Saturday, October 15, 2011

ലോര്‍ക്ക - ആമുഖം


ഇതാ, ദൈവമേ,
എന്റെ ഹൃദയം.
അങ്ങയുടെ ചെങ്കോലതിലാഴ്ത്തിക്കോളൂ, സർ.
ഒരു മാതളപ്പഴമത്,
ശരൽക്കാലമേറെക്കൊണ്ടത്,
ഉള്ളഴുകിയതും.
അതിനെ അത്രമേൽ കൊത്തിമുറിവേല്പ്പിച്ച
ഭാവഗീതപ്രാപ്പിടിയന്മാരുടെ
എല്ലുകളങ്ങു പറിച്ചെടുക്കൂ,
അങ്ങയ്ക്കൊരു കൊക്കുണ്ടെന്നാണെങ്കിൽ
മടുപ്പിന്റെ തൊലി ചീന്തിയെടുക്കൂ.

അതിനങ്ങയ്ക്കു മനസ്സില്ലെങ്കിൽ
എനിയ്ക്കും വിരോധമൊന്നുമില്ല.
ഈ പഴഞ്ചൻ നീലാകാശവും
നക്ഷത്രങ്ങളുടെ സംഘനൃത്തവുമൊക്കെ
അങ്ങു തന്നെ കൈയിൽ വച്ചോളൂ.
അങ്ങയുടെ അനന്തതയും കൈയിൽത്തന്നെയിരിക്കട്ടെ.
എന്റെ ഒരു ചങ്ങാതിയിൽ നിന്ന്
ഞാനൊരു ഹൃദയം കടം വാങ്ങിക്കൊള്ളാം.
ചിറ്റരുവികളും,
പൈൻമരങ്ങളുമൊക്കെയായി ഒരു ഹൃദയം,
കാലത്തിന്റെ ചുറ്റികയടികൾ കൊള്ളാൻ പോന്ന
ഒരുരുക്കുരാപ്പാടിയുമായി.

സാത്താനെന്നെ വലിയ കാര്യവുമാണെന്നേ;
ഞങ്ങളൊരുമിച്ച് വിഷയാസക്തിയുടെ പരീക്ഷയെഴുതിയതുമാണ്‌.
തെമ്മാടി! അവനെനിയ്ക്കു മാർഗരീത്തയെ കണ്ടുപിടിച്ചുതന്നോളും-
അവൻ വാക്കു തന്നിട്ടുള്ളതുമാണ്‌,
കിഴവന്മാരായ ഒലീവുമരങ്ങളുടെ ചുവട്ടിൽ,
നിറമിരുണ്ട മാർഗരീത്തയെ,
വേനൽരാവിന്റെ മുടി മെടഞ്ഞവളെ
കൊണ്ടെത്തിച്ചോളാമവനെന്ന്,
ആ നിർമ്മലമായ തുടകളിലേയ്ക്കെനിയ്ക്കു തുളച്ചുകേറാൻ.
അതിൽപ്പിന്നെ, ദൈവമേ,
നിന്നെപ്പോലെ സമ്പന്നനാവും ഞാൻ,
നിന്നിലും സമ്പന്നനായെന്നുമാവും.
സാത്താൻ തന്റെ ചങ്ങാതിമാർക്കു നല്കുന്ന
വീഞ്ഞിനെതിരല്ലല്ലോ,
ശൂന്യത.
വിലാപത്തിന്റെ മദിരയത്.
അതിനെന്താ!
നിന്റെ ആനന്ദത്തിന്റെ
കോപ്പയ്ക്കു തുല്യമത്.

പറയൂ, സർ,
എന്റെ ദൈവമേ!
പാതാളത്തിന്റെ കയങ്ങളിലേ-
ക്കിടിച്ചുതാഴ്ത്തുകയോ,
ഞങ്ങളെ നീ?
കണ്ണുപൊട്ടരായ കിളികളാണോ ഞങ്ങൾ,
കൂടു തകർന്നവരും?

വിളക്കു കരിന്തിരി കത്തുന്നു.
എവിടെ, ദിവ്യത്വത്തിന്റെ എണ്ണ?
അലകളടങ്ങുന്നു.
നിന്റെ കളിപ്പാവകളായ
പടയാളികളോ, ഞങ്ങൾ?
പറയൂ, സർ,
എന്റെ ദൈവമേ!
ഞങ്ങളുടെ ശോകം
നിന്റെ കാതുകളിലെത്താറില്ലേ?
ദൈവനിന്ദയുടെ ബാബേൽഗോപുരങ്ങൾ
നിന്നെ മുറിവേൽപ്പിക്കാനുയർന്നുവന്നിട്ടില്ലേ?
അതോ, ആ കലപില കേട്ടു
രസിച്ചിരിക്കുകയാണോ നീ?
നീ ബധിരനാണോ? അന്ധനാണോ?
അതോ കോങ്കണ്ണനോ,
അതിനാൽ മനുഷ്യാത്മാവിനെ രണ്ടായി കാണുന്നവൻ?

ഹേ, ഉറക്കംതൂങ്ങുന്ന ദൈവമേ!
എന്റെ ഹൃദയത്തിലേക്കൊന്നു നോക്കൂ,
മാതളം പോലെ തണുത്തതിനെ:
ശരൽക്കാലമേറെക്കൊണ്ടതിനെ,
ഉള്ളഴുകിയതിനെ.

നിന്റെ വെളിച്ചം വന്നാൽ
കണ്ണുകൾ തുറക്കൂ;
ഇനി നിന്റെ ഉറക്കം തീരില്ലെന്നാണെങ്കിൽ,
വരൂ, സാത്താനേ, നാടോടീ,
ചോരക്കറ പറ്റിയ തീർത്ഥാടകാ,
ഒലീവുമരങ്ങൾക്കിടയിൽ കിടത്തൂ,
ഇരുണ്ട മാർഗരീത്തയെ,
വേനൽരാവിന്റെ മുടി മെടഞ്ഞവളെ;
എനിയ്ക്കറിയാം,
വ്യാകുലമായ ആ കണ്ണുകളിൽ
എന്റെ ഐറിസ്ചുംബനങ്ങൾ കൊണ്ടു
തീ പടർത്താൻ.

ഇതാ വച്ചോളു, സർ,
എന്റെ പഴയ ഹൃദയം.
എന്റെ ഒരു ചങ്ങാതിയിൽ നിന്നു
പുതിയതൊന്നു ഞാൻ കടം വാങ്ങാൻ പോകുന്നു.
ചിറ്റരുവികളും
പൈൻമരങ്ങളുമൊക്കെയായി
ഒരു ഹൃദയം.
അണലിപ്പാമ്പുകളും
ഐറിസ്പൂക്കളുമില്ലാത്ത
ഒരു ഹൃദയം.
ബലിഷ്ഠമായത്,
ഒറ്റക്കുതിയ്ക്കു പുഴ ചാടിക്കടക്കുന്ന
ഒരു കർഷകയുവാവിനെപ്പോലെ
സുഭഗമായത്.


1920 ജൂലൈ 24



മാർഗരീത്ത -  ഗെയ്ഥെയുടെ ഫൗസ്റ്റിലെ നായിക. ലോർക്ക ആവർത്തിച്ചുവായിച്ചിരുന്ന പുസ്തകമാണ്‌ ഫൗസ്റ്റ്.

ആദ്യകാലത്തെഴുതിയ ഒരു ലേഖനത്തിൽ ലോർക്ക ഇങ്ങനെ പരിഭവിയ്ക്കുന്നു: ‘കളിപ്പാട്ടങ്ങളായി ഉപയോഗപ്പെടുത്താനാണ്‌ ദൈവം നമ്മെ സൃഷ്ടിച്ചതെന്നു വന്നുകൂടേ?...കൂട്ടിലടച്ചിട്ടിരിക്കുന്ന നമുക്ക് മനസ്സലിവില്ലാത്ത ആ ദൈവത്തിന്റെ വിരലുകൾക്കനുസരിച്ചിളകാനാണു വിധി എന്നു തോന്നുന്നു. അത്യാപത്തു വരുമ്പോൾ ആളുകൾ ആശ്ചര്യപ്പെടാറുണ്ട്: “എത്ര മഹത്താണ്‌ ദൈവത്തിന്റെ ശക്തി!” അതെ, വളരെ മഹത്തായതു തന്നെയാണത്; അതുപക്ഷേ തിന്മയുടെ ശക്തിയാണ്‌; എന്നു പറഞ്ഞാൽ യാതനയുടെ.’


 

No comments: