മഞ്ഞലകൾ മാറ്റൊലിച്ചൊഴുകുന്നു...
മഞ്ഞലകൾ മാറ്റൊലിച്ചൊഴുകുന്നു,
നിരാശയുടെ വിളർച്ചയാണാകാശത്തിനും.
ഹാ, എന്തിനെന്നെ നീ ശിക്ഷിക്കുന്നു?
എന്താണെന്റെ പരാജയമെന്നു ഞാനറിയുന്നുമില്ല.
കൊല്ലൂ- വേണമെങ്കിലെന്നെ നീ,
ഇത്ര നിഷ്ഠുരനാവരുതേ പക്ഷേ.
നിങ്ങൾക്കെന്നിൽ നിന്നു സന്തതികൾ വേണ്ട,
നിങ്ങൾക്കെന്റെ കവിതയും വേണ്ട.
തന്റെ വഴിയ്ക്കൊക്കെ: എങ്കിലങ്ങനെയാവട്ടെ!
എന്റെ വാക്കു തെറ്റിച്ചിട്ടില്ല ഞാൻ,
നിങ്ങൾക്കു ഞാനെന്റെ ജീവിതം തന്നു- എന്റെ ശോകം,
എന്റെ കുഴിമാടത്തിലേക്കതു ഞാനെടുക്കും.
1918 ഏപ്രിൽ
ജീവനുള്ളുവർക്കിടയിലില്ല നീ...
ജീവനുള്ളവർക്കിടയിലില്ലിന്നു നീ,
പുതമഞ്ഞിൽ നിന്നെഴുന്നേൽക്കുകയുമില്ല നീ,
ഇരുപത്തെട്ടു ബയണറ്റുകൾ,
അഞ്ചു വെടിയുണ്ടകൾ.
എന്റെ സഹോദരനു ഞാൻ തുന്നിയതു
കഠോരമായൊരു കുപ്പായം.
റഷ്യൻ മണ്ണിനു പ്രിയം,
പ്രിയം ചോരത്തുള്ളികൾ.
1921 ആഗസ്റ്റ് 16
നിലാവിന്റെ ഭീകരത നിറഞ്ഞൊഴുകുമ്പോൾ...
നിലാവിന്റെ ഭീകരത നിറഞ്ഞൊഴുകുമ്പോൾ,
വിഷമൂർച്ഛയിൽ മയങ്ങുന്നു നഗരമാകെ.
ഉറക്കമകലെ മാറി നിൽക്കുമ്പോൾ
പച്ചച്ച മൂടലിലൂടെ ഞാൻ നോക്കിയിരിക്കുന്നു,
എന്റെ ബാല്യത്തെയല്ല, കടലിനെയല്ല,
ആ പതിനാറാം വയസ്സിൽ
മഞ്ഞു പോൽ വെളുത്ത നാഴ്സിസസ് പൂക്കൾക്കു മേൽ
പൂമ്പാറ്റകളുടെ പരിണയപ്പറക്കലിനെയല്ല...
നിന്റെ കുഴിമാടത്തിനു മേലുറഞ്ഞൊരു വൃത്തമായി
സൈപ്രസ് മരങ്ങളുടെ നിതാന്തനൃത്തത്തെ.
1928 ഒക്റ്റോബർ 1
2 comments:
raviyetta, please send your e mail id
നല്ല കവിത രവിയേട്ടാ.......
Post a Comment