നിന്റെ ചെഞ്ചുണ്ടെന്റെ ചുണ്ടിൽ കലർത്തൂ,
എസ്ട്രേലാ, ജിപ്സിപ്പെണ്ണേ!
ഉച്ചനേരത്തെ സുവർണ്ണസൂര്യനു ചുവട്ടിൽ
പല്ലുകളാഴ്ത്തട്ടെ ഞാനാപ്പിൾപ്പഴത്തിൽ.
കുന്നുമ്പുറത്തൊലീവുമരത്തോപ്പിൽ
മൂറുകളുടെ മണിമേട;
പുലരിയും തേനും ചുവയ്ക്കുന്ന
നിന്റെയുടലിന്റെ നിറമതിനു നിറം.
പൊള്ളുന്ന നിന്റെയുടലൊരു ദിവ്യഭാജനം:
അതു പൂക്കൾ നിവേദിയ്ക്കുന്നു,
തിരയടങ്ങിയ പുഴത്തടത്തിന്,
തെന്നലിനു താരങ്ങളും.
നീയെന്തിനു നിന്നെയെനിയ്ക്കു നല്കി,
ഇരുണ്ട വെളിച്ചമേ? എന്തിനെനിയ്ക്കു തന്നു,
നിന്റെയൂരുക്കളിലെ ലില്ലിപ്പൂവും
നിന്റെ മാറിടങ്ങളുടെ മർമ്മരവും?
എന്റെ വിഷാദിച്ച മുഖം കണ്ടിട്ടോ?
(ഹാ, ഞാനെന്നെ കൊണ്ടുനടക്കുന്നതെത്ര വിലക്ഷണമായി!)
എന്റെ ഗാനത്തിന്റെ വാടിപ്പോയ ജീവിതം കണ്ടു
നിനക്കു കരുണ തോന്നിയതാണെന്നുമുണ്ടോ?
എന്തിനെന്റെ വിലാപങ്ങൾ മതിയെന്നു നീ വച്ചു?
നിനക്കു കിട്ടുമായിരുന്നല്ലോ
നാട്ടുകാരനൊരു സാൻ ക്രിസ്തോബാളിനെ,
പ്രണയം ദൃഢമായവനെ, സുന്ദരനെ?
വനദേവന്റെ സ്ത്രൈണരൂപമേ,
ഇടറാത്ത ആനന്ദധാരയെനിയ്ക്കു നീ;
വേനൽക്കുണങ്ങുന്ന ചോളമണികൾ പോലെ
നിന്റെ ചുംബനങ്ങൾ മണക്കുന്നു.
നിന്റെ ഗാനം കൊണ്ടെന്റെ കണ്ണുകൾ മൂടുക,
നിന്റെ മുടി വിതിർത്തിയിടുക,
പുല്പരപ്പിനു മേൽ
ഭവ്യമായൊരു നിഴൽമേലാട പോലെ.
.
ചോരച്ച ചുണ്ടുകൾ കൊണ്ടെനിയ്ക്കു വരച്ചുനൽകുക,
പ്രണയത്തിന്റെ പറുദീസ,
ഉടലിന്റെ പശ്ചാത്തലത്തിൽ
നോവിന്റെ വയലറ്റുനക്ഷത്രം.
നിന്റെ വിടർന്ന കണ്ണുകൾ കെണിയിൽ പിടിച്ചുവല്ലോ,
എന്റെ ആന്ദലൂഷ്യൻപെഗാസസിനെ;
അവയുദാസീനമാവുന്ന കാലത്തതു പറന്നുപോകും,
മനം തകർന്നും, വിഷാദിച്ചും.
നീയെന്നെ സ്നേഹിക്കുന്നില്ലെങ്കിൽത്തന്നെ
നിന്നെ ഞാൻ സ്നേഹിക്കും, ആ ഇരുണ്ട കണ്ണുകളെ,
വാനമ്പാടി പുലരിയെ സ്നേഹിക്കുമ്പോലെ-
മഞ്ഞുതുള്ളികൾക്കായി മാത്രം.
നിന്റെ ചെഞ്ചുണ്ടെന്റെ ചുണ്ടിൽ കലർത്തൂ,
എസ്ട്രേലാ, ജിപ്സിപ്പെണ്ണേ!
നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടിൽ
ആപ്പിൾക്കനി തിന്നട്ടെ ഞാൻ.
1920 ആഗസ്റ്റ്
No comments:
Post a Comment