ഉടലും ആത്മാവും കടൽക്കരയിൽ
ആത്മാവു കടൽക്കരെ
ഒരു തത്വശാസ്ത്രപുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു.
ആത്മാവുടലിനോടു ചോദിക്കുന്നു:
നമ്മെ തമ്മിൽപ്പിണച്ചതാര്?
ഉടലു പറയുന്നു:
കാൽമുട്ടിൽ വെയിലു കൊള്ളിയ്ക്കാനുള്ള നേരം.
ആത്മാവുടലിനോടു ചോദിയ്ക്കുന്നു:
നമ്മൾ ശരിയ്ക്കുമില്ലെന്നു പറയുന്നതു നേരോ?
ഉടലു പറയുന്നു:
ഞാനെന്റെ കാൽമുട്ടുകളിൽ വെയിലു കൊള്ളിയ്ക്കുന്നു.
ആത്മാവുടലിനോടു ചോദിയ്ക്കുന്നു:
മരണം തുടക്കമിടുന്നതെവിടെ,
നിന്നിലോ, എന്നിലോ?
ഉടലൊന്നു ചിരിച്ചു,
പിന്നെ കാൽമുട്ടുകളിൽ വെയിലു കൊള്ളിച്ചു.
കടലും മനുഷ്യനും
ഈ കടലിനെ മെരുക്കാൻ നിങ്ങൾക്കാവില്ല,
എളിമ കൊണ്ടും ആവേശം കൊണ്ടും.
എന്നാലതിന്റെ മുഖത്തു നോക്കി
നിങ്ങൾക്കു ചിരിയ്ക്കാം.
ചിരി കണ്ടുപിടിച്ചത്
ഒരു പൊട്ടിച്ചിരി പോലെ
ജീവിതം ഹ്രസ്വമായവർ.
ചിരായുസ്സായ കടലിനു
ചിരി വരില്ല.
മൂന്നുടലുകൾ
ഒരു ഗർഭിണി
രാത്രിയിൽ ഭർത്താവിനോടൊപ്പം കിടക്കുന്നു.
അവളുടെ ഉദരത്തിൽ
ഒരു കുഞ്ഞനങ്ങുന്നു.
‘വയറ്റിൽ കൈയൊന്നു വച്ചുനോക്കൂ,’
സ്ത്രീ പറയുന്നു,
‘അത്ര പതുക്കെയനങ്ങിയത്
ഒരു കുഞ്ഞിക്കാലോ, കൈയോ.
അതെന്റെയും നിന്റെയും,
അതിനെ പേറുന്നതു ഞാനൊറ്റയ്ക്കെങ്കിലും.’
അയാൾ അവളോടൊട്ടിക്കിടക്കുന്നു.
അവളറിഞ്ഞതയാളുമറിയുന്നു:
അവൾക്കുള്ളിലൊരു കുഞ്ഞനങ്ങുന്നു.
അങ്ങനെ രാത്രിയിൽ
മൂന്നുടലുകൾ ചൂടു സ്വരൂപിക്കുന്നു,
ഒരു ഗർഭിണി ഭർത്താവിനൊപ്പം കിടക്കുമ്പോൾ.
എനിക്കു പറ്റില്ല
എനിക്കു നിങ്ങളോടസൂയ തോന്നുന്നു.
ഏതു നിമിഷവും
നിങ്ങൾക്കെന്നെ വിട്ടുപോകാം.
എനിക്കു പറ്റില്ല
എന്നെ വിട്ടുപോകാൻ.
കവിയരങ്ങ്
പന്തു പോലെ
ചുരുണ്ടുകൂടിക്കിടക്കുകയാണു ഞാൻ
തണുപ്പു പിടിച്ചൊരു നായയെപ്പോലെ.
ആരെനിക്കൊന്നു പറഞ്ഞുതരും
ഞാൻ ജനിച്ചതെന്തിനെന്ന്,
ജീവിതമെന്ന ഈ ബീഭത്സതയെന്തെന്ന്.
ഫോണടിയ്ക്കുന്നു:
ഇന്നൊരു കവിത വായിക്കാനുണ്ട്.
ഞാൻ കടന്നുചെല്ലുന്നു.
ഒരുനൂറാളുകൾ. ഒരുനൂറു ജോഡിക്കണ്ണുകൾ.
അവയുറ്റുനോക്കുന്നു. അവ കാത്തിരിക്കുന്നു.
എന്തിനെന്നെനിക്കറിയാം.
അവർക്കു ഞാൻ പറഞ്ഞുകൊടുക്കണമത്രെ,
അവർ ജനിച്ചതെന്തിനെന്ന്,
ജീവിതമെന്ന ഈ ബീഭത്സതയെന്തെന്ന്.
നഴ്സ്
മരുന്നും വെള്ളവുമില്ലാത്ത ഒരാശുപത്രിയിൽ
ഞാനൊരു നഴ്സായിരുന്നു;
മലവും ചലവും ചോരയും നിറഞ്ഞ പാത്രങ്ങൾ
ഞാനെടുത്തുമാറ്റിയിരുന്നു.
എനിക്കു സ്നേഹമായിരുന്നു മലത്തെ, ചലത്തെ, ചോരയെ-
ജീവിതം പോലവ ജീവനുള്ളവയായിരുന്നു,
ചുറ്റിനും ജീവിതം കുറഞ്ഞുവരികയുമായിരുന്നു.
ലോകം മരിക്കുമ്പോൾ
മുറിപ്പെട്ടവർക്കു മൂത്രപ്പാത്രമെടുത്തുകൊടുക്കുന്ന
രണ്ടു കൈകൾ മാത്രമായിരുന്നു ഞാൻ.
ഒരു പതിനാലുകാരി നഴ്സിന്റെ ചിന്തകൾ
ലോകത്തെ വെടിയുണ്ടകളെല്ലാം
എന്നിൽ വന്നു കൊണ്ടിരുന്നുവെങ്കിൽ
അവയ്ക്കു കൊള്ളാൻ മറ്റാരുമുണ്ടാകുമായിരുന്നില്ല.
അത്ര തവണ ഞാൻ മരിക്കട്ടെ,
ലോകത്താളുകളുള്ളത്ര,
അവരാരും മരിക്കാതിരിക്കട്ടെ,
ആ ജർമ്മൻകാരു പോലും.
ഞാൻ മരിച്ചതവർക്കു വേണ്ടിയെ-
ന്നാരുമറിയാതെയുമിരിക്കട്ടെ,
അതിനാലവർ വിഷാദിക്കാതെയുമിരിക്കട്ടെ.
ഉള്ളിലൊന്ന്
ഒരു പ്രണയവിരുന്നിനു നിന്റെയിടത്തേക്കു നടക്കവെ
തെരുവിന്റെ മൂലയ്ക്ക്
ഞാനൊരു പിച്ചക്കാരിക്കിഴവിയെ കണ്ടു.
ഞാനവരുടെ കൈ പിടിച്ചു,
ആ മുഖത്തുമ്മ വച്ചു,
പിന്നെ ഞങ്ങൾ സംസാരിച്ചു,
ഉള്ളിലെന്നെപ്പോലെ തന്നെയായിരുന്നു അവർ,
ഒരേ തരവുമായിരുന്നു ഞങ്ങൾ,
ഞാനതു ക്ഷണം കൊണ്ടറിഞ്ഞു,
ഒരു നായ മറ്റൊരു നായയെ
മണം കൊണ്ടറിയുന്നപോലെ.
മനുഷ്യന്റെ കണ്ണുകളിലേക്കു നിറയൊഴിക്കാൻ
അവനു പതിനഞ്ചായിരുന്നു,
പോളിഷ് ഭാഷയിൽ ഏറ്റവും മിടുക്കനും.
പിസ്റ്റളുമെടുത്ത്
ശത്രുവിനു നേർക്കവനോടിച്ചെന്നു.
അപ്പോഴവൻ കണ്ടു മനുഷ്യന്റെ കണ്ണുകളെ.
അവനവയിലേക്കുന്നമെടുത്തതുമായിരുന്നു.
അവനൊന്നറച്ചു,
അവൻ നടപ്പാതയിൽ വീണുകിടക്കുന്നു.
പോളിഷ് ക്ളാസ്സിൽ അവനെ പഠിപ്പിച്ചിരുന്നില്ല
മനുഷ്യന്റെ കണ്ണുകളിൽ നിറയൊഴിക്കാൻ...
പുൽത്തകിടിയിൽ
ഒരു വെള്ളഡെയിസിപ്പൂവ്,
എന്റെയടഞ്ഞ രണ്ടു കണ്ണുകൾ.
ലോകത്തിൽ നിന്നവ നമ്മെ കാക്കുന്നു.
അന്നാ സ്വിർ (സ്വ്ഷ്സിൻസ്ക്കാ) 1909-1984
പോളണ്ടിലെ വാഴ്സയിൽ ജനിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻകാരോടുള്ള ചെറുത്തുനില്പ്പിൽ സജീവമായിരുന്നു. വാഴ്സയിലെ ഒരു സൈനികാശുപത്രിയിൽ ന്ഴ്സായി ജോലി ചെയ്തിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെങ്കിലും അവസാനനിമിഷം ഒഴിവാക്കപ്പെട്ടു.
No comments:
Post a Comment