Saturday, October 8, 2011

ലോര്‍ക്ക - പ്രണയഗാനം


ഞാനൊരു കുട്ടിയായിരുന്നപ്പോൾ, നല്ലവനുമായിരുന്നപ്പോൾ
നിന്റെ കണ്ണുകളിലേക്കു ഞാൻ നോക്കി.
നിന്റെ കൈകളെന്റെ ചർമ്മമുരുമ്മി,
നീയെനിക്കൊരു ചുംബനവും തന്നു.

(ഘടികാരങ്ങൾക്കെല്ലാമൊരേ മൂർച്ഛന,
രാത്രികൾക്കെല്ലാമതേ നക്ഷത്രങ്ങളും.)

എന്റെ ഹൃദയം തുറക്കുകയും ചെയ്തു,
ആകാശത്തിനു ചുവട്ടിലൊരു പുഷ്പം പോലെ,
ആസക്തിയുടെ ദലങ്ങളുമായി,
സ്വപ്നങ്ങളുടെ കേസരങ്ങളുമായി.

(ഘടികാരങ്ങൾക്കെല്ലാമൊരേ മൂർച്ഛന,
രാത്രികൾക്കെല്ലാമതേ നക്ഷത്രങ്ങളും.)

കഥയിലെ രാജകുമാരനെപ്പോലെ
മുറിയിലടച്ചിരുന്നു ഞാൻ കരഞ്ഞു,
ദ്വന്ദ്വയുദ്ധം കാണാൻ നില്ക്കാതെ മടങ്ങിയ
സിൻഡറെല്ലയെച്ചൊല്ലി.

(ഘടികാരങ്ങൾക്കെല്ലാമൊരേ മൂർച്ഛന,
രാത്രികൾക്കെല്ലാമതേ നക്ഷത്രങ്ങളും.)

നിന്റെയരികിൽ നിന്നു ഞാൻ മാറിപ്പോയി,
പ്രണയിക്കുകയാണെന്നറിയാതെ പ്രണയത്തിലായും.
ഇന്നെനിക്കറിയില്ല നിന്റെ കണ്ണുകളേതുവിധമെന്ന്,
നിന്റെ കൈകളും നിന്റെ മുടിയുമേതുവിധമെന്ന്.
എനിക്കറിയുന്നതെന്റെ നെറ്റിയിൽ
നിന്റെ ചുംബനത്തിന്റെ പൂമ്പാറ്റയെ മാത്രം.

(ഘടികാരങ്ങൾക്കെല്ലാമൊരേ മൂർച്ഛന,
രാത്രികൾക്കെല്ലാമതേ നക്ഷത്രങ്ങളും.)

1919


ചിത്രം ലോര്‍ക്ക വരച്ചത്


 

No comments: