Thursday, October 27, 2011

ലോര്‍ക്ക - കവി കാമുകിയോടു ചോദിക്കുന്നു, ക്വെങ്കാ എന്ന മായാനഗരത്തെപ്പറ്റി


നിനക്കിഷ്ടമായോ, ക്വെങ്കായെ,
പൈൻമരങ്ങൾക്കിടയിൽ തുള്ളിയിറ്റി വെള്ളം കൊത്തിയെടുത്ത നഗരത്തെ?
നീ കണ്ടുവോ, സ്വപ്നങ്ങളെ, മുഖങ്ങളെ, പാതകളെ,
ചണ്ഢവാതങ്ങൾ തിരതല്ലുന്ന കദനത്തിന്റെ ചുമരുകളെ?

നീ കണ്ടുവോ, ഉടഞ്ഞ ചന്ദ്രന്റെ നീലിച്ച വിള്ളലിനെ,
ചില്ലുകളും കളകളവും കൊണ്ടു ഹൂക്കാർപ്പുഴ മുക്കിയതിനെ?
നിന്റെ വിരലുകളിലും മുത്തിയോ കൊട്ടപ്പൂവുകൾ,
വിദൂരശിലകളെ പ്രണയത്തിന്റെ കിരീടം ചൂടിച്ചവർ?

പുൽച്ചാടികൾക്കും ഇരുണ്ട നിശ്വാസങ്ങൾക്കും തടവുകാരൻ,
സർപ്പത്തിന്റെ മൗനത്തിലേക്കു കയറിച്ചെല്ലുമ്പോൾ
നിനക്കോർമ്മവന്നുവോയെന്നെ?

തെളിഞ്ഞ വായുവിൽ നീ കണ്ടതില്ലേ,
കദനങ്ങളുടെ, ആനന്ദങ്ങളുടെ ഡാലിയാപ്പൂവിനെ,
എന്റെ പൊള്ളുന്ന ഹൃദയം നിന്റെ പേർക്കയച്ചതിനെ?



ക്വെങ്കാ- മാഡ്രിഡിന്‌ 260 മൈലകലെ പൈൻമരക്കാടിനിടയിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രം. ചുണ്ണാമ്പുകല്ലുകളുടെ വിപുലരൂപങ്ങൾ കണ്ടാൽ തകർന്നടിഞ്ഞൊരു നഗരത്തിന്റെ കോട്ടകളെയും കൊട്ടാരങ്ങളെയും കമാനഗളെയും മറ്റും ഓർമ്മ വരും. ഹൂക്കാർപ്പുഴ ക്വെങ്കായിലൂടൊഴുകുന്നു.

 

No comments: