കവിതയെന്നാൽ
എന്താണു കവിത?
വാക്കുകളാണതിൽ കാര്യമെന്നു നിങ്ങൾ പറഞ്ഞാൽ
ഞാൻ പറയും, വാക്കുകളെ ഒഴിവാക്കുകയെന്ന്.
അർത്ഥമാണതിൽ കാര്യമെന്നു നിങ്ങൾ പറഞ്ഞാൽ
ഞാൻ പറയും, അർത്ഥങ്ങളൊഴിവാക്കുകയെന്ന്.
അപ്പോൾ നിങ്ങൾ ചോദിക്കുന്നു,
വാക്കുമർത്ഥവും പോയാൽപ്പിന്നെയെവിടെ കവിതയെന്ന്.
അതിനു ഞാൻ പറയും,
വാക്കുമർത്ഥവും പോയാലും ശേഷിക്കുന്നതു കവിതയെന്ന്.
കാവ്യകല
ഉലയും കൂടവും വേണം വരികൾ നേരെയാവാൻ,
വരികൾ നേരെയായാൽ കവിതയായെന്നുമില്ല.
കവിതകളെ നായാടിപ്പിടിയ്ക്കാറില്ലിക്കിഴവൻ,
ഇയാൾക്കു മുന്നിൽ വന്നു നിന്നുകൊടുക്കുകയാണു കവിതകൾ.
പുസ്തകം വായിക്കരുത്!
പുസ്തകം വായിക്കരുത്!
കവിത ചൊല്ലരുത്!
വായന കൊണ്ടു കൃഷ്ണമണികളടർന്നുവീണു
നിങ്ങളുടെ കൺകുഴികളൊഴിയുമെന്നേയുള്ളു.
കവിത ചൊല്ലിയതു കൊണ്ടോരോ വാക്കിനുമൊപ്പം
ഹൃദയം ചോരുമെന്നേയുള്ളു.
ആത്മാവിനാനന്ദമാണു വായനയെന്നാളുകൾ പറയും.
കവിത ചൊല്ലുക രസമാണെന്നാളുകൾ പറയും.
ശരല്ക്കാലത്തെച്ചീവീടിനെപ്പോലെ
നിരന്തരമൊച്ചവെച്ചാൽപ്പക്ഷേ,
ഒരുണക്കക്കിഴവനാകുമെന്നേയുള്ളു നിങ്ങൾ.
ഇനിയൊരുണക്കക്കിഴവനായില്ലെങ്കിലും
അന്യർക്കൊരു കർണ്ണശൂലമാവുകയേയുള്ളു നിങ്ങൾ.
അതിനാലതിലും ഭേദമിത്:
കണ്ണുകളടയ്ക്കുക,
മുറിയിലടച്ചിരിക്കുക,
വിരികൾ താഴ്ത്തുക,
നിലം തുടയ്ക്കുക,
ധൂപം പുകയ്ക്കുക.
എത്ര മനോഹരം,
കാറ്റിനു കാതു കൊടുക്കുക,
മഴയ്ക്കു കാതു കൊടുക്കുക,
ആവതുള്ളപ്പോളിറങ്ങിനടക്കുക,
തളരുമ്പോൾ വന്നുകിടന്നുറങ്ങുക.
യാങ്ങ് വാൻലി (1127-1206) - സോങ്ങ് കാലഘട്ടത്തിലെ നാലു പ്രമുഖകവികളിലൊരാൾ. കവിതയിൽ സംസാരഭാഷയ്ക്കു പ്രാധാന്യം കൊടുത്തു. സെൻ സ്വാധീനം പ്രകടം.
1 comment:
കാവ്യകല വളരെ ഇഷ്ടമായി.
Post a Comment