തെണ്ടിയലഞ്ഞേ നടക്കുമവ,
നക്ഷത്രങ്ങൾക്കിടയിൽ ഈ ഉരുക്കിന്റെ സാധനങ്ങൾ;
ക്ഷീണിച്ചുകുഴഞ്ഞ മനുഷ്യർ മുകളിലേക്കു പൊയ്ക്കൊണ്ടുമിരിക്കും,
പ്രശാന്തചന്ദ്രനെ ഹീനമാക്കാൻ,
അവിടെയവർ മരുന്നുകടകളും തുറക്കും.
മുന്തിരിപ്പഴങ്ങൾ തുടുത്തുകൊഴുക്കുന്ന ഈ കാലത്ത്
വീഞ്ഞിനു ജീവൻ വച്ചുവരുന്നു
കടലിനും മലനിരകൾക്കുമിടയിൽ.
ചിലിയിലിപ്പോൾ ചെറിപ്പഴങ്ങൾ നൃത്തം വയ്ക്കുന്നു,
ഇരുണ്ട പെൺകുട്ടികൾ രഹസ്യങ്ങളൊളിപ്പിച്ചു പാട്ടുകൾ പാടുന്നു,
ഗിത്താറുകളിൽ ജലം മിനുങ്ങുന്നു.
വെയിൽനാളമോരോ വാതിൽക്കലും ചെന്നു വിളിയ്ക്കുന്നു,
ഗോതമ്പുകതിരിൽ നിന്നതിശയങ്ങൾ വിളയിക്കുന്നു.
ഒന്നാം വീഞ്ഞിനു നിറം കടുംചെമപ്പ്,
ശിശുവിന്റെ മാധുര്യം മധുരിക്കുന്നത്,
രണ്ടാം വീഞ്ഞു ദൃഢഗാത്രമായത്,
നാവികന്റെ ശബ്ദം പോലെ ബലത്തത്,
മൂന്നാം വീഞ്ഞൊരു പുഷ്യരാഗം,
തീയും പോപ്പിപ്പൂവുമൊന്നായത്.
എന്റെ വീടിനുണ്ട് കരയും കടലും രണ്ടും,
എന്റെ പെണ്ണിനു കേമമായ കണ്ണുകളുമുണ്ട്,
കാട്ടുഹേയ്സല്ക്കായയുടെ നിറത്തിലും,
രാത്രി അടുത്തടുത്തു വരുമ്പോൾ
വെള്ളയും പച്ചയും നിറത്തിലൊരു വേഷമെടുത്തണിയും കടൽ,
അതിൽപ്പിന്നെ നുര മേൽ കിടന്നു സ്വപ്നം കാണും ചന്ദ്രൻ,
കടൽപ്പച്ച നിറത്തിലൊരു പെൺകുട്ടിയെപ്പോലെ.
എനിക്കൊരാഗ്രഹവുമില്ല,
എന്റെ ഗ്രഹം വച്ചുമാറാൻ.
1 comment:
ചന്ദ്രനിൽ മരുന്നു കടകൾ തുറക്കും.....
Post a Comment