അദ്ദേഹമെനിയ്ക്കു കൈ തന്നു
ഒരു വൃദ്ധവൃക്ഷം
ഇലയും കായും കൊഴിഞ്ഞൊടിഞ്ഞ
ഒരു മരച്ചില്ല
നീട്ടും പോലെ.
ഒരു കാലം
ഭാഗധേയത്തിന്റെ
നൂലുമിഴകളും നൂറ്റ
കൈയിൽ
ഇന്നു
ദിവസങ്ങളുടെ, മാസങ്ങളുടെ, വർഷങ്ങളുടെ
സങ്കീർണ്ണമായ കോറിവരയ്ക്കലുകൾ.
അദ്ദേഹത്തിന്റെ മുഖത്തു
വാടിക്കിടക്കുന്നു
കാലത്തിന്റെ കൈയെഴുത്തുകൾ,
സൂക്ഷ്മമായും വക്രമായും,
ജന്മത്തിലേ
നിശ്ചയിച്ചതാണാ
വരകളും
ചിഹ്നങ്ങളുമെന്നപോലെ,
വായു
വരഞ്ഞിടുകയായിരുന്നു
അവയെന്നപോലെ.
ആഴത്തിലോടിയ വരകൾ,
കാലം
മുഖത്തു വരഞ്ഞിട്ട
അദ്ധ്യായങ്ങൾ,
ചോദ്യചിഹ്നങ്ങൾ,
നിഗൂഢകഥകൾ,
നക്ഷത്രചിഹ്നങ്ങൾ,
ആത്മാവിന്റെ ഏകാന്തവൈപുല്യത്തിൽ
ഗന്ധർവന്മാർ
മറന്നിട്ടതൊക്കെയും,
താരാവൃതാകാശത്തുനിന്നു
മണ്ണിൽ പതിച്ചതൊക്കെയും
ആ മുഖത്തു
പാടു വീഴ്ത്തിയിരുന്നു.
ഒരുകാലത്തും
പിടിച്ചെടുത്തിട്ടില്ല
പേനയും
വഴങ്ങാത്ത കടലാസ്സും കൊണ്ട്
ആ പ്രാക്തനഗായകൻ
ജീവിതത്തിന്റെ
കവിഞ്ഞൊഴുകുന്ന പുഴയെ,
തന്റെ കവിതയിൽ
ഒളിച്ചുകളിയ്ച്ച
ആരെന്നറിയാത്ത ദേവനെ,
ആ നിഗൂഢതകളൊക്കെയുമിന്ന്
വെളിപാടുകളുടെ
തണുത്ത
ബീജഗണിതചിഹ്നങ്ങളായി
ആ കവിളുകളിൽ,
ഒരിക്കൽ
പുച്ഛിച്ചു തള്ളിയ
എളിമപ്പെട്ട
മാറ്റം വരാത്ത വസ്തുക്കളോ,
ആ നെറ്റിത്തടത്തിൽ
അവയുടെ
ഗഹനമായ താളുകൾ
ആഴത്തിൽ വരഞ്ഞിട്ടിരിക്കുന്നു,
ഒറ്റ തിരിഞ്ഞൊരു നീർക്കാക്കയുടെ
കൊക്കു പോലെ ശുഷ്കിച്ച
ആ മൂക്കിൽപ്പോലും
കടൽപ്രയാണങ്ങളും തിരകളും
ഇന്ദ്രനീലവരകൾ
കോറിയിട്ടിരിക്കുന്നു.
അകലം കാക്കുന്ന
രണ്ടു വെള്ളാരംകല്ലുകൾ,
രണ്ടു കടൽവൈഡൂര്യങ്ങൾ
അവയാണദ്ദേഹത്തിന്റെ
രണ്ടു കണ്ണുകൾ,
അവയിലൂടെയേ ഞാൻ കണ്ടുള്ളു
തവിഞ്ഞൊരഗ്നിയെ,
കവിയുടെ കൈകളിലെ
പനിനീർപ്പൂവിനെ.
ഇന്നാ കുപ്പായം
വളരെ വളരെ
വലുതാണദ്ദേഹത്തിന്,
ഒരൊഴിഞ്ഞ വീട്ടിലാണദ്ദേഹം
പാർപ്പെന്ന പോലെ,
എല്ലുകളായ എല്ലുകളെല്ലാം
ആ ചർമ്മത്തിനടിയിൽ
വിശദദൃശ്യങ്ങൾ,
എല്ലുകളിൽ
ഞാത്തിയിട്ട ചർമ്മം,
എല്ലു മാത്രമാണദ്ദേഹം,
ജാഗരൂകവും
പ്രബോധകവുമായ എല്ലുകൾ,
എല്ലുകൾ
കൊണ്ടൊരു
കുഞ്ഞൻമരം,
അതായിരിക്കുന്നു
മഴയുടെ ചിത്രലിപികളിൽ,
കാലത്തിന്റെ വറ്റാത്ത ഉറവുകളിൽ
ദാഹം തീർത്തിരുന്ന
ഒരു കവി.
അവിടെ ഞാനദ്ദേഹത്തെ
വിട്ടുപോന്നു,
മരണത്തിലേക്കു
ധൃതി കൂട്ടിപ്പോവുകയാണദ്ദേഹം,
മരണം തന്നെ
കാത്തിരിപ്പുണ്ടെന്ന പോലെ,
നിരുന്മേഷമായൊരുദ്യാനത്തിൽ
മിക്കവാറും നഗ്നയായി
അവൾ കാത്തിരിക്കുന്നു,
കൈയിൽ കൈ കോർത്ത്
അവർ നടന്നുപോകും
ചീഞ്ഞഴുകുന്നൊരു വിശ്രമസ്ഥാനത്തേക്ക്,
അവിടെ അവർ ഉറക്കമാവും,
നമ്മിലാരെയും പോലെ
അവർ കിടന്നുറങ്ങും:
മണ്ണായിപ്പൊടിയുന്ന
കരിഞ്ഞൊരു റോസാപ്പൂ
കൈയിലും പിടിച്ച്.
1 comment:
പറന്നെത്താന്‍ ഒത്തിരി വൈകി ...
ഇനി ഇവിടെ കൂട് കൂട്ടുന്നു.
Post a Comment