തൃഷ്ണകളെരിയുന്നൊരു ധൂപപാത്രം പോലെ,
ദീപ്തസായാഹ്നത്തിലേക്കു നീ കടന്നുപോകുന്നു,
വാടിയ ജടാമാഞ്ചി പോലിരുണ്ട ഉടലുമായി,
അനിമേഷനയനങ്ങളിൽ പ്രബലരതിയുമയി.
മരിച്ച ചാരിത്രത്തിന്റെ വിഷാദം നിന്റെ ചുണ്ടുകളിൽ,
നിന്റെ ഗർഭപാത്രത്തിന്റെ ഡയണീഷ്യൻ ചഷകത്തിൽ
വന്ധ്യതയുടെ മൂടുപടം നെയ്യുകയാണെട്ടുകാലി,
ചുംബനത്തിന്റെ ഫലോദ്ഗമങ്ങളായി
ജീവനുള്ള പനിനീർപ്പൂക്കളൊരുനാളും വിരിയാത്ത
നിന്റെ ഉദരത്തിനായി.
മരിച്ച വ്യാമോഹങ്ങളുടെ നൂൽക്കഴി നിന്റെ വെളുത്ത കൈകളിൽ,
ആഗ്നേയചുംബനങ്ങൾക്കു ദാഹിക്കുന്ന വികാരം നിന്റെ ആത്മാവിൽ,
തൊട്ടിലുകളുടെ വിദൂരദർശനം സ്വപ്നം കാണുന്ന മാതൃസ്നേഹമോ,
ഒരു താരാട്ടിന്റെ നീലയിഴകളിടുകയുമാണു നിന്റെ ചുണ്ടുകളിൽ.
നിദ്രാണപ്രണയം നിന്റെ ഉടലിനെത്തൊട്ടുവെങ്കിൽ
പൊൻകതിരുകളിടുമായിരുന്നു നീ, സീരിസ്സിനെപ്പോലെ;
നിന്റെ മാറിൽ നിന്നു മറ്റൊരു ക്ഷീരപഥം സ്രവിപ്പിക്കുമായിരുന്നു നീ,
കന്യാമറിയത്തെപ്പോലെ.
മഗ്നോളിയാപ്പൂവു പോലെ നീ വാടും.
ഒരാളും ചുംബിക്കില്ല കനലടങ്ങാത്ത നിന്റെ തുടകളിൽ,
ഒരു വിരലുമോടില്ല നിന്റെ മുടിയിഴകളിൽ,
കിന്നരത്തിന്റെ കമ്പികളിലെന്നപോലെ.
കരിവീട്ടി പോലെ, ജടാമാഞ്ചി പോലെ പ്രബലയായ പെണ്ണേ,
മുല്ലപ്പൂ പോലെ നിശ്വാസം വെളുത്തവളേ!
ചിത്രത്തുന്നൽ ചെയ്ത സാൽവ പുതച്ച വീനസ്സു നീ,
നിനക്കറിയും ഗിത്താറും, മാലഗാവീഞ്ഞിന്റെ മാധുര്യവും.
ശ്യാമഹംസമേ! നിന്റെ തടാകത്തിലുണ്ട്
ഫ്ലാമെങ്കോഗാനങ്ങളുടെ താമരകൾ,
മധുരനാരങ്ങകളുടെ തിരമാലകൾ,
കൊഴിഞ്ഞ കിളിക്കൂടുകളെ വാസനപ്പെടുത്തുന്ന
ചുവന്ന ലവംഗപുഷ്പങ്ങളും.
ആരും പുഷ്കലയാക്കുന്നില്ല നിന്നെ.
ആന്ദലൂഷ്യൻ രക്തസാക്ഷീ,
പാതിരാവിന്റെ നിശ്ശബ്ദത നിറഞ്ഞവളേ,
തളം കെട്ടിയ ജലത്തിന്റെ കലുഷതാളം ചേർന്നവളേ,
മദിരയുടെ ചഷകങ്ങൾക്കു ചുവട്ടിലാകേണ്ടിയിരുന്നു
നിന്റെ ചുംബനങ്ങൾ.
നിന്റെ കണ്ണുകൾക്കു ചുറ്റും വലയങ്ങളാവുകയാണല്ലോ, പക്ഷേ,
നിന്റെ കരിമുടിയിഴകളിൽ വെള്ളി വീഴുകയുമാണല്ലോ;
പരിമളം തൂവി നിന്റെ മാറിടം ചരിഞ്ഞുവീഴുന്നു,
ഉജ്ജ്വലമായ നട്ടെല്ലു വളയുകയും ചെയ്യുന്നു.
കൊലുന്ന പെണ്ണേ, എരിയുന്ന മാതൃത്വമേ!
ഞങ്ങൾക്കു നീ വിഷാദിയായ കന്യാമറിയം,
ആകാശത്തിന്റെ കയങ്ങളിലെ നക്ഷത്രങ്ങളിൽ കണ്ണു തറഞ്ഞവൾ.
ആന്ദലൂഷ്യയുടെ ദർപ്പണം നീ:
നോട്ടങ്ങളുടെ ചുവന്ന പാടുകൾ കൊണ്ടു പോറിയ തൊണ്ടകൾക്കു മേൽ,
ചോരയും മഞ്ഞും വിറക്കൊള്ളുന്ന തൊണ്ടകൾക്കു മേൽ ചൊരുകിയ തട്ടങ്ങളാൽ,
വിശറികളാലുലഞ്ഞാടുന്ന ബൃഹദ്വികാരങ്ങൾ
നിശബ്ദം സഹിയ്ക്കുന്ന ആന്ദലൂഷ്യ.
ശരത്കാലത്തിന്റെ മൂടല്മഞ്ഞിനുള്ളിലേക്കു നീ കടന്നുപോകുന്നു,
കന്യകയായി, ആഗ്നസിനെപ്പോലെ, ക്ളാരയെപ്പോലെ, സെസീലിയയെപ്പോലെ;
മുന്തിരിവള്ളികളും, പച്ചിലകളും മുടിയിൽ ചാർത്തി
ചുവടു വയ്ക്കേണ്ടിയിരുന്ന ബാക്കസ്സിന്റെ പൂജാരിണികൾ.
നിന്റെ കണ്ണുകളിലൊഴുകിനടക്കുന്ന വിപുലവിഷാദം ഞങ്ങളോടു പറയുന്നു,
നിന്റെ ഭഗ്നജീവിതത്തിലെ പരാജയങ്ങളെപ്പറ്റി,
വിദൂരതയിൽ മണികളുടെ കലുഷകലാപം മുഴങ്ങുമ്പോൾ,
തെരുവുകളുടെ വൃദ്ധശോകത്തിനു മേൽ പൊഴിയുന്ന മഴയ്ക്കു കാതു കൊടുത്തും,
ജനാലയ്ക്കു പുറത്തു കടന്നുപോകുന്ന മനുഷ്യരെക്കണ്ടും
നിത്യദാരിദ്ര്യത്തിൽ ജീവിക്കുന്നതിന്റെ വൈരസ്യത്തെപ്പറ്റി.
അലയിടുന്ന കാറ്റിനു നീ കാതോർത്തതു പക്ഷേ, വെറുതേ;
നിന്റെ കാതിൽപ്പെട്ടതേയില്ല പ്രണയഗാനത്തിന്റെ ശീലുകൾ.
ജനാലപ്പടുതയ്ക്കു പിന്നിലിന്നും നീ നോക്കിയിരിക്കുന്നു, ആശ തീരാതെ.
എത്രയഗാധം നിന്റെ ആത്മാവിലെ ശോകം,
പ്രണയമാദ്യം പരിചയിക്കുന്നൊരു പെൺകുട്ടിയുടെ വികാരം
തളർന്നുപോയ നിന്റെ നെഞ്ചിൽ നിനക്കറിയുമ്പോൾ.
നിന്റെയുടൽ കുഴിമാടത്തിലേക്കു പോകും,
വികാരത്തിനൊരുടവും തട്ടാതെ.
ഇരുണ്ട മണ്ണിനു മേൽ
ഒരു പ്രഭാതഗാനവും പൊട്ടിവിടരും.
നിന്റെ കണ്ണുകളിൽ നിന്നു വളരും
ചോരച്ച രണ്ടു ലവംഗപുഷ്പങ്ങൾ,
നിന്റെ മാറിടങ്ങളിൽ നിന്നു
തൂവെള്ളയായ രണ്ടു പനിനീർപ്പൂക്കളും.
നിന്റെ ശോകം പക്ഷേ നക്ഷത്രങ്ങളിലേക്കു പറക്കും,
അവയെ മുറിപ്പെടുത്താൻ, അവയെ മറയ്ക്കാൻ യോഗ്യമായ
മറ്റൊരു നക്ഷത്രം പോലെ.
1918 ഡിസംബർ
തിരിച്ചുകിട്ടാത്ത പ്രണയത്തെയും വിഫലമായ മാതൃത്വത്തെയും കുറിച്ചെഴുതിയ വിലാപഗാനം
സീരിസ്സ്- ഉർവരതയുടെ റോമൻദേവത
ആഗ്നസ് (291-304) - പതിമൂന്നാമത്തെ വയസ്സിൽ രക്തസാക്ഷിയായ കൃസ്ത്യൻവിശുദ്ധ.
ക്ളാര (1194-1253) - ഫ്രാൻസിസ് അസ്സീസ്സിയുടെ ശിഷ്യ.
സെസിലിയ (മൂന്നാം നൂറ്റാണ്ട്) - സംഗീതത്തിന്റെ കാവൽമാലാഖയായ വിശുദ്ധ.
ബാക്കസ് (ഡയണീഷ്യസ്) - മുന്തിരിത്തോപ്പുകളുടെയും വീഞ്ഞിന്റെയും ഉന്മത്തമായ അനുഷ്ഠാനങ്ങളുടെയും ദേവൻ.
2 comments:
This blog is wonderful and so enjoyable.
Work From Home India
This blog is very nice and more enjoyable.
Work From Home India
Post a Comment