Friday, October 14, 2011

ലോര്‍ക്ക - നക്ഷത്രങ്ങളുടെ മുഹൂർത്തം


കറുത്ത മാടപ്രാവുകൾ


വാകമരത്തിന്റെ ചില്ലകൾക്കിടയിലൂടെ
രണ്ടിരുണ്ട മാടപ്രാവുകളെ ഞാൻ കണ്ടു.
ഒന്നു സൂര്യനായിരുന്നു,
മറ്റേതു ചന്ദ്രനും.
എന്റെ കുഞ്ഞയല്ക്കാരേ, ഞാൻ വിളിച്ചു,
എവിടെ, എന്റെ കുഴിമാടം?
എന്റെ വാലിൽ, സൂര്യൻ പറഞ്ഞു.
എന്റെ കുരലിൽ, ചന്ദ്രൻ പറഞ്ഞു.
അരയിൽ ഭൂമി ചുറ്റി നടന്ന ഞാനോ,
ഞാൻ കണ്ടു, മഞ്ഞു പോലെ വെളുത്ത രണ്ടു ഗരുഡന്മാരെ,
നഗ്നയായൊരു ബാലികയെ.
ഒന്നു മറ്റേതായിരുന്നു,
അവൾ രണ്ടുമായിരുന്നില്ല.
കുഞ്ഞുഗരുഡന്മാരേ, ഞാൻ വിളിച്ചു,
എവിടെ, എന്റെ കുഴിമാടം?
എന്റെ വാലിൽ, സൂര്യൻ പറഞ്ഞു,
എന്റെ കുരലിൽ, ചന്ദ്രൻ പറഞ്ഞു.
വാകമരത്തിന്റെ ചില്ലകൾക്കിടയിലൂടെ
രണ്ടു മാടപ്രാവുകളെ ഞാൻ കണ്ടു, നഗ്നമായവയെ.
ഒന്നു മറ്റേതായിരുന്നു,
രണ്ടും ഒന്നുമായിരുന്നില്ല.



നക്ഷത്രങ്ങളുടെ മുഹൂർത്തം

രാത്രിയുടെ വർത്തുളമൗനം,
അനന്തതയുടെ രാഗാലാപത്തിൽ
ഒരു സ്വരം.

കൈമോശം വന്ന കവിതകൾ വിങ്ങി
തെരുവിലൂടെ ഞാൻ നടന്നു, നഗ്നനായി.
ചീവീടുകളുടെ പാട്ടുകൾ തുളച്ചുകേറുന്ന ശ്യാമം:
ശബ്ദം,
ആ തവിഞ്ഞ പൊട്ടിച്ചൂട്ട്,
ആത്മാവിനു കണ്ണിൽപ്പെടുന്ന
സംഗീതം.

എന്റെ ചുമരുകൾക്കുള്ളിൽ
ഒരായിരം പൂമ്പാറ്റകളുടെ അസ്ഥികൂടങ്ങളുറങ്ങുന്നു.

പുഴയ്ക്കു മേൽ
തരുണവാതങ്ങളുടെ തിക്കിത്തിരക്കും.

1920



No comments: