രാത്രിയുടെ പുസ്തകത്തിൽ നിന്നൊരേട്       
ഒരു മേയ്മാസരാത്രിയിൽ     
തണുത്ത നിലാവത്ത്      
കടലോരത്തു ഞാനിറങ്ങിനടന്നു      
പുല്ലും പൂവുമവിടെ വിളർത്തിട്ടായിരുന്നു      
എന്നാലവയെ പച്ചപ്പു വാസനിച്ചുമിരുന്നു.
വർണ്ണാന്ധ്യം ബാധിച്ച രാത്രിയിൽ     
കുന്നുമ്പുറത്തൂടെ ഞാനൊഴുകി      
ചന്ദ്രനെ നോക്കി ചേഷ്ടകൾ കാട്ടുകയായിരുന്നു      
വെളുത്ത കല്ലുകൾ.
ചില നിമിഷങ്ങളുടെ നീളത്തിൽ     
അമ്പത്തെട്ടു കൊല്ലത്തിന്റെ വീതിയിൽ      
ഒരു കാലഘട്ടം.
എനിക്കു പിന്നിൽ     
കാരീയം പോലെ മിന്നുന്ന കടലിനുമപ്പുറം      
മറുകരയായിരുന്നു      
ഭരിക്കുന്നവരും.
മുഖത്തിന്റെ സ്ഥാനത്ത്     
ഭാവി വച്ചുകെട്ടിയ മനുഷ്യർ.
ദമ്പതിമാർ
അവർ ലൈറ്റണയ്ക്കുന്നു,      
അതിന്റെ വെളുത്ത ഗോളം ഒരു നിമിഷം മിന്നിനില്ക്കുന്നു      
പിന്നെ ഇരുട്ടിന്റെ ഗ്ളാസ്സിൽ ഒരു ഗുളിക പോലെ അലിഞ്ഞുചേരുന്നു.      
ഇരുണ്ട മാനത്ത് ഹോട്ടൽച്ചുമരുകളുയർന്നുനില്ക്കുന്നു.
പ്രണയത്തിന്റെ ചേഷ്ടകൾക്കു ശമനമായിരിക്കുന്നു,     
എന്നാലവരുടെ നിഗൂഢചിന്തകളന്യോന്യം കണ്ടുമുട്ടുന്നു      
ഒരു സ്കൂൾകുട്ടി വരച്ച ചായമുണങ്ങാത്ത ചിത്രത്തിൽ      
രണ്ടു നിറങ്ങൾ ഒരുമിച്ചൊഴുകിപ്പടരുമ്പോലെ.
ഇരുട്ടും നിശ്ശബ്ദതയുമാണിപ്പോൾ.     
ഇന്നു രാത്രിയിൽപ്പക്ഷേ നഗരം തൂന്നുകൂടുന്നു.      
തവിഞ്ഞ ജനാലകൾ. വീടുകൾ വന്നടുക്കുന്നു.      
പറ്റിക്കൂടി അവ നില്ക്കുന്നു, ഭാവശൂന്യമായ മുഖങ്ങളുമായി ഒരുപറ്റമാളുകൾ.      
No comments:
Post a Comment