ഒരുനാളുമെനിയ്ക്കു നിഷേധിക്കരുതേ,
നിന്റെ കടാക്ഷത്തിന്റെ ശില്പഭംഗിയെ;
രാത്രിയിലെന്റെ കവിളുകളിൽ
നിന്റെ നിശ്വാസം വിടർത്തുന്ന ഏകാന്തറോജയെ.
എനിയ്ക്കു ഭയ,മീ വിദൂരതീരത്തു
ചില്ലകൾ ഛേദിച്ച മരമായി നിൽക്കാൻ;
ഒരു പൂ,വൊരു പഴ,മൊരു ചെളിക്കട്ട വേണം
എന്റെ നോവിന്റെ പുഴുവിനു നുഴഞ്ഞുകേറാൻ.
നീയാണെന്റെ നിഗൂഢനിധിയെങ്കിൽ,
നീയാണെന്റെ കുരിശു,മീറൻനോവുമെങ്കിൽ,
നിനക്കധീനമായ നായയാണു ഞാനെങ്കിൽ,
എനിയ്ക്കു നിഷേധിക്കരുതേ ഞാൻ നേടിയതിനെ,
നിന്റെ പുഴത്തടമലങ്കരിക്കുകയുമരുതേ,
എനിയ്ക്കന്യമായ ശരൽക്കാലത്തിന്റെ പഴുക്കിലകളാൽ.
No comments:
Post a Comment