Friday, August 12, 2011

റൂമി - രോഗിയും വൈദ്യനും


രോഗിയും വൈദ്യനും


ഉണരൂ, ഉണരൂ,
രാത്രി പൊയ്ക്കഴിഞ്ഞു,
ഒന്നെഴുന്നേറ്റാട്ടെ.

വെടിയൂ, വെടിയൂ,
സ്വന്തമാത്മാവിനെപ്പോലും
കൈവെടിയൂ.

വിലയറ്റൊരാത്മാവുമായി
ഒരു വിഡ്ഢി വന്നിരിക്കുന്നുവെന്നേ
നമ്മുടെയങ്ങാടിയിൽ.

എന്നെ വിശ്വാസമായില്ലെങ്കിൽ വേണ്ട,
ഈ നിമിഷമെഴുന്നേറ്റു
ചെന്നൊന്നു നോക്കിയാട്ടെ.

വ്യാജങ്ങൾക്കു കാതു കൊടുക്കേണ്ട,
മന്ത്രവാദിനികൾക്കു കാതു കൊടുക്കേണ്ട,
ചോരയെ ചോര കൊണ്ടു കഴുകേണ്ട.

നിങ്ങളാദ്യമൊന്നു തല കുത്തി നിന്നാട്ടെ,
വീഞ്ഞിന്റെ കോപ്പ പോലെ നിങ്ങളൊന്നൊഴിയട്ടെ,
പിന്നെ വിളുമ്പോളം സത്ത കൊണ്ടു നിറഞ്ഞാട്ടെ.

ഒരു ശബ്ദമിറങ്ങിവരുന്നു,
ആകാശത്തിൽ നിന്നൊ-
രത്ഭുതഭിഷഗ്വരനിറങ്ങി വരുന്നു.

രോഗശാന്തി വേണമെങ്കിൽ
രോഗിയായിക്കിടക്കെന്നേ!
രോഗിയായിക്കിടക്കെന്നേ!!



വേണ്ടാത്ത ചങ്ങാതിമാർ

എനിക്കു വേണ്ടിങ്ങനെയൊരു ചങ്ങാതിയെ,
എന്നും മുഖം കറുത്തവനെ, വിഷാദിയെ,
ശവക്കുഴി പോലിരുണ്ടവനെ,
മനമിടിഞ്ഞവനെ.
ദർപ്പണമാണൊരു പ്രണയഭാജനം,
ചങ്ങാതിയൊരു മധുരപലഹാരവും.
ഇവരല്ലാതൊരന്യനുമായിട്ടൊരു നാഴിക കഴിക്കല്ലേ.
അഞ്ചു ലക്ഷണങ്ങളുണ്ട്
തന്നെത്തന്നെ സ്നേഹിക്കുന്നൊരു ചങ്ങാതിയ്ക്ക്:
ഹൃദയം കല്ലിച്ചത്,
മടി പിടിച്ചത്,
ചുവടുകളുറയ്ക്കാത്തത്,
ഉദാസീനമായത്,
മുഖത്തു വിഷം തേച്ചത്.
ഇങ്ങനെയൊരു ചങ്ങാതി അരികത്തുള്ള കാലം
കയ്ച്ചിട്ടേ വരും സർവ്വതും,
ഇരിക്കുന്തോറും കയ്ക്കുന്ന വിന്നാഗിരി പോലെ.
ചവർത്ത മുഖങ്ങളെക്കുറിച്ചു ഞാൻ പറഞ്ഞുകഴിഞ്ഞു;
മധുരവുമാർദ്രതയും കൊതിയ്ക്കുന്നൊരു ഹൃദയം
അരുചികരമായവയിൽ കാലവും കളയരുത്.


 

No comments: