന്.

പൂവിനെന്താ, സൗന്ദര്യമെന്നതുണ്ടോ?
പഴത്തിനും സൗന്ദര്യമെന്നതുണ്ടോ?
ഇല്ല: അവയ്ക്കുള്ളത് നിറവും രൂപവും അസ്തിത്വവും.
ഇല്ലാത്തതൊന്നിനുള്ള പേരാണ്‌ സൗന്ദര്യം,
വസ്തുക്കളെനിക്കു നല്കുന്ന ആനന്ദത്തിനു പകരമായി
ഞാൻ അവയ്ക്കു നല്കുന്നതൊന്ന്.
ഒരർത്ഥവുമില്ലതിന്‌.
എങ്കില്പിന്നെ വസ്തുക്കളെക്കുറിച്ചു ഞാനെന്തിനു പറയണം,
സൗന്ദര്യമുണ്ടവയ്ക്കെന്ന്?

അതെ, ജീവിതത്തിന്റെ പുറമ്പോക്കിലായ എന്നെപ്പോലും
ഞാനറിയാതെ വന്നു ബാധിക്കുകയാണ്‌,
വസ്തുക്കളെ സംബന്ധിച്ച്,
നിലനില്ക്കുക മാത്രം ചെയ്യുന്ന വസ്തുക്കളെക്കുറിച്ച്
മനുഷ്യരുടെ നുണകൾ.

എത്ര ദുഷ്കരമാണ്‌ നാമായതു മാത്രമാകാൻ,

കണ്ണില്പെടുന്നതു മാത്രം കാണാൻ!

(1914 മാർച്ച് 11)



ചെത്തിമിനുക്കിയ ഉദ്യാനങ്ങളിൽ ...

ചെത്തിമിനുക്കിയ ഉദ്യാനങ്ങളിൽ സാധുക്കളായ പൂക്കൾ.
അവയെ കണ്ടാൽ പോലീസിനെ പേടിച്ചിട്ടെന്നപോലെ...
എന്നാൽ നമുക്കു വേണ്ടി വിരിഞ്ഞുനില്ക്കാനും മാത്രം
അത്രയും നന്മ നിറഞ്ഞവ.
അവ വിരിയുന്നതതേ രീതിയിൽ,
അതേ പ്രാക്തനവർണ്ണച്ചേരുവയിൽ,
ആദിമനുഷ്യനാദ്യമായി കണ്ടപ്പോഴത്തെ അതേ വന്യഭാവത്തിൽ...
അന്നവയെക്കണ്ടപ്പോളയാളൊന്നു പകച്ചിരുന്നു,
അവ മിണ്ടുമോയെന്നറിയാനായി 
വിരലു കൊണ്ടയാൾ പതുക്കെയൊന്നു തൊട്ടുനോക്കുകയും ചെയ്തിരുന്നു..

പതിയെ, പതിയെ, വളരെപ്പതിയെ...
പതിയെ, പതിയെ, വളരെപ്പതിയെ...


പതിയെ, പതിയെ, വളരെപ്പതിയെ
ഒരു പതിഞ്ഞ കാറ്റു വീശുന്നു,
അത്രയും പതിയേ വീശിക്കടന്നുപോകുന്നു,
എന്റെ മനസ്സിലെന്താണെന്നെനിക്കറിയില്ല,
എന്താണെന്നറിയാനെനിക്കാഗ്രഹവുമില്ല.


ആല്‍ബെര്‍ട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്‌


link to image


No comments: