എഴുതപ്പെടാത്ത സുവിശേഷം
യേശു കുനിഞ്ഞിരുന്നു
വിരലു കൊണ്ടവൻ മണ്ണിലെഴുതി
പിന്നെയുമവൻ കുനിഞ്ഞിരുന്നു
വിരലു കൊണ്ടവൻ പൂഴിയിലെഴുതി.
അമ്മേ അവരെത്രയും മന്ദിച്ചവർ
സരളചിത്തർ
അവർക്കത്ഭുതങ്ങൾ ഞാൻ കാട്ടിക്കൊടുക്കണം
അതിനാലത്രേ ഞാനീ വിലകുറഞ്ഞ അഭ്യാസങ്ങളെടുക്കുന്നു
വെള്ളത്തെ വീഞ്ഞാക്കുന്നു
മരിച്ചവരെ ഉയിർപ്പിക്കുന്നു
തിരപ്പുറത്തു നടക്കുന്നു.
കുട്ടികളെപ്പോലെയാണവർ
അവർക്കെന്നും പുതുമകൾ കാണണം
ഒന്നോർത്തുനോക്കൂ
അവരടുത്തുവന്നപ്പോൾ
മറച്ചുപിടിച്ചവൻ മായ്ച്ചുകളഞ്ഞു
താനെഴുതിയതെന്നെന്നേക്കുമായി.
ഇല്ലാതെ
മനുഷ്യന്റെ ജീവിതത്തിലെ
മഹത്തായ സംഭവങ്ങളത്രെ
ദൈവത്തിന്റെ
ജനനവും മരണവും
പിതാവേ ഞങ്ങളുടെ പിതാവേ
എന്തേ
മോശപ്പെട്ടൊരു പിതാവിനെപ്പോലെ
രാത്രിയിൽ
ഒരു ലക്ഷണവുമില്ലാതെ
ഒരു പാടും ശേഷിപ്പിക്കാതെ
ഒരു വാക്കും പറയാതെ
എന്തേ നീയെന്നെ കൈവെടിഞ്ഞു
എന്തേ ഞാൻ നിന്നെ കൈവെടിഞ്ഞു
ദൈവമില്ലാത്ത ജിവിതം സാദ്ധ്യം
ദൈവമില്ലാത്ത ജീവിതമസാദ്ധ്യം
ബാല്യത്തിൽപ്പക്ഷേ
ഞാൻ വളർന്നതു നിന്നിൽ
നിന്റെ മാംസത്തിൽ
നിന്റെ രക്തത്തിൽ
നീയെന്നെ കൈവെടിഞ്ഞതു
ജീവിതത്തെ പുണരാനായി
ഞാൻ കൈകൾ തുറന്നപ്പോഴാവാം
ശ്രദ്ധയില്ലാതെ ഞാൻ കൈകൾ തുറന്നതാവാം
നീയെന്റെ പിടി വിട്ടുപോയതാവാം
എന്റെ ചിരി സഹിക്കാതെ
നീയൊളിച്ചോടിയതുമാവാം
ചിരി നിനക്കില്ല
നീയെന്നെ ശിക്ഷിച്ചതുമാവാം
എന്റെ ചെറ്റത്തരത്തിനും ബുദ്ധിഹീനതയ്ക്കും
ദുർവാശിയ്ക്കും
ഒരു പുതിയ മനുഷ്യനെ
പുതിയ കവിതയെ
പുതിയ ഭാഷയെ
സൃഷ്ടിക്കാൻ നോക്കിയ ധാർഷ്ട്യത്തിനും
നീയെന്നെ വിട്ടുപോയി
ചിറകടികളുടെ പെരുക്കമില്ലാതെ
ഇടിമിന്നലുകളില്ലാതെ
ഒരു ചുണ്ടെലിയെപ്പോലെ
മണലിലരിച്ചിറങ്ങുന്ന വെള്ളം പോലെ
തിരക്കു പിടിച്ചവൻ ശ്രദ്ധ മാറിപ്പോയവൻ
എന്റെ കണ്ണിൽപ്പെട്ടതുമില്ല
നിന്റെ പലായനം
എന്റെ ജീവിതത്തിൽ
നിന്റെ അഭാവം
ദൈവമില്ലാത്ത ജീവിതം സാദ്ധ്യം
ദൈവമില്ലാത്ത ജിവിതമസാദ്ധ്യം
ശരിപ്പകർപ്പുകൾ
മരണമൊരുവരിക്കവിത പോലും
വെട്ടിത്തിരുത്തില്ല
പ്രൂഫ്നോട്ടക്കാരിയല്ലവൾ
അനുകമ്പയുള്ള പത്രാധിപയുമല്ല
കൊള്ളരുതാത്തൊരലങ്കാരം ചിരകാലം ജീവിക്കും
മരിച്ചുപോയ പൊട്ടക്കവി
പൊട്ടക്കവി തന്നെ
മരിച്ചതും
ബോറൻ മരിച്ചാലും ബോറടിപ്പിക്കും
വിഡ്ഢി ജല്പനങ്ങൾ തുടരും
ശവക്കുഴിയിൽ കിടന്നും
ബാലഹത്യ
കുട്ടികൾ കരഞ്ഞു, ‘അമ്മേ!
ഞാൻ നല്ല കുട്ടിയായിരുന്നല്ലോ!
ഇവിടെയാകെയിരുട്ടാണമ്മേ!’
നോക്കൂ അവരടിയിലേക്കു വീഴുന്നതു നോക്കൂ
നോക്കൂ ആ കൊച്ചുകാലടികൾ
അവയടിയിലേക്കു പോയി
നിങ്ങൾ കണ്ടുവോ
ഒരു കൊച്ചു കാലടിപ്പാടവിടെയുമിവിടെയും
കല്ലും നൂലും കമ്പി കൊണ്ടുള്ള കളിക്കുതിരകളും
കൊണ്ടു വീർത്തുന്തിയ
പോക്കറ്റുകൾ
വലിയൊരു തുറസ്സടഞ്ഞുകൂടി
ഒരു ക്ഷേത്രഗണിതരൂപം പോലെ
കറുത്ത പുക കൊണ്ടൊരു മരം
കുത്തനെ
ഒരു മരിച്ച മരം
ഇലത്തലപ്പത്തൊരു നക്ഷത്രവുമില്ലാതെ
http://commons.wikimedia.org/wiki/File:Rossakiewicz_Appear.jpg
1 comment:
എല്ലാം ഇഷ്ടമായി.
Post a Comment