ചില ആത്മാക്കൾക്കുണ്ട്     
നീലിച്ച നക്ഷത്രങ്ങൾ,      
കാലത്തിന്റെ ഇലകൾക്കിടയി-      
ലമർത്തിവച്ച പുലരികൾ,      
വെടിപ്പായ മൂലകൾ,      
നഷ്ടബോധത്തിന്റെയും സ്വപ്നങ്ങളുടെയും      
പ്രാക്തനമർമ്മരവുമായി.
മറ്റു ചില ആത്മാക്കൾക്കുണ്ട്     
ആസക്തിയുടെ പ്രേതങ്ങൾ.      
പുഴുക്കുത്തേറ്റ കനികൾ.      
നിഴലൊഴുകുമ്പോലെ      
വിദൂരത്തു നിന്നെത്തുന്ന      
കരിഞ്ഞൊരു ശബ്ദത്തിന്റെ മാറ്റൊലികൾ.      
തേങ്ങലൊടുങ്ങിത്തീർന്ന ഓർമ്മകൾ.      
ചുംബനങ്ങളുടെ ഉച്ഛിഷ്ടങ്ങൾ.
എന്റെ ഹൃദയം പണ്ടേ വിളഞ്ഞു;     
ഇന്നതഴുകുന്നു,      
രഹസ്യം കൊണ്ടു കലുഷമായി.      
എന്റെ ചിന്തയുടെ പുഴയിലേക്കു      
ബാല്യത്തിന്റെ കല്ലുകൾ പൊഴിയുന്നു.      
ഓരോ കല്ലും പറയുന്നു:      
“ദൂരെയാണു ദൈവം!”
1920 ഫെബ് 8       
No comments:
Post a Comment