പിന്നെ,
മഞ്ഞത്തു നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുമ്പോൾ
ഞാൻ വാതിൽ തുറന്നു.
ഇരുട്ടത്തു കുതിച്ചോടുന്ന കുളമ്പുകളായിരുന്നു
കടൽ.
അപ്പോഴതാ,
ഇരുളടഞ്ഞ വീട്ടിൽ നിന്നൊരു
കൈ പോലെ
വിറകിന്റെ സാന്ദ്രഗന്ധം.
മരം പോലെ ജീവിക്കുന്നൊരു
ഗന്ധം,
ഒരു ദൃശ്യഗന്ധം
ജീവന്റെ തുടിപ്പു മാറാത്തൊരു
മരം പോലെ.
ഒരുടുവസ്ത്രം പോലതു
ദൃശ്യം.
ഒരൊടിഞ്ഞ ചില്ല പോലതു
ദൃശ്യം.
ആ ഇരുണ്ട വാസനാവലയത്തിലൂടെ
ഞാൻ
വീട്ടിനുള്ളിലേക്കു തിരിഞ്ഞുനടന്നു.
പുറത്ത്
ആകാശത്തിന്റെ കൂർത്ത മുനകൾ
തിളങ്ങിയിരുന്നു
കാന്തക്കല്ലുകൾ പോലെ.
ആ വിറകുമണം പക്ഷേ
എന്റെ ഹൃദയത്തെ കൈയടക്കി
ഒരു കൈയും വിരലുകളുമെന്നപോലെ,
മുല്ലപ്പൂ പോലെ,
ചിലചില ഓർമ്മകൾ പോലെ.
പൈൻമരത്തിന്റെ
തുളയ്ക്കുന്ന ഗന്ധമായിരുന്നില്ലത്,
അല്ല,
യൂക്കാലിപ്റ്റസിന്റെ
തൊലി പൊളിഞ്ഞ മണമായിരുന്നില്ലത്,
മുന്തിരിവള്ളികളുടെ
ഹരിതനിശ്വാസവുമായിരുന്നില്ല-
അതിലും ഗൂഢാർത്ഥമായതൊന്ന്,
ഒരിക്കൽ
ഒരിക്കൽ
ഒരു മുഹൂർത്തത്തിൽ മാത്രം
ഉദ്ഗമിക്കുന്നൊരു
പരിമളം,
അവിടെ,
മണ്ണിൽ ഞാൻ കണ്ടതിനൊക്കെയും മീതെയായി,
മഞ്ഞുകാലക്കടല്ക്കരെ,
രാത്രിയിൽ,
എന്റെ സ്വന്തം വീട്ടിനുള്ളിൽ,
എന്നെ കാത്തിരിക്കുകയായിരുന്നു
ഒരു ഗന്ധം,
ആഴത്തിനുമാഴത്തിലൊരു
പനിനീർപ്പൂവിന്റെ ഗന്ധം,
മണ്ണിന്റെ പിഴുതെടുത്ത ഹൃദയം,
കാലത്തിൽ നിന്നു വേരു പറിഞ്ഞ തിര പോലെ
എന്നിലേക്കു കടന്നതൊന്ന്,
രാത്രിയിൽ
ഞാൻ വാതിൽ തുറന്നപ്പോൾ
എന്നിൽത്തന്നെ
കെട്ടടങ്ങിയതൊന്ന്.
1 comment:
മരം പോലെ ജീവിക്കുന്നൊരു
ഗന്ധം,
ഒരു ദൃശ്യഗന്ധം
ജീവന്റെ തുടിപ്പു മാറാത്തൊരു
മരം പോലെ.
വിടരട്ടെ കവിതകള്‍ ഇനിയും. പൂക്കുന്ന പേന തുമ്പുകള്‍ ഉണ്ടാകട്ടെ
Post a Comment