പുലർച്ച
പ്രണയം പോലെ പക്ഷേ,
അന്ധരാണു
വില്ലാളികൾ.
രാത്രിയുടെ പച്ചപ്പിനു മേൽ
അമ്പുകൾ വിട്ടുപോകുന്നു
ചൂടു മാറാത്ത ലില്ലിപ്പൂക്കളുടെ
വഴിത്താര.
ചന്ദ്രന്റെ അടിമരം
ധൂമ്രമേഘങ്ങളെ ഭേദിക്കുന്നു,
ആവനാഴികളിൽ
മഞ്ഞുതുള്ളികൾ നിറയ്ക്കുന്നു.
ഹാ, പ്രണയം പോലെ പക്ഷേ,
അന്ധരാണു
വില്ലാളികൾ.
ഘടികാരവിരാമം
കാലത്തിന്റെ തെളിമയിൽ
ഞാനിരുന്നു.
അതു മൗനത്തിന്റെ
തടാകം,
ഒരു ശ്വേതമൗനം,
ഒരു പ്രബലവലയം,
ഒഴുകിനടക്കുന്ന
ഇരുണ്ട പന്ത്രണ്ടക്കങ്ങളുമായി
നക്ഷത്രങ്ങൾ
കൂട്ടിയിടിച്ചതുമതിൽ.
അപ്രതീക്ഷിതപ്രണയത്തിനൊരു ഗസൽ
ആരുമൊരുനാളുമറിഞ്ഞിരുന്നില്ല ആ പരിമളം:
നിന്റെയുദരത്തിന്റെ ഇരുണ്ട മഗ്നോളിയാ.
ആരുമറിഞ്ഞിരുന്നില്ല പല്ലുകൾക്കിടയിൽ വച്ചു
പ്രണയപ്പക്ഷിയെ നീ കുരുതി കൊടുത്ത വിധവും.
നിന്റെ നെറ്റിത്തടത്തിന്റെ നിലാവു വീണ ചത്വരത്തിൽ
ഒരായിരം പാഴ്സിക്കുതിരകളുറക്കമായി;
നിന്റെയരക്കെട്ടിനെ, മഞ്ഞിനെതിരായതിനെ:
നാലുരാത്രികളതിനെപ്പുണർന്നു ഞാൻ കിടന്നു.
കുമ്മായത്തിനും മുല്ലപ്പൂക്കൾക്കുമിടയിൽ നിന്റെ കടാക്ഷം,
കായ്ച്ച മരച്ചില്ലയുടെ വിളർച്ച പോലെ.
എന്നും, എന്നും, എന്നും, എന്നെഴുതുന്ന രജതാക്ഷരങ്ങൾക്കായി
എന്റെ നെഞ്ചിനകം ഞാൻ തിരഞ്ഞു;
എന്റെ യാതനയുടെ പൂവനമേ,
എന്നിൽ നിന്നു വഴുതുകയാണു നിന്റെയുടലെന്നും;
എന്റെ വായിൽ നിന്റെ സിരാരക്തം,
എനിയ്ക്കിരുണ്ട കുഴിമാടം, നിന്റെ വദനം.
No comments:
Post a Comment