ഓർമ്മയ്ക്ക്
പ്രിയപ്പെട്ട പോപ്ളാർ,
പ്രിയപ്പെട്ട പോപ്ളാർ,
മഞ്ഞിച്ചുപോയല്ലോ നീ.
ഇന്നലെ പച്ചയായിരുന്നു നീ,
തിളങ്ങുന്ന കിളികളെക്കൊ-
ണ്ടുന്മത്തമായൊരു പച്ച.
ഇന്നു നീ വിഷണ്ണൻ,
ശരല്ക്കാലമാനത്തിനു ചുവട്ടിൽ;
ഞാനുമതുപോലെ,
എന്റെ ചുവന്ന ഹൃദയാകാശത്തിനു
ചുവട്ടിൽ.
എന്റെ ആർദ്രഹൃദയമുൾക്കൊള്ളട്ടെ,
നിന്റെ തായ്ത്തടിയുടെ പരിമളം.
പാടത്തെ പരുക്കൻ മുത്തശ്ശാ!
ഞാനുമങ്ങും,
മഞ്ഞിച്ചുപോയല്ലോ
നമ്മൾ രണ്ടും.
1920ആഗസ്റ്റ്
സമുദ്രം
നീലിമയുടെ ലൂസിഫർ
സമുദ്രം.
വെളിച്ചമാകാൻ കൊതിച്ചതിനാൽ
പതിച്ച മാനം.
പാവം സമുദ്രമേ,
ഒരുകാലത്താകാശത്തു
നിശ്ചലം നിന്ന നിനക്കിന്നു വിധി
നിത്യചലനം!
പ്രണയം പക്ഷേ
കദനത്തിൽ നിന്നു നിന്നെ വീണ്ടെടുത്തുവല്ലോ.
നിർമ്മലയായ വീനസിനു ജന്മം കൊടുത്തതു നീ;
നിന്റെ കയങ്ങൾ കളങ്കപ്പെട്ടില്ല,
നോവറിഞ്ഞുമില്ല നീ.
നിന്റെ വിഷാദം മനോഹരം,
ഉജ്ജ്വലമായ മൂർച്ഛകളുടെ സമുദ്രമേ.
ഇന്നു പക്ഷേ നക്ഷത്രങ്ങളല്ല,
നിന്നിലൊഴുകുന്നതു ഹരിതനീരാളികൾ.
ക്ഷമ കെടാതെ സഹിക്കൂ,
പ്രബലനായ സാത്താനേ,
യേശു നിന്റെ മേൽ നടന്നുവല്ലോ,
അതുപോലെ പക്ഷേ,
ദേവനായ പാനും.
ലോകത്തിന്റെ ലയം,
വീനസ് നക്ഷത്രം,
(മിണ്ടിപ്പോകരുത്, സഭാപ്രസംഗികൾ!)
ആത്മാവിന്റെ കയം...
...നിന്ദ്യനായ മനുഷ്യൻ
പതിതനായ മാലാഖയും.
നഷ്ടമായ പറുദീസയാവണം
ഭൂമി.
1919 ഏപ്രിൽ
നിശാഗീതം
എനിക്കു ഭയമാണു
കരിയിലകളെ,
മഞ്ഞു നനഞ്ഞ
പാടങ്ങളെ.
ഇനി ഞാനുറങ്ങാം,
എന്നെ നീയുണർത്തിയില്ലയെങ്കിൽ
എന്റെ തണുത്ത ഹൃദയം
നിന്റെയരികിൽ വച്ചു
ഞാൻ പോകാം.
‘എന്താണൊരു മർമ്മരം,
അകലെയവിടെ?’
‘പ്രണയം.
തെന്നൽ ജനാലയിൽ,
എന്റെ പ്രിയേ!’
ഹാരങ്ങൾ,
പുലരിയുടെയലങ്കാരങ്ങൾ
നിനക്കു ഞാൻ ചാർത്തി.
എന്തേ, വഴിയിലെന്നെ നീ
വിട്ടുപോന്നു?
എന്റെ കിളി തേങ്ങും,
നീയകന്നുപോയാൽ,
മുന്തിരിത്തോപ്പിൽ
വീഞ്ഞു വിളയുകയുമില്ല.
‘എന്താണൊരു മർമ്മരം,
അകലെയവിടെ?’
‘പ്രണയം.
തെന്നൽ ജനാലയിൽ,
എന്റെ പ്രിയേ!’
മഞ്ഞുറഞ്ഞ സ്ഫിങ്ക്സ്,
നിനക്കറിയില്ല,
പുലർച്ചെ കൊടുംമഴയിൽ
ഉണക്കമരക്കൊമ്പിൽ നിന്നു
കിളിക്കൂടടർന്നുപോരുമ്പോൾ
എത്ര സ്നേഹിച്ചിരുന്നു
നിന്നെ ഞാനെന്ന്.
‘എന്താണൊരു മർമ്മരം,
അകലെയവിടെ?’
‘പ്രണയം.
തെന്നൽ ജനാലയിൽ,
എന്റെ പ്രിയേ!’
1919
No comments:
Post a Comment