Wednesday, October 19, 2011

മരണത്തെക്കുറിച്ച് - 2

File:Joseph Sattler - La Danse de la Mort.jpg


എപ്പിക്യൂറസ് (ക്രി.മു.341-270)


മരണം, സർവവ്യാധികളിലും വച്ചേറ്റവും ഭീഷണമായത്, നമ്മെ ബാധിക്കുന്നതേയല്ല; എന്തെന്നാൽ നാമുള്ള കാലത്തോളം മരണം നമ്മോടു കൂടെയില്ല; മരണം വന്നുകഴിഞ്ഞാൽ നമ്മളുമില്ല. ജീവിച്ചിരിക്കുന്നവരെയോ, മരിച്ചവരെയോ സംബന്ധിക്കുന്നതല്ലത്; കാരണം, ഒന്നാമത്തെ കൂട്ടർക്ക് അതില്ല, രണ്ടാമത്തെക്കൂട്ടർ ഇല്ലതാനും.



വില്ല്യം ഡ്രമ്മണ്ട് (1585-1649)

ലോകമൊരു മൃഗയാ-
വേട്ടമൃഗം പാവം മനുഷ്യൻ,
ഉഗ്രനായ നായാടി മരണം;
അവന്റെ വേട്ടനായ്ക്കളത്രെ,
കാമം, രോഗം, അസൂയ, ഉത്കണ്ഠ,
കുരലിൽ പ്രാണനുള്ളേടത്തോളം
നമ്മെ ബാധിയ്ക്കുന്ന വ്യാധികൾ.
ഇനിയഥവാ, പാഞ്ഞൊളിയ്ക്കാൻ നമുക്കായാൽ,
വലയും വിരിച്ചു പതിഞ്ഞിരിപ്പുണ്ടു വാർദ്ധക്യം,
കിതച്ചും കൊണ്ടതിൽക്കുടുങ്ങി നാം മരിയ്ക്കും.


ഏയ്സ്ക്കിലസ് (ക്രി.മു.525-456)


ദേവകളിലവനൊന്നേ,
നിവേദ്യങ്ങളാൽ പ്രസാദിക്കാത്തവൻ;
അഭിഷേകം നിങ്ങളെ തുണയ്ക്കില്ല,
ബലികളുമില്ല.
അവനൾത്താര വേണ്ട,
അവനു സ്തുതികളും കേൾക്കേണ്ട;
അനുനയം മാറിനിൽക്കുന്നതു-
മവനിൽ നിന്നു മാത്രം.



അറബിക്കഥകൾ (പത്താം നൂറ്റാണ്ട്)

മനുഷ്യപുത്രന്മാരേ,
മെലിഞ്ഞ മരണം നിങ്ങളുടെ ചുമലുകളിൽ കയറിപ്പറ്റിയിരിക്കുന്നു,
നിങ്ങളുടെ മദ്യക്കോപ്പയിലേക്കവനെത്തിനോക്കുന്നു,
നിങ്ങളുടെ പെണ്ണിന്റെ മുലകളിലേക്കവൻ കുനിഞ്ഞുനോക്കുന്നു.
ലോകത്തിന്റെ വലയിൽ കുടുങ്ങിപ്പോയല്ലോ നിങ്ങൾ,
പിന്നിൽ പതുങ്ങിയിരിക്കുന്നുമുണ്ട് ശൂന്യതയെന്ന ചിലന്തി.
മാനം മുട്ടെ ആശ കെട്ടിപ്പൊക്കിയവരിന്നെവിടെ?
അവരിരുന്നിടത്തിന്നു കൂമന്മാരിരിയ്ക്കുന്നു,
കുഴിമാടങ്ങളിൽ പാർത്തിരുന്ന കൂമന്മാർ,
കൊട്ടാരങ്ങൾക്കധിപന്മാരിന്നവർ.



ആഫ്രിക്കൻ നാടോടിക്കഥ

ആദ്യമൊക്കെ ആർക്കും മരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരുദിവസം ദൈവത്തിനു തോന്നി, അമരത്വത്തിനർഹൻ ആരാണ്‌, മനുഷ്യനോ, പാമ്പോയെന്നൊന്നു നോക്കാമെന്ന്. അങ്ങനെ അദ്ദേഹം അവർക്കിടയിൽ ഒരോട്ടപ്പന്തയം ഏർപ്പാടാക്കി. ഓട്ടത്തിനിടയിൽ മനുഷ്യൻ ഒരു സ്ത്രീയെ കണ്ടുമുട്ടി. അവളുമായി പുകവലിച്ചിരുന്നും കുശലം പറഞ്ഞും സമയം പോയത് അയാളറിഞ്ഞില്ല, പന്തയം പാമ്പു ജയിക്കുകയും ചെയ്തു. ദൈവം മനുഷ്യനോടു പറഞ്ഞു: നിന്നെക്കാളർഹനത്രെ സർപ്പം- അമരത്വം അവനുള്ളത്; നീ മരിയ്ക്കും, നിന്റെ കുലവും.


link to image


No comments: