Sunday, October 9, 2011

ലോര്‍ക്ക - പ്രഭാതം





ജലമൊഴുകുന്ന ഗാനമോ,
അതു നിത്യമായതൊന്ന്.


അതു പാടങ്ങളെ വിളയിക്കുന്ന
ജീവരസം,
പ്രകൃതിയുടെ വഴികളിലെല്ലാം
ആത്മാക്കളെ അലയാനഴിച്ചുവിട്ട
കവികളുടെ രക്തം.


ശിലാതലങ്ങളിൽ നിന്നു സ്രവിക്കുമ്പോ-
ളതാലപിക്കുന്ന ഗാനങ്ങളെത്ര!
മനുഷ്യർക്കതു സ്വയം സമർപ്പിക്കുമ്പോ-
ളതിന്റെ മധുരമൂർച്ഛന!


പ്രഭാതം ദീപ്തം.
വീടുകളിലടുപ്പുകളിൽ നിന്നു പുക പൊന്തുന്നു,
മൂടൽമഞ്ഞിനെയതു കൈകളിലെടുത്തുയർത്തുന്നു.


പോപ്ളാർമരങ്ങൾക്കു ചുവട്ടിൽ
പുഴ പാടുന്ന കഥനങ്ങൾക്കൊന്നു കാതു കൊടുക്കൂ:
ചിറകില്ലാത്ത പറവകളാണവ,
പുല്ലുളില്‍ മറഞ്ഞിരിക്കുന്നവ!


പാടുന്ന മരങ്ങൾ വാടിയുണങ്ങിവീഴും;
പ്രശാന്തമായ പർവതങ്ങൾക്കു
സമതലത്തിന്റെ വാർദ്ധക്യവുമെത്തും.
എന്നാല്‍ ജലത്തിന്റെ ഗാനമോ, 
അതു നിത്യമായതൊന്ന്.


അതു കാല്പനികവ്യാമോഹങ്ങൾ
വെളിച്ചമായത്.
അതു മൃദുലം, പ്രബലം,
നിറയെ ആകാശമത്, അതു സൗമ്യം.
നിത്യമായ പ്രഭാതത്തിന്റെ
പനിനീർപ്പൂവും മൂടൽമഞ്ഞുമത്.
പൂണ്ടുപോയ  നക്ഷത്രങ്ങളൊഴുക്കുന്ന
നിലാവിന്റെ തേനത്.
ദൈവം ജലമായി
നമ്മുടെ നെറ്റിത്തടങ്ങളെ അഭിഷിക്തമാക്കുമെങ്കിൽ
അതില്പരം വിശുദ്ധമായതേതു ജ്ഞാനസ്നാനം?
വെറുതേയല്ല
യേശു ജലത്തിൽ സ്നാനമേറ്റത്.
വെറുതേയല്ല
നക്ഷത്രങ്ങൾ തിരകളിൽ വിശ്വാസമർപ്പിക്കുന്നത്.
വെറുതേയല്ല
വീനസ്ദേവി അതിന്റെ മാറിൽ പിറന്നതും:
വെള്ളം കുടിയ്ക്കുമ്പോൾ
നാം കുടിയ്ക്കുന്നതു സ്നേഹത്തിന്റെ സ്നേഹം.
സ്നേഹത്തിന്റെ
സൗമ്യദിവ്യപ്രവാഹമത്.
ലോകത്തിന്റെ ജീവനത്,
അതിന്നാത്മാവിന്റെ  കഥയത്. 


മനുഷ്യവദനങ്ങളുടെ രഹസ്യങ്ങളുണ്ടതിൽ,
അതിനെ ചുംബിച്ചല്ലോ
നാം നമ്മുടെ ദാഹം ശമിപ്പിക്കുന്നുവന്നതിനാല്‍.
അടഞ്ഞുപോയ ചുണ്ടുകളുടെ
ചുംബനങ്ങൾക്കൊരു പെട്ടകമത്;
നിത്യബന്ധിത,
ഹൃദയത്തിനുടപ്പിറന്നവളുമത്.


യേശു നമ്മോടു പറയേണ്ടിയിരുന്നതിങ്ങനെ:
“ജലത്തിനോടു കുമ്പസാരിക്കുക,
നിങ്ങളുടെ ശോകങ്ങളെല്ലാം,
നിങ്ങളുടെ നാണക്കേടുകളെല്ലാം.
അതിനു യോഗ്യത മറ്റാർക്കു സഹോദരങ്ങളേ,
വെള്ളയുടുത്താകാശത്തേക്കൊഴുകുന്ന
ഇവൾക്കല്ലാതെ?”


വെള്ളം കുടിയ്ക്കുന്ന നേരത്തെ
നമ്മുടെ അവസ്ഥ പോലെ
പൂർണ്ണമായതു മറ്റൊന്നില്ല.
നമ്മുടെ കൈശോരപ്രകൃതമേറുന്നു,
നമ്മുടെ നന്മകളേറുന്നു,
നമ്മുടെ വേവലാതികളൊഴിയുന്നു.
സുവർണ്ണമേഖലകളിലൂടെ
നമ്മുടെ കണ്ണുകളുമലയുന്നു.
ഹാ,  ആരുമൊഴിയാതറിയുന്ന
ദിവ്യഭാഗ്യമേ! അരുമജലമേ,
അനേകരുടെ ആത്മാവുകൾ കഴുകുന്നതേ,
നിന്റെ പാവനതീരങ്ങൾക്കെതിരു നില്‍ക്കാന്‍
യാതൊന്നുമുണ്ടാവില്ല,
ഒരഗാധശോകം
ഞങ്ങൾക്കതിന്റെ ചിറകു നല്കിയെങ്കിൽ.


(1918 ആഗസ്റ്റ് 7)


ചിത്രം ലോര്‍ക്കയുടെ വര


No comments: