Monday, August 15, 2011

നെരൂദ - വീട്


ഞാൻ ജിവിച്ച വീടിതായിരിക്കുമോ,
ഞാനില്ലാതിരുന്നപ്പോൾ, ലോകമില്ലാതിരുന്നപ്പോൾ,
സർവതും ചന്ദ്രനോ, ശിലയോ, നിഴലോ ആയിരുന്നപ്പോൾ,
വെളിച്ചമുദിക്കാതെ ചലനമറ്റു കിടന്നപ്പോൾ.
എങ്കിലീ ശിലയായിരുന്നിരിക്കണം
എന്റെ വീടെന്റെ ജനാലകളല്ലെങ്കിലെന്റെ കണ്ണുകൾ.
ഈ കല്പനിനീർപ്പൂ കാണുമ്പോൾ ഞാനോർക്കുന്നു
എന്നിലധിവസിച്ചതൊന്നിനെ,
ഞാനധിവസിച്ചതൊന്നിനെ,
ഗുഹയെ, സ്വപ്നങ്ങളുടെ ബ്രഹ്മാണ്ഡസ്രോതസ്സിനെ,
കോപ്പയെ, കോട്ടയെ, കപ്പലിനെ,
എന്റെയുല്പത്തിയുടെയുറവുകളെ.
ഞാൻ തൊടുന്നു പാറയുടെ വ്യഗ്രയത്നത്തെ,
ഉപ്പുവെള്ളം പ്രഹരിക്കുന്ന പ്രതിരോധത്തെ,
എന്റെ രന്ധ്രങ്ങളവശേഷിക്കുന്നതിവിടെയെന്നു ഞാനറിയുന്നു-
കയങ്ങളിൽ നിന്നെന്റെയാത്മാവിലേക്കു പിടിച്ചുകയറിയ
ചുക്കിച്ചുളിഞ്ഞൊരു പൊരുൾ.
കല്ലായിരുന്നു ഞാൻ, കല്ലുതന്നെയാകും ഞാൻ.
അതിനാലത്രേ ഞാനിക്കല്ലിനെത്തൊടുന്നതും:
ഞാനായിരുന്നതിത്, ഞാനാകാനുള്ളതിത്,
കാലം പോലെ ദീർഘിച്ചൊരു യുദ്ധം കഴിഞ്ഞ വിശ്രമം.


link to image

No comments: